വിയനയിൽ തീവ്രവാദി ആക്രമണം; മരണം അഞ്ചായി
text_fieldsവിയന: ഒാസ്ട്രിയയുടെ തലസ്ഥാനമായ വിയനയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. 17 പേർക്ക് പരിക്കുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ്. തിങ്കളാഴ്ച വൈകീട്ട് നഗരത്തിലെ ആറിടങ്ങളിലാണ് ആക്രമികൾ വെടിവെപ്പ് നടത്തിയത്.
ഒരാളെ പൊലീസ് വെടിവെച്ചുകൊന്നു. കൊല്ലപ്പെട്ടയാൾ ഇസ്ലാമിക തീവ്രവാദിയാണെന്ന് ആഭ്യന്തര മന്ത്രി കാൾ നെഹമ്മർ പറഞ്ഞു. വടക്കൻ മാസിഡോണിയയിൽനിന്ന് ഒാസ്ട്രിയയിൽ എത്തിയ ഇയാൾക്ക് 20 വയസ്സുണ്ട്. ഐ.എസിൽ ചേരാനായി സിറിയയിലേക്ക് പോകാൻ ശ്രമിച്ചതിെൻറ പേരിൽ എട്ടുമാസം ജയിൽശിക്ഷ അനുഭവിച്ച ഇയാൾ കഴിഞ്ഞ ഡിസംബറിലാണ് ജയിൽ മോചിതനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'നമ്മുടെ ജനാധിപത്യത്തിനും ജീവിതരീതിക്കുമെതിരായ വെറുപ്പിൽനിന്നാണ് ഈ ആക്രമണമുണ്ടായതെ'ന്ന് ചാൻസലർ സെബാസ്റ്റ്യൻ കർസ് പറഞ്ഞു. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ടുപേർ സ്ത്രീകളാണ്. ഒരാൾ റസ്റ്റാറൻറ് ജീവനക്കാരിയായിരുന്നു.
റസ്റ്റാറൻറുകളും ബാറുകളും സ്ഥിതിചെയ്യുന്ന എപ്പോഴും തിരക്കുള്ള മേഖലയിലാണ് വെടിവെപ്പുണ്ടായത്.വിയന സെൻട്രൽ സിനഗോഗിനടുത്താണിത്. പൊലീസ് സ്ഥലം വളഞ്ഞിരിക്കുകയാണ്. ജനം ഇവിടെനിന്ന് വിട്ടുനിൽക്കണമെന്ന് ചാൻസലർ അഭ്യർഥിച്ചു. ചൊവ്വാഴ്ച ആരും കുട്ടികളെ പുറത്തേക്ക് വിടരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
ആക്രമണത്തിനു പിന്നാലെ അടുത്തുള്ള പ്രദേശങ്ങളിൽ വ്യാപക റെയ്ഡ് നടന്നു. ഇതിൽ നിരവധി പേർ അറസ്റ്റിലായി. വിയനക്ക് പടിഞ്ഞാറുള്ള സെൻറ് പോൾടൻ എന്ന സ്ഥലത്തും റെയ്ഡ് നടന്നു. കോവിഡ് നിരക്ക് കൂടിയതിനാൽ ഒാസ്ട്രിയ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു പ്രാബല്യത്തിൽ വരുന്നതിെൻറ തലേന്ന് രാത്രി ജനം ആഘോഷത്തിലായിരുന്നു. അപ്പോഴാണ് ആക്രമണം. സംഭവത്തിൽ രാജ്യം മൂന്നുദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പതാക താഴ്ത്തിക്കെട്ടി. സ്കൂളുകളിൽ മൗനപ്രാർഥന നടന്നു. ആക്രമണത്തെ വിവിധ രാജ്യങ്ങൾ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

