തടവുകാരെ ഹമാസ് ഗസ്സ സിറ്റിയിലേക്ക് മാറ്റിയതായി ബന്ധുക്കൾ; ഗസ്സ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ കൂറ്റൻ റാലി
text_fieldsതെൽഅവീവ്: ഗസ്സയിലെ അവസാന പട്ടണമായ ഗസ്സ സിറ്റി തകർത്തുതരിപ്പണമാക്കാൻ ഇസ്രായേൽ നടത്തുന്ന രക്തരൂക്ഷിത ആക്രമണത്തിനെതിരെ ഇസ്രായേലിൽ കൂറ്റൻ റാലി. ഗസ്സ സിറ്റി ആക്രമിക്കുന്നത് ഹമാസ് തടവിലാക്കിയവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ് നൽകി പതിനായിരക്കണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്.
അതിനിടെ, ഇസ്രായേൽ ആക്രമണം ശക്തമാക്കിയ ഗസ്സ സിറ്റിയിലേക്ക് ബാക്കിയുള്ള തടവുകാരെ ഹമാസ് മാറ്റിയതായി സംശയിക്കുന്നുവെന്ന് കുടുംബങ്ങൾ വെളിപ്പെടുത്തി. വെള്ളിയാഴ്ച പുറത്തുവിട്ട വിഡിയോയിലുള്ള ഹമാസ് തടവുകാരായ അലോൺ ഓഹലിനെയും ഗൈ ഗിൽബോവ-ദലാലിനെയും ഗസ്സ സിറ്റിയിലേക്ക് മാറ്റിയതായി ഇവരുടെ കുടുംബങ്ങൾ പറഞ്ഞതായി ‘ചാനൽ 12’ റിപ്പോർട്ട് ചെയ്തു. സിറ്റി ആക്രമണത്തിൽനിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കുകയാണ് ഹമാസ് ലക്ഷ്യമെന്നും, അതല്ലങ്കിൽ ആക്രമണത്തിൽ തടവുകാരുടെ ജീവൻ അപകടത്തിലാകുമെന്ന് ആശങ്കയുണ്ടെന്നും വാർത്തയിൽ പറയുന്നു.
ഗസ്സ സിറ്റി പിടിച്ചെടുക്കുന്നതിൽ വിയോജിപ്പുള്ള ഐ.ഡി.എഫ് മേധാവി ഇയാൽ സമീർ, മന്ത്രിമാരുടെ സമ്മർദത്തിന് വഴങ്ങി ആക്രമണത്തിന് സേനയെ സജ്ജമാക്കിയതായും രാഷ്ട്രീയ തീരുമാനത്തെ എതിർക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 251 തടവുകാരിൽ 48 പേർ നിലവിൽ ഹമാസിന്റെ കീഴിലുണ്ട്. ഇതിൽ 26 പേർ ഇസ്രായേൽ ആക്രണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുപത് പേർ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്. രണ്ടുപേരുടെ കാര്യത്തിൽ ഗുരുതര ആശങ്കകളുണ്ടെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഗസ്സയിൽനിന്നും വെസ്റ്റ് ബാങ്കിൽ നിന്നും ഇസ്രായേൽ അനധികൃതമായി പിടികൂടിയ പതിനായിരക്കണക്കിന് ഫലസ്തീനികൾ ഇസ്രായേൽ തടവറകളിൽ ക്രൂരപീഡനം അനുഭവിക്കുന്നുണ്ട്. ഇതിൽ കുട്ടികളും സ്ത്രീകളും ഡോക്ടർമാരും അടക്കമുള്ളവർ ഉണ്ട്. ഇവർക്ക് ഭക്ഷണവും വെള്ളവും പോലും നൽകുന്നില്ലെന്ന് ഇസ്രായേലിലെ മനുഷ്യാവകാശ സംഘടനകൾ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
10 ലക്ഷം ഫലസ്തീനികൾ കഴിയുന്ന ഗസ്സ സിറ്റി കുടിയൊഴിപ്പിച്ച് ബോംബിങ് നടത്താനാണ് ഇസ്രായേൽ നീക്കം. മറ്റിടങ്ങളിൽനിന്ന് ഇതിനകം കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് പേർ തിങ്ങിക്കഴിയുന്ന ചെറു പ്രദേശമായ മവാസിയിലേക്ക് നീങ്ങണമെന്നാണ് ഇവിടെയുള്ളവർക്ക് ഇസ്രായേൽ നൽകിയ ഭീഷണി മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം നഗരത്തിലെ കൂറ്റൻ റസിഡൻഷ്യൽ കെട്ടിടങ്ങൾ ഇസ്രായേൽ വ്യോമാക്രമണം നടത്തി തകർത്തിരുന്നു.
ഭക്ഷണത്തിനുള്ള മാർഗങ്ങൾ അടച്ചും ആക്രമണം രൂക്ഷമാക്കിയും ഇതിനകം കൊടുംപട്ടിണിയുടെ നഗരമായി മാറിയ ഗസ്സ സിറ്റിയിൽ ദിവസങ്ങൾക്കിടെ 1100ലേറെ ഫലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തി. 6000ത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവിടെ കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തുടരുകയാണ്. നഗരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടമായ സൂസി ടവർ ഇസ്രായേൽ തകർത്തു. താമസക്കാർക്ക് വിട്ടുപോകാൻ 20 മിനിറ്റ് മാത്രം അനുവദിച്ചാണ് 15 നില കെട്ടിടം നാമാവശേഷമാക്കിയത്.
ഗസ്സയിലുടനീളം ഞായറാഴ്ചയും ഇസ്രായേൽ അഴിച്ചുവിട്ട രൂക്ഷമായ ആക്രമണത്തിൽ നിരവധി പേർ കുരുതിക്കിരയായി. സ്കൂൾ, തമ്പുകൾ, വീടുകൾ എന്നിവിടങ്ങളിലായി നടന്ന ബോംബിങ്ങിൽ ഞായറാഴ്ച 21 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ വടക്കൻ ഗസ്സയിൽ ഭക്ഷണ വിതരണ കേന്ദ്രത്തിന് സമീപം കാത്തുനിന്ന 19 പേരടക്കം 56 മരണമാണ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

