റൺവേ തൊടാൻ നിമിഷങ്ങൾ മാത്രം, അലാറങ്ങൾ മുഴങ്ങി, കാമറ വിറച്ചു; ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ യാത്രക്കാരെ മുൾമുനയിൽ നിർത്തിയ ആ നിമിഷങ്ങൾ
text_fieldsലോസ് ഏഞ്ചൽസ്: തെക്കൻ കാലിഫോർണിയ തീരത്ത് ശനിയാഴ്ച രാവിലെ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു. പ്രദേശത്ത് പ്രകമ്പനം അനുഭവപ്പെട്ട സാഹചര്യത്തിൽ വിമാനം ആകാശത്ത് തുടരാൻ എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശിക്കുകയായിരുന്നു. നിലവിൽ വലിയ നാശനഷ്ടങ്ങളോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
റൺവേയിലേക്ക് അടുക്കുകയായിരുന്ന വിമാനവും കൺട്രോൾ ടവറും തമ്മിലുള്ള സംഭാഷണം എൽഎ എക്സ് ലൈവ് സ്ട്രീമിൽ പതിഞ്ഞിരുന്നു. ഭൂചലനം ഉണ്ടായതോടെ ക്യാമറ കുലുങ്ങുകയും പശ്ചാത്തലത്തിൽ കാറുകളുടെ അലാറങ്ങൾ മുഴങ്ങുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ലാൻഡിങ് ഉപേക്ഷിക്കാൻ എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശം നൽകിയത്. റൺവേയിൽ നിന്നും വിമാനം ഉയർന്ന് മറ്റൊരു അപ്രോച്ചിനായി മടങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ‘ഡെൽറ്റ 1972, ഗോ എറൗണ്ട്. നമുക്കിവിടെ വലിയൊരു ഭൂചലനമുണ്ടായിരിക്കുന്നു’ എന്നാണ് എയർ ട്രാഫിക് കൺട്രോളർ പൈലറ്റുമാരോട് പറഞ്ഞത്. ഡെൽറ്റ ഫ്ലൈറ്റ് 1972 ആയിരുന്നു വിമാനമെന്ന് തിരിച്ചറിഞ്ഞു. വിമാനം ഒരു മണിക്കൂറും 13 മിനിറ്റും വൈകിയാണ് സർവീസ് നടത്തിയതെന്ന് ഫ്ലൈറ്റ് എവെയറിന്റെ ട്രാക്കിങ് ഡാറ്റ വ്യക്തമാക്കുന്നു.
പസഫിക് സമയം രാവിലെ 9.30 ഓടെയാണ് ഭൂചലനം ഉണ്ടായത്. സാന്താ മോണിക്ക ഉൾക്കടലിനടിയിൽ, മാൻഹട്ടൻ ബീച്ചിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്) അറിയിച്ചു. ഏകദേശം 12 മുതൽ 13 കിലോമീറ്റർ വരെയാണ് ഭൂചലനത്തിന്റെ ആഴം.
വിമാനത്താവളം ഉൾപ്പെടെ ലോസ് ഏഞ്ചൽസ് മേഖലയിലുടനീളം പ്രകമ്പനം അനുഭവപ്പെട്ടു. ഒരു ടെർമിനലിനുള്ളിൽ സീലിങ് ടൈലുകൾ അടർന്നുവീണതായി റിപ്പോർട്ടുകളുണ്ട്. സീലിങ് വിളക്കുകളും മറ്റും കുലുങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സാധ്യമായ ആഘാതങ്ങൾ വിലയിരുത്തുന്നതിനായി ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്മെന്റ് (എൽ.എ.എഫ്.ഡി) 106 ഫയർ സ്റ്റേഷനുകളിലെയും ജീവനക്കാരെ വിന്യസിച്ച് ഭൂചലന പ്രതികരണ സംവിധാനം സജ്ജമാക്കി.
നഗരത്തിലെ സാഹചര്യങ്ങൾ വിലയിരുത്തിവരികയാണെന്ന് ലോസ് ഏഞ്ചൽസ് മേയർ കാരെൻ ബാസ് എക്സിൽ കുറിച്ചു. ‘മാൻഹട്ടൻ ബീച്ചിന് സമീപം കേന്ദ്രീകരിച്ചുള്ള പ്രാഥമിക 5.0 തീവ്രതയുള്ള ഭൂചലനം ഇന്ന് രാവിലെ 9.30ന് തൊട്ടുപിന്നാലെ ലോസ് ഏഞ്ചൽസിലുടനീളം അനുഭവപ്പെട്ടു. ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, നഗരത്തിലെ സാധ്യതകൾ വിലയിരുത്താൻ എൽ.എ.എഫ്.ഡി ഭൂചലന സജ്ജീകരണത്തിലാണ്. സിറ്റി ടീമുകൾ തുടർന്നും നിരീക്ഷിക്കുകയും ആവശ്യാനുസരണം അപ്ഡേറ്റ് ചെയ്യുകയും ചെയ്യും’എന്നായിരുന്നു അവരുടെ പ്രതികരണം.
പ്രാദേശിക ഉദ്യോഗസ്ഥരുമായി ചേർന്ന് ഭൂചലനത്തിന്റെ ആഘാതം വിലയിരുത്തിവരികയാണെന്ന് കാലിഫോർണിയ ഗവർണറുടെ ഓഫീസ് ഓഫ് എമർജൻസി സർവീസസ് അറിയിച്ചു. ഭൂചലനങ്ങൾ പ്രവചനാതീതമായതിനാൽ തുടർചലനങ്ങൾക്കായി തയ്യാറായിരിക്കണമെന്നും ഏജൻസി എക്സിൽ മുന്നറിയിപ്പ് നൽകി. അതേസമയം, സൂനാമി ഭീഷണിയില്ലെന്ന് യു.എസ് നാഷണൽ സൂനാമി വാണിങ് സെന്റർ വ്യക്തമാക്കി.
ഇതിനിടെ, എൽ.എ.എക്സിന് സമീപമുള്ള ഷെവ്റോണിന്റെ എൽ സെഗുണ്ടോ റിഫൈനറിയിൽ നിന്ന് തീജ്വാലകൾ ഉയരുന്നത് ആശങ്കക്ക് ഇടയാക്കി. എന്നാൽ, പ്രവർത്തന തടസ്സങ്ങൾക്കിടെ അധിക വാതകം കത്തിച്ചുകളയുന്നതിനുള്ള നിയന്ത്രിത പ്രക്രിയയായ ‘സേഫ്റ്റി ഫ്ലെയറിങ്’ ആണ് റിഫൈനറിയിൽ നടന്നതെന്നും ഇത് ഭൂചലന നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും എൽ സെഗുണ്ടോ സിറ്റി വ്യക്തമാക്കി.

