കോക്പിറ്റിൽ വനിത സഹപൈലറ്റിനു മുന്നിൽ വിവസ്ത്രനായി അശ്ലീല വിഡിയോ കണ്ടു; പൈലറ്റിനും വിമാന കമ്പനിക്കുമെതിരെ കേസ്
text_fieldsന്യൂയോർക്ക്: വിമാനയാത്രക്കിടെ കോക്പിറ്റിൽ വിവസ്ത്രനായി അശ്ലീല വിഡിയോ കണ്ട സംഭവത്തിൽ പൈലറ്റിനു പിന്നാലെ വിമാന കമ്പനിക്കുമെതിരെ നിയമനടപടിയുമായി വനിതാ പൈലറ്റ്. യു.എസ് വിമാന കമ്പനിയായ സൗത്ത് വെസ്റ്റ് എയർലൈൻസിനെതിരെയാണ് കമ്പനിയിൽ മുൻപ് പൈലറ്റായിരുന്ന ക്രിസ്റ്റൈൻ ജാനിങ് കോടതിയെ സമീപിച്ചിരിക്കുന്നത്.
പരാതി ബോധ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ കമ്പനി കൂട്ടാക്കിയിരുന്നില്ല. 2020 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൗത്ത് വെസ്റ്റിന്റെ ഫിലാഡൽഫിയയിൽനിന്ന് ഫ്‌ളോറിഡയിലേക്കുള്ള വിമാനത്തിലായിരുന്നു ആകാശത്ത് വച്ച് ഞെട്ടിപ്പിക്കുന്ന സംഭവം. യാത്രക്കിടെ സഹപൈലറ്റായ മൈക്കൽ ഹാക്ക് പെട്ടെന്ന് കോക്പിറ്റ് വാതിൽ പൂട്ടിയിട്ടു. തന്റെ അവസാന യാത്രയാണിതെന്നും റിട്ടയർമെന്റിനുമുൻപ് തനിക്ക് ചിലത് ചെയ്യാനുണ്ടെന്നും പറഞ്ഞായിരുന്നു ഇത്.
തുടർന്നാണ് ജാനിങ് നോക്കിനിൽക്കെ ഇയാൾ വസ്ത്രം പൂർണമായി അഴിച്ചിട്ടത്. ശേഷം ലാപ്‌ടോപ് എടുത്ത് പോൺ വിഡിയോ കാണാൻ തുടങ്ങി. പൂർണനഗ്നനായുള്ള സ്വന്തം ഫോട്ടോയും വിഡിയോയും പകർത്തുകയും ചെയ്തു. എന്നാൽ, ജാനിങ്ങിനോട് നേരിട്ട് മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്തില്ല.യാത്ര പൂർത്തിയാക്കിയതിനു പിന്നാലെ ജാനിങ് കമ്പനിയിൽ പരാതി നൽകി. എന്നാൽ, പൈലറ്റിനെതിരെ നടപടി സ്വീകരിക്കാൻ കമ്പനി കൂട്ടാക്കിയില്ലെന്നു മാത്രമല്ല, യുവതിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലും പരാതി നൽകുകയായിരുന്നു. പിന്നീട് 2021 മേയിൽ ഹാക്ക് കോടതിയിൽ കുറ്റസമ്മതം നടത്തി. പിന്നീട് കോടതി ഒരു വർഷം സദാചാര ശിക്ഷണവും 5,000 ഡോളർ പിഴയും ചുമത്തി.
ജാനിങ് വിമാന കമ്പനിയിൽ പരാതി നൽകിയപ്പോൾ ഹാക്ക് കമ്പനി വിട്ടിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാൽ, ആ സമയത്ത് ഇയാൾ വിരമിച്ചിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. പരാതിക്കു പിന്നാലെ ജാനിങ്ങിന് മൂന്നുമാസം യാത്രാവിലക്ക് ഏർപ്പെടുത്തുകയും നിർബന്ധ പരിശീലനം നൽകുകയും ചെയ്യുകയാണ് സൗത്ത് വെസ്റ്റ് എയർലൈൻ ചെയ്തത്. സൗത്ത് വെസ്റ്റ് എയർലൈൻസ് പൈലറ്റ്‌സ് അസോസിയേഷനിലും പരാതി നൽകിയെങ്കിലും സംഘം കുറ്റക്കാരനൊപ്പം നിൽക്കുകയാണ് ചെയ്തതെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

