ഫിലിപ്പീൻസിൽ 359 പേരുമായി പോയ ബോട്ട് മുങ്ങി 15 മരണം; നിരവധി പേരെ കാണാതായി
text_fieldsമനില: തെക്കൻ ഫിലിപ്പീൻസിൽ 359 യാത്രക്കാരുമായി പോയ യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. ‘എം.വി തൃഷ കെർസ്റ്റിൻ’ എന്ന ബോട്ടാണ് മുങ്ങിയത്. തിങ്കളാഴ്ച പുലർച്ചയോടെ ബലൂക്-ബലൂക് ദ്വീപില്‍ നിന്ന് സുലുവിലെ ജോലോ ദ്വീപിലേക്ക് യാത്രക്കാരുമായി പോയപ്പോഴായിരുന്നു അപകടം. സംഭവം നടക്കുമ്പോൾ ബോട്ടിൽ 332 ജീവനക്കാരും 27 ജീവനക്കാരും അടക്കം 359 പേരാണ് ഉണ്ടായിരുന്നത്.
സാംബോവങ്ക സിറ്റിയിൽ നിന്നും പുറപ്പെട്ട് ഏകദേശം നാല് മണിക്കൂറിന് ശേഷം ശക്തമായ തിരയിൽ പെട്ട് ബോട്ടിന്റെ ഡെക്കിൽ വെള്ളം കയറുകയായിരുന്നു. തുടർന്ന് ബോട്ടിലെ ജീവനക്കാർ കോസ്റ്റ്ഗാർഡ് അധികൃതർക്ക് അപായ സൂചന നൽകി. കോസ്റ്റ്ഗാര്‍ഡും മീന്‍പിടിത്ത ബോട്ടുകളും മറ്റും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിൽ ഇതുവരെ 316 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 28 പേർക്ക് വേണ്ടി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അലിസണ്‍ ഷിപ്പിങ് ലൈന്‍സ് എന്ന കമ്പനിയുടേതാണ് മുങ്ങിയ ബോട്ട്.
രക്ഷപ്പെടുത്തിയവരെയും വൈദ്യസഹായം ആവശ്യമുള്ളവരെയും ഇസബെല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ രക്ഷപ്പെടുത്തിയവരിൽ ഭൂരിഭാഗം പേരും ആരോഗ്യവാന്മാരാണ്. പ്രായമായ യാത്രക്കാരിൽ ചിലർക്ക് മാത്രമാണ് അടിയന്തര വൈദ്യസഹായം ആവശ്യമുള്ളത്.
ഫിലിപ്പീനിൽ പ്രതികൂല കാലാവസ്ഥ കാരണം കടലിൽ നിരന്തരമായി അപകടങ്ങൾ നടക്കാറുള്ളതാണ്. ഇടക്കിടെയുള്ള കൊടുങ്കാറ്റിനോടൊപ്പം അമിത തിരക്കും സുരക്ഷാ ചട്ടങ്ങളിലെ വീഴ്ചയും അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നതാണ്. ബോട്ട് മുങ്ങിയതിന്റെ കാരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. യാത്രക്കാരുമായി പുറപ്പെടുന്നതിന് മുമ്പ് ബോട്ട് വൃത്തിയാക്കിയെന്നും അമിതഭാരത്തിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

