ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യയിൽ; ചരിത്രപരമായ അവസരമാണ് സന്ദർശനത്തിലൂടെ കൈവന്നതെന്ന് മോദി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൊയേഷ്യയിലെത്തി. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യ സന്ദർശിക്കുന്നത്. തലസ്ഥാനമായ സാഗ്രിബിലാണ് അദ്ദേഹം വിമാനമിറങ്ങിയത്.
ക്രൊയേഷ്യമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് സന്ദർശനത്തിലൂടെ കൈവന്നതെന്ന് മോദി എക്സിൽ കുറിച്ചു. രാഷ്ട്രീയ, സാമ്പത്തിക സഹകരണം വളർത്തിയെടുക്കാനും പങ്കാളി രാജ്യവുമായുള്ള മൂല്യ ബന്ധം വർധിപ്പിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് ക്രൊയേഷ്യ സന്ദർശനത്തിലൂടെ ലഭിക്കുന്നത്.
അതിർത്തി കടന്നുള്ള ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ക്രൊയേഷ്യ മികച്ച പങ്കാളിയാണ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം ക്രൊയേഷ്യയുമായുള്ള ശക്തമായ രാഷ്ട്രീയ, സാമ്പത്തിക സഹകരണം വളർത്തിയെടുക്കാൻ സഹായിക്കുമെന്ന് വിശകലന വിദഗ്ധർ കരുതുന്നു.
വ്യാപാരം, നവീകരണം, പ്രതിരോധം, തുറമുഖങ്ങൾ, ഷിപ്പിങ്, ശാസ്ത്ര സാങ്കേതിക വിദ്യ, സാംസ്കാരിക കൈമാറ്റം, തൊഴിൽ ശക്തി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനുള്ള നിർണായക അവസരമാണ് സന്ദർശനമെന്ന് വിലയിരുത്തപ്പെടുന്നു. പ്രസിഡന്റ് സോറൻ മിലനോവിച്ചും പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ചും തമ്മിലുള്ള കൂടിക്കാഴ്ചക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, കൃഷി തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ക്രൊയേഷ്യയും അടുത്ത സഹകരണം പുലർത്തുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 300 മില്യൻ യു.എസ് ഡോളറാണ്. ക്രൊയേഷ്യയിലെ ഇന്ത്യൻ നിക്ഷേപം ഏകദേശം 48 മില്യൻ യു.എസ് ഡോളർ വരും. മുൻ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2019ൽ ക്രൊയേഷ്യയിലേക്ക് സന്ദർശനം നടത്തിയിരുന്നു. ക്രൊയേഷ്യയിൽ ഏകദേശം 17000 ഇന്ത്യക്കാർ ഉണ്ടെന്നാണ് 2024 ഡിസംബറിലെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

