ബംഗ്ലാദേശിൽ കടൽത്തീര റിസോർട്ടിൽ തീപിടിത്തം; 10 പേർ വെന്തുമരിച്ചു, ഒമ്പത് പേർക്ക് പരിക്ക്
text_fieldsധാക്ക: ബംഗ്ലാദേശിലെ കോക്സ് ബസാർ ജില്ലയിൽ കടൽത്തീരത്തുള്ള റിസോർട്ടിലുണ്ടായ തീപിടിത്തത്തിൽ പത്ത് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് മൂന്നുനില റിസോർട്ടിൽ തീപിടിത്തമുണ്ടായത്. മുളയും മരവും പ്രധാനമായും ഉപയോഗിച്ച് നിർമിച്ച റിസോർട്ട് പൂർണമായും കത്തിനശിച്ചു.
മറൈൻ ഡ്രൈവിൽ പടുവാർടെക് ബീച്ചിന് സമീപം ഇനാനിയിലുള്ള ടുപ്ടുപ് റെസ്റ്റോ ആൻഡ് റിസോർട്ടിൽ രാവിലെ 6.30ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
റിസോർട്ട് പൂർണമായും കത്തിനശിച്ചതായി കോക്സ് ബസാർ ഫയർ സർവീസ് ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ സയ്യിദ് മുഹമ്മദ് മുർഷിദ് ഹുസൈൻ പറഞ്ഞു. ആറുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയതെന്ന് കോക്സ് ബസാർ ഡെപ്യൂട്ടി കമ്മീഷണർ എ. മന്നാൻ അറിയിച്ചു. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുന്നതിന് മുമ്പ് ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിക്കേറ്റവരെ കോക്സ് ബസാർ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ച് പേർക്ക് ശരീരത്തിന്റെ അഞ്ച് ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റതായി ആശുപത്രിയിലെ റസിഡന്റ് മെഡിക്കൽ ഓഫീസർ സബുക്തഗിൻ മഹ്മൂദ് സൊഹേൽ പറഞ്ഞു. പൊള്ളലേറ്റ അഞ്ചുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വീണതിനെ തുടർന്ന് പരിക്കേറ്റ മറ്റൊരാൾക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽനിന്ന് വിട്ടയച്ചതായും അദ്ദേഹം അറിയിച്ചു.
തീപിടിത്തമുണ്ടാകുമ്പോൾ റിസോർട്ടിൽ 30ഓളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇവരിൽ നാലോ അഞ്ചോ പേർക്ക് രക്ഷപ്പെടാനായി. മറ്റുള്ളവരുടെ നിലവിലെ അവസ്ഥയെക്കുറിച്ചും അവർ എവിടെയാണെന്നതിനെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

