ചോരക്കലി അടങ്ങാതെ ഇസ്രായേൽ; ഗസ്സയിലെ ആക്രമണങ്ങളിൽ അഞ്ചുമരണം
text_fieldsഗസ്സ സിറ്റി: തുടർ വെടിനിർത്തൽ ചർച്ചകൾക്ക് അമേരിക്ക വേദിയാകുന്നതിനിടെയും ഗസ്സയിൽ കുരുതി തുടർന്ന് ഇസ്രായേൽ. വടക്കൻ ഗസ്സയിൽ ഇസ്രായേൽ സേന നടത്തിയ വെടിവെപ്പിൽ ഒരു കുട്ടിയടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയുടെ കിഴക്കൻ മേഖലയിലെ തുഫ്ഫയിലാണ് സംഭവമെന്ന് ശിഫ ആശുപത്രി മാനേജിങ് ഡയറക്ടർ റാമി മഹന്ന പറഞ്ഞു. ഗസ്സയിലുടനീളം ഇസ്രായേൽ സേന സ്ഥാപിച്ച പുതിയ അതിർത്തികളോട് ചേർന്ന് താമസിക്കുന്നവർ വ്യാപകമായി ആക്രമിക്കപ്പെടുന്നത് തുടരുകയാണ്. ഇസ്രായേൽ അധിനിവേശത്തിൽ 70,000ത്തിലേറെ പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
അതിനിടെ, അതിശൈത്യം പിടിമുറുക്കിയ ഗസ്സയിൽ കുഞ്ഞുങ്ങൾ തണുത്തുവിറച്ച് മരിച്ചുവീഴുകയാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന മുന്നറിയിപ്പ് നൽകി. അവശ്യ വസ്തുക്കൾ കടത്തിവിടാതെ അതിർത്തികൾ അടച്ചിടുന്നതാണ് ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസം ഖാൻ യൂനിസിൽ 29 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അതിശൈത്യംമൂലം മരണത്തിന് കീഴടങ്ങിയിരുന്നു. ഇതോടെ, കടുത്ത കാലാവസ്ഥ മൂലം മരണപ്പെട്ടവരുടെ സംഖ്യ 13 ആയി. രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് ദിവസങ്ങൾക്കുമുമ്പ് മരിച്ചിരുന്നു.
രണ്ടാം ഘട്ട വെടിനിർത്തൽ നടപ്പാക്കുന്നത് ചർച്ച ചെയ്യാൻ പശ്ചിമേഷ്യയിലെ അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് യു.എസ് നഗരമായ േഫ്ലാറിഡയിൽ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. ഖത്തർ, തുർക്കിയ, ഈജിപ്ത് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരാകും ചർച്ചകളുടെ ഭാഗമാവുക. ഗസ്സയിൽനിന്ന് ഇസ്രായേൽ സേനയെ സമ്പൂർണമായി പിൻവലിച്ച് പകരം അന്താരാഷ്ട്ര സേനയെ വിന്യസിക്കൽ, ഹമാസിന്റെ നിരായുധീകരണം അടക്കം സുപ്രധാന ഉപാധികളടങ്ങിയതാണ് രണ്ടാംഘട്ട വെടിനിർത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

