യുദ്ധം അവസാനിപ്പിച്ചിട്ടാണെങ്കിൽപോലും ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രായേലിനോട് ആയിരത്തോളം യുദ്ധവിമാന പൈലറ്റുമാർ
text_fieldsജറുസലേം: ഹമാസിനെതിരായ യുദ്ധം അവസാനിപ്പിച്ചിട്ടാണെങ്കിൽ പോലും ഗസ്സയിൽ തടവിലാക്കപ്പെട്ട ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിന് മുൻഗണന നൽകണമെന്ന് വിരമിച്ചവരും റിസർവിലുള്ളവരുമായ ഇസ്രായേലി യുദ്ധവിമാന പൈലറ്റുമാർ ഒരു തുറന്ന കത്തിൽ സർക്കാറിനോട് ആവശ്യപ്പെട്ടു.
നിരവധി ഇസ്രായേലി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച കത്തിൽ 980 പൈലറ്റുമാർ ഒപ്പിട്ടു. അവരിൽ ഭൂരിഭാഗവും വിരമിച്ചവരാണ്. 10 ശതമാനം സജീവ റിസർവ് പൈലറ്റുമാർ ഡ്യൂട്ടിയിലാണെന്ന് ഒപ്പിട്ടവരിലൊരാൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രണ്ടു മാസത്തെ വെടിനിർത്തലിനുശേഷം ഇസ്രായേൽ കഴിഞ്ഞ മാസം പുനഃരാരംഭിച്ച യുദ്ധം, പ്രധാനമായും യഥാർത്ഥ സുരക്ഷാ ആവശ്യങ്ങൾക്ക് പകരം വ്യക്തിപരവും രാഷ്ട്രീയവുമായ താൽപര്യങ്ങൾ നിറവേറ്റുന്നുവെന്ന് കത്തിൽ പറയുന്നു.
അതേസമയം, സജീവ ഡ്യൂട്ടിയിലുള്ള ഒപ്പുവെച്ചവരെ പിരിച്ചുവിടുമെന്ന് ഒരു ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. സജീവ ഡ്യൂട്ടിയിലുള്ള റിസർവ് സൈനികർക്ക് പോരാട്ടത്തിൽ പങ്കെടുക്കുമ്പോൾ തന്നെ അവരുടെ സൈനിക പദവി ചൂഷണം ചെയ്യുക സാധ്യമല്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ‘കമാൻഡർമാർക്കും കീഴുദ്യോഗസ്ഥർക്കും ഇടയിലുള്ള ഗുരുതരമായ വിശ്വാസ ലംഘനം’ എന്നാണ് ഉദ്യോഗസ്ഥൻ കത്തിനെ വിശേഷിപ്പിച്ചത്.
‘ഐ.ഡി.എ.ഫിനെ ദുർബലപ്പെടുത്തുകയും യുദ്ധസമയത്ത് നമ്മുടെ ശത്രുക്കളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രസ്താവനകൾ ക്ഷമിക്കാനാവാത്തതാണ്’ എന്നതിനാൽ പിരിച്ചുവിടലുകളെ പിന്തുണക്കുന്നതായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതികരിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ 50,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും ഗസ്സ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്തതായി പ്രാദേശിക ആരോഗ്യ അധികൃതർ പുറത്തുവിട്ടു. ജനുവരിയിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ നീട്ടുന്നതിനുള്ള നിബന്ധനകൾക്ക് ഇസ്രായേൽ വഴങ്ങിയില്ല. കഴിഞ്ഞ മാസം മുതൽ ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ച് നിരന്തരം ആക്രമണം നടത്തിവരികയാണ്. ഹമാസിന്റെ പക്കൽ ശേഷിക്കുന്ന 59 ബന്ദികളെ തിരികെ കൊണ്ടുവരുന്നതുവരെ തങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ തുടരുമെന്ന് ഇസ്രായേൽ അറിയിച്ചു. യുദ്ധത്തിന് സ്ഥിരമായ അന്ത്യം കുറിക്കുന്ന ഒരു കരാറില്ലാതെ അവരെ മോചിപ്പിക്കില്ലെന്ന് ഹമാസും പ്രതികരിച്ചു.
ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസുമായി ഒരു കരാർ ഉണ്ടാക്കണമെന്ന് ബന്ദികളുടെ കുടുംബാംഗങ്ങളും ആഴ്ചതോറുമുള്ള പ്രതിഷേധക്കാരും നെതന്യാഹുവിന്റെ വലതുപക്ഷ സർക്കാരിനോട് ആവശ്യപ്പെട്ടുവരകിയാണ്. ഹമാസിന്റെ ഗസ്സ ഭരിക്കാനുള്ള കഴിവ് ഇല്ലാതാക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കുന്നതുവരെ ഇസ്രായേൽ യുദ്ധം തുടരുമെന്നും ഒടുവിൽ ബന്ദികളെ മോചിപ്പിക്കുമെന്നുമാണ് നെതന്യാഹു പറയുന്നത്.
‘ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട്’ വ്യാഴാഴ്ച പുറത്തുവിട്ട ഒരു വോട്ടെടുപ്പിൽ ഹമാസിനെ ഇല്ലാതാക്കുന്നതിനേക്കാൾ ബന്ദികളെ മോചിപ്പിക്കുന്നതിന് മുൻഗണന നൽകുന്നതിനെ 68ശതമാനം ഇസ്രായേലികളും പിന്തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

