മുൽട്ടാൻ: പാകിസ്താനിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഗൃഹനാഥനാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രാംചന്ദ്(35), ഭാര്യ ലക്ഷ്മി മാ, മക്കളായ പ്രേം കുമാർ (12), അഞ്ജലി (10), അനീക്ക (നാല്) എന്നിവരാണ് മരിച്ചത്.
സഹോദരിയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം രാംചന്ദ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ലക്ഷ്മി മായുടെ സഹോദരൻ തെരത്ത് റാം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ രാം ചന്ദിനെ ഷെയ്ഖ് സായിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയാണ് സംഭവം. റഹിം യാർ ഖാൻ എയർപോർട്ട് പൊലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
റഹീം യാർ ഖാൻ നഗത്തിൽനിന്ന് 15 കിേലാ മീറ്റർ അകലെ അബൂദബി കോളനിയിലാണ് കുടുംബം താമസിക്കുന്നത്. കൊലക്കുപയോഗിച്ച കത്തിയും കോടാലിയും ഉൾപ്പെടെയുള്ള ആയുധങ്ങൾ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു.
തയ്യൽ കട നടത്തുന്ന രാംചന്ദ് അവിഹിത ബന്ധത്തെ ചൊല്ലിയുള്ള കലഹത്തെ തുടർന്നാണ് െകാലനടത്തിയതെന്ന് കരുതുന്നതായി പൊലീസിനെ ഉദ്ധരിച്ച് 'ദ ന്യൂസ് ഇന്‍റർനാഷനൽ' റിപ്പോർട്ട് ചെയ്തു. സാമ്പത്തിക പ്രശ്നത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ തർക്കമുണ്ടായിരുന്നതായി ലക്ഷ്മി മായുടെ ബന്ധുക്കൾ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കാൻ ദക്ഷിണ പഞ്ചാബ് പോലീസ് അഡീഷണൽ ഇൻസ്പെക്ടർ ജനറൽ ക്യാപ്റ്റൻ സഫർ ഇക്ബാൽ ഉത്തരവിട്ടു. കേസ് സംബന്ധിച്ച് റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട പഞ്ചാബ് മുഖ്യമന്ത്രി സർദാർ ഉസ്മാൻ ബുസ്ദാർ മരണത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അധികൃതർക്ക് നിർദേശം നൽകി.