അനിൽ പറക്കുന്നു, സ്വപ്നാകാശത്തിലേക്ക്
text_fieldsഅനിലും ഭാര്യ അന്ന മേനോനും മക്കൾക്കൊപ്പം
ആദ്യമായൊരു ‘മലയാളി’ ബഹിരാകാശ യാത്രക്കൊരുങ്ങുകയാണ്. മെഡിക്കൽ ഡോക്ടറും യു.എസ് എയർഫോഴ്സിൽ പൈലറ്റുമായിരുന്ന അനിൽ മേനോനാണ് നാസയുടെ യാത്രികനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിക്കുന്നത്. സോയൂസ് എം.എസ്-29 പേടകത്തിൽ ജൂലൈ 14ന് കസാഖ്സ്താനിലെ ബേക്കനൂരിൽനിന്നാണ് സോയൂസ് കുതിച്ചുയരുക.
യു.എസിലെ മിനപോളിസിൽ ജനിച്ച അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ എന്ന കെ.പി.എസ്. മേനോൻ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്. ’70കളിൽ പിഎച്ച്.ഡി പഠനത്തിനായി യു.എസിലേക്ക് തിരിച്ച ശങ്കരൻ മേനോൻ പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. യുക്രെയ്നിൽനിന്ന് യു.എസിലേക്ക് കുടിയേറിയ എലിസബത്ത് ആണ് അനിലിന്റെ മാതാവ്. മെഡിക്കൽ ഡോക്ടറും ന്യൂറോ സർജനുമായ അനിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. 2014ലാണ് നാസയുടെ ഭാഗമാകുന്നത്. അവിടെ, ബഹിരാകാശ യാത്രികരുടെ ആരോഗ്യ സംബന്ധിയായ വിഷയങ്ങളിൽ ഗവേഷണം നടത്തുകയും അതിനനുസൃതമായ ബഹിരാകാശ ദൗത്യങ്ങൾ ആസൂത്രണം ചെയ്യുകയുമായിരുന്നു അനിൽ. നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പല സൗകര്യങ്ങളും ആസൂത്രണം ചെയ്തിട്ടുള്ളത് അനിലാണ്. 2018ൽ സ്പേസ് എക്സിന്റെ മെഡിക്കൽ ഡയറക്ടറായ അനിൽ, യാത്രികനായി തിരഞ്ഞെടുക്കപ്പെട്ടത് 2021ലാണ്. രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കിയ ഇദ്ദേഹത്തെ 2024ൽ സോയൂസ് യാത്രികരിൽ ഉൾപ്പെടുത്തിയതായി നാസ പ്രഖ്യാപിച്ചു.
240 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച് 2027 മാർച്ചിലായിരിക്കും അനിൽ ഭൂമിയിൽ തിരിച്ചിറങ്ങുക. റഷ്യയുടെ അന്ന കികിന, പ്യോത്ർ ദബ്രോവ് എന്നിവരാണ് അനിലിന്റെ സഹയാത്രികർ. അനിലിന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ യാത്രികയാണ്. സ്പേസ് എക്സിന്റെ പൊളാരിസ് ദൗത്യത്തിൽ അന്ന ആകാശ യാത്ര നടത്തിയിട്ടുണ്ട്. അനിൽ-അന്ന ദമ്പതികൾക്ക് രണ്ട് മക്കളാണ്. 2019ൽ അനിലും ഭാര്യയും കേരളം സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. ശങ്കരൻ നായർ ഇപ്പോൾ യു.എസിൽനിന്ന് മടങ്ങി ഡൽഹിയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

