റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് ഫിൻലൻഡിന്റെ പിന്തുണ; യൂറോപ്പിന്റെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് ജയ്ശങ്കർ
text_fieldsഎസ്. ജയ്ശങ്കർ
ഹെൽസിങ്കി: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെച്ചൊല്ലിയുള്ള ആഗോള ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെ, ഇന്ത്യക്ക് അനുകൂലമായി നിലപാട് വ്യക്തമാക്കി ഫിൻലൻഡ്. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ വില നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയതെന്നും, ഇത് തങ്ങളുടെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലെന്നും ഫിൻലൻഡ് വിദേശകാര്യമന്ത്രി എലീന വാൽറ്റോണൻ വ്യക്തമാക്കി. ഫിൻലൻഡിൽ നടന്ന 'കുൽതാരന്ത ടോക്സ്' സംവാദത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.
ഈ വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ കടുത്ത ഭാഷയിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പ്രതികരിച്ചത്. പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്ക് മേൽ ഏർപ്പെടുത്തിയ പ്രൈസ് ക്യാപ് സംവിധാനം റഷ്യൻ എണ്ണ കച്ചവടം പൂർണമായി നിർത്തലാക്കാൻ വേണ്ടിയുള്ളതായിരുന്നില്ലെന്ന് എലീന വാൽറ്റോണൻ ഓർമിപ്പിച്ചു. 'ഇന്ത്യയുടെ ഭാഗം ന്യായീകരിക്കുകയാണെങ്കിൽ, അവർ എണ്ണ വാങ്ങിയത് നിശ്ചയിക്കപ്പെട്ട പ്രൈസ് ക്യാപിന് വിധേയമായാണ്. അതുതന്നെയായിരുന്നു ആ നയത്തിന്റെ ലക്ഷ്യവും. ആഗോള എണ്ണ വിപണി തകരാതിരിക്കാനും, അതേസമയം എണ്ണ വിൽപനയിലൂടെ റഷ്യ വലിയ ലാഭം കൊയ്യുന്നത് തടയാനുമാണ് ഞങ്ങൾ ഈ നിയന്ത്രണം കൊണ്ടുവന്നത്. അല്ലാതെ ലോകരാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് ഞങ്ങൾ നിരോധിച്ചിരുന്നില്ല,' ഫിൻലൻഡ് വിദേശകാര്യമന്ത്രി പറഞ്ഞു.
എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, രാഷ്ട്രീയ ചേരിതിരിവുകൾക്ക് അപ്പുറം പ്രായോഗികതക്കാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് ജയ്ശങ്കർ വ്യക്തമാക്കി. 'വിലക്കുറവും എളുപ്പത്തിൽ ലഭ്യമാകുന്നതുമാണ് ഞാൻ നോക്കുന്നത്. 2022ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ യൂറോപ്യൻ രാജ്യങ്ങൾ ഒന്നടങ്കം മിഡിലീസ്റ്റിൽ നിന്നുള്ള എണ്ണ വൻതോതിൽ വാങ്ങിക്കൂട്ടി. ഇന്ത്യയുടെ പരമ്പരാഗത വിതരണക്കാരായിരുന്നു അവർ. അതോടെ വിപണിയിൽ ലഭ്യമായ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതരാകുകയായിരുന്നു,' ജയ്ശങ്കർ വിശദീകരിച്ചു.
'ആഗോള വിപണി സുസ്ഥിരമാക്കാൻ റഷ്യൻ എണ്ണ വാങ്ങാൻ അന്ന് അമേരിക്ക തന്നെയാണ് ഇന്ത്യയോട് ആവശ്യപ്പെട്ടത്. അതുകൊണ്ട് ഇപ്പോൾ വലിയ തത്വങ്ങൾ ഒന്നും ഇവിടെ ആരും പ്രസംഗിക്കേണ്ടതില്ല. ഈ കാര്യത്തിൽ ഇരട്ടത്താപ്പ് ഒട്ടും അനുയോജ്യമല്ല.' — എസ്. ജയ്ശങ്കർ. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ റഷ്യയോട് കൂടുതൽ മൃദുസമീപനം കാണിക്കുന്നു എന്ന യൂറോപ്യൻ വിമർശനങ്ങൾക്കെതിരെ ജയ്ശങ്കർ കടുത്ത ഭാഷയിൽ തിരിച്ചടിച്ചു. 'ഇന്ത്യൻ ആയുധങ്ങൾ ഉപയോഗിച്ച് ഒരു യൂറോപ്യൻ രാജ്യവും ഇതുവരെ ആക്രമിക്കപ്പെട്ടിട്ടില്ല. എന്നാൽ, ഇന്ത്യയെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ വർഷങ്ങളായി വിൽക്കുന്നത് യൂറോപ്യൻ രാജ്യങ്ങളാണ്. ഞങ്ങൾ ഇന്ത്യക്കാർ ഒരിക്കലും യൂറോപ്പിന്റെ സുരക്ഷക്ക് ഭീഷണിയായി ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ആ കാര്യം എപ്പോഴും ഓർമയിലുണ്ടാകണം,' അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഊർജ മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണ രാജ്യം റഷ്യയാണെങ്കിൽ, ഏറ്റവും വലിയ ഗ്യാസ് വിതരണക്കാരായി അമേരിക്ക മാറിയിരിക്കുകയാണ്. വിദേശനയങ്ങളിൽ ആരുടെയും സമ്മർദങ്ങൾക്ക് വഴങ്ങാതെ, സ്വന്തം രാജ്യത്തിന്റെ താൽപര്യങ്ങൾക്കാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് അടിവരയിടുന്നതായിരുന്നു ജയ്ശങ്കറിന്റെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

