Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അത്യുന്നതങ്ങളിലെ നീക്കം; ഒടുവിൽ വെടിനിർത്തൽ
cancel
camera_alt

ഗസ്സയിലേക്കുള്ള പ്രവേശനാനുമതി കാത്ത് റഫ അതിർത്തിയിൽ നിർത്തിയിട്ടിരിക്കുന്ന സഹായ ട്രക്കുകൾ

വാഷിങ്ടൺ: ഒക്ടോബർ ഏഴിന് ഇസ്രായേൽ അതിർത്തികളിൽ ഹമാസ് നടത്തിയ കടന്നുകയറ്റത്തിന് നാളുകൾ കഴിഞ്ഞ് തുടക്കം കുറിച്ച യുദ്ധകാല ചർച്ചകളാണ് ഏറെ കഴിഞ്ഞാണെങ്കിലും ആദ്യ ഫലം നൽകുന്നത്. 200ലേറെ ബന്ദികൾ ഹമാസിന്റെ പിടിയിലുണ്ടെന്ന് ഉറപ്പാക്കിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മുന്നിൽ അവരുടെ മോചനം ആദ്യത്തേതല്ലെങ്കിലും പ്രധാന അജണ്ടകളിലൊന്നായിരുന്നു. ആദ്യം വ്യോമ, നാവിക ആക്രമണമായും പിന്നീട് കരസേനാ നീക്കം കൂടി ചേർത്തും ഗസ്സയെ ചാമ്പലാക്കിയിട്ടും ഒരു അഭയാർഥിയെ പോലും മോചിപ്പിക്കാനാവാത്തത് രാജ്യത്തിനകത്ത് പ്രതിഷേധം ശക്തമാക്കിയപ്പോൾ വിശേഷിച്ചും. ഹമാസുമായി ഒരു ബന്ധവുമില്ലാത്ത ഇസ്രായേലിന് നേരിട്ട് ആശയ വിനിമയം സാധ്യമല്ലെന്നതിനാൽ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കാർമികത്വത്തിൽ ഖത്തറിന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ചകളത്രയും.

വ്യക്തിപരമായി പലവട്ടം ഖത്തർ അമീറുമായും നെതന്യാഹുവുമായും രഹസ്യ സംഭാഷണം നടത്തിയ ബൈഡന് കൂട്ടായി യു.എസ് ഉദ്യോഗസ്ഥ നിരയിലെ പ്രമുഖരായ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, സി.ഐ.എ ഡയറക്ടർ ബിൽ ബേൺസ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ, മിഡിൽ ഈസ്റ്റ് പ്രതിനിധി ബ്രെറ്റ് മക്ഗർക് എന്നിവരുമുണ്ടായിരുന്നു. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി ഇവർ നിരന്തരം ആശയവിനിമയം തുടർന്നു.

ബന്ദികളായ അമേരിക്കക്കാരുടെ കുടുംബങ്ങളുമായി ബൈഡൻ ഒക്ടോബർ 13ന് നടത്തിയ സംഭാഷണം കാര്യങ്ങൾക്ക് വേഗം നൽകി. അതേമാസം 18ന് തെൽഅവീവിലെത്തിയ ബൈഡനു മുന്നിൽ ബന്ദി മോചനമായിരുന്നു പ്രധാന അജണ്ട. അഞ്ചുദിവസം കഴിഞ്ഞ് രണ്ട് അമേരിക്കക്കാർ മോചിതരായത് പ്രതീക്ഷ വർധിപ്പിച്ചു. പിന്നെയും ബന്ദികൾ പുറത്തെത്തിയ വാർത്തകൾ വന്നു. അതിനിടെ, ഒക്ടോബർ 24ന് ഇസ്രായേൽ കരയാക്രമണത്തിന് അവസാനവട്ട നീക്കങ്ങൾ പൂർത്തിയാക്കി. ഇത് നീട്ടിവെച്ചാൽ സ്ത്രീകളും കുട്ടികളുമായ ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് വാക്കുനൽകി. കരയാക്രമണമായിരുന്നു ഇസ്രായേൽ തെരഞ്ഞെടുത്തത്. പിന്നെയും മൂന്നാഴ്ച നീണ്ട ചർച്ചകൾ.

ഒടുവിൽ ഹമാസ് മോചിപ്പിക്കുന്ന ബന്ദികൾ ആരൊക്കെയെന്ന പട്ടിക കൈമാറണമെന്നായി ഇസ്രായേൽ. ഈ നാളുകളിൽ ഗസ്സയിൽ വാർത്താവിനിമയം മുടക്കിയത് ഈ നീക്കങ്ങളുടെയും വേഗം നഷ്ടപ്പെടുത്തി. ആദ്യം ദോഹയിലേക്കോ കൈറോയിലേക്കോ കൈമാറുന്ന സന്ദേശം പിന്നീട് ഗസ്സയിലെത്തി മറുപടി ലഭിക്കണമായിരുന്നു. എല്ലാ സ്ത്രീകളും കുട്ടികളും പുറത്തെത്തണമെന്നതായിരുന്നു അടുത്ത ഇസ്രായേൽ ആവശ്യം. എന്നാൽ, 50 പേർ ഒന്നാം ഘട്ടത്തിൽ ആകാമെന്ന് ഹമാസ് പ്രതികരിച്ചു.

നവംബർ ഒമ്പതിന് ഒന്നാംഘട്ട ധാരണയായെങ്കിലും ആരൊക്കെയെന്ന പട്ടിക ഹമാസ് നൽകിയില്ലെന്നത് വിഷയമായി നിലനിന്നു. മൂന്നു ദിവസം കഴിഞ്ഞ് ബൈഡൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ വിളിച്ച് പേരുകൾ നൽകാൻ ആവശ്യപ്പെട്ടു. വൈകാതെ ഹമാസ് അത് നൽകി.

നവംബർ 14ന് നെതന്യാഹുവിന് മുന്നിൽവെച്ച പട്ടികക്ക് അംഗീകാരം നൽകി. ഗസ്സയിൽ ഇന്റർനെറ്റുൾപ്പെടെ മുടക്കിയത് പിന്നെയും സമയം നീട്ടി. ഒടുവിൽ, ബൈഡൻ വീണ്ടും അമീറിനെ വിളിച്ച് ഇത് അവസാന അവസരമാണെന്നും എന്തുവില കൊടുത്തും പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. ഇതാണ് കാര്യങ്ങൾ എളുപ്പമാക്കിയത്.


വെടിനിർത്തൽ കരാർ ഇങ്ങനെ...

•ഹമാസ് ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും

•ഇസ്രായേലി തടവറകളിലുള്ള 150 സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കും

•വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 10 മുതൽ പ്രാബല്യത്തിൽ

•ഗസ്സയിൽനിന്ന് വിട്ടയക്കുന്ന ഓരോ 10 ബന്ദികൾക്ക് പകരമായി ഒരു ദിവസം വീതം വെടിനിർത്തൽ നീട്ടാം

•ഇസ്രായേൽ ഗസ്സയിലെ എല്ലാ സൈനിക നീക്കവും നിർത്തിവെക്കും. ഗസ്സ നിവാസികൾക്ക് സലാഹുദ്ദീൻ റോഡിലൂടെ വടക്കുനിന്ന് തെക്കുഭാഗത്തേക്ക് സഞ്ചരിക്കാം. നിരീക്ഷണ വിമാനങ്ങളുടെ പറക്കലും ഉണ്ടാകില്ല

•വെടിനിർത്തൽ കാലയളവിൽ ഗസ്സയിൽ ആക്രമണമോ അറസ്റ്റോ ഉണ്ടാകില്ല

•ഇന്ധനം ഉൾപ്പെടെ അടിയന്തര സഹായ വസ്തുക്കൾ ഗസ്സയിൽ ലഭ്യമാക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflictceasefire in Gaza
News Summary - Finally ceasefire at Gaza
Next Story