സ്വന്തം കൃഷിയിടത്തിൽ കർഷകൻ കണ്ടെത്തിയത് ശതകോടികൾ വിലമതിക്കുന്ന സ്വർണം; പക്ഷേ...
text_fieldsപാരിസ്: അന്നും പതിവുപോലെ തന്‍റെ കൃഷിയിടത്തിൽ പണിയായുധങ്ങളുമായി എത്തിയതായിരുന്നു ഫ്രാൻസിലെ ഓവ്യെനിലുള്ള കർഷകനായ മൈക്കൽ ഡ്യൂപോണ്ട്. പണിക്കിടെ മണ്ണിൽ അസാധാരണ തിളക്കം കണ്ട ഡ്യൂപോണ്ടിന് കൗതുകമായി. അവിടെ കുറച്ച് ആഴത്തിൽ കുഴിച്ചപ്പോൾ കൺമുന്നിൽ തെളിഞ്ഞ വിസ്മയം ഏതാനും നിമിഷത്തേക്ക് ആ കർഷകന് അവിശ്വസനീയമായി തോന്നി. തന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ വൻ സ്വർണനിക്ഷേപമാണുള്ളതെന്ന് മനസ്സിലാക്കിയ ഡ്യൂപോണ്ട്, താൻ വലിയ ധനികനാകാൻ പോകുന്നുവെന്ന തിരിച്ചറിവിൽ ആഹ്ളാദഭരിതനായി.
കേട്ടുകേൾവിയില്ലാത്ത സംഭവത്തേക്കുറിച്ചുള്ള വാർത്ത വളരെ വേഗത്തിലാണ് എല്ലായിടത്തുമെത്തിയത്. സ്വർണനിക്ഷേപത്തെക്കുറിച്ചറിഞ്ഞ സർക്കാർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയിൽ കൃഷിഭൂമിയിൽ 150 ടണ്ണിലേറെ സ്വർണമുണ്ടെന്ന് കണ്ടെത്തി. ഉദ്ദേശം നാല് ബില്യൻ യൂറോ മൂല്യം വരുന്ന സ്വർണം! എന്നാൽ ഭൂമിയിലെ എല്ലാ തുടർപ്രവർത്തനങ്ങളും നിർത്താൻ സർക്കാർ ഉത്തരവിട്ടതോടെ പെട്ടെന്ന് ധനികനാകാമെന്ന ഡ്യൂപോണ്ടിന്‍റെ കണക്കുകൂട്ടലിന് കാത്തിരിപ്പേറും. സ്വർണം പുറത്തെടുക്കണമെങ്കിൽ ഖനനം നടത്തണം. ഇതിനായി നിരവധി പരിശോധനകൾക്കു ശേഷം മാത്രമേ പാരിസ്ഥിതികാനുമതി ലഭിക്കുകയുള്ളൂ.
പാരിസ്ഥിതാഘാത പഠനവും മറ്റ് നിയമങ്ങൾ പ്രകാരമുള്ള അനുമതിയും ലഭിക്കുന്ന മുറയ്ക്ക് മാത്രമേ സ്വർണം എടുക്കാനാകൂ. “പരിശോധനകൾ പൂർത്തിയാകുംവരെ ഒന്നും ചെയ്യാനാകില്ലെന്ന് അധികൃതർ പറഞ്ഞു. മുൻകരുതൽ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം എനിക്കറിയാം. പക്ഷേ നിരാശനാകരുതെന്ന് മാത്രം പറയരുത്” -ഡ്യൂപോണ്ട് ഫ്രഞ്ച് മാധ്യമത്തോട് പറഞ്ഞു. നിയമനടപടികൾ പൂർത്തിയാകുന്നതുവരെ ഭൂമി സീൽ ചെയ്തിരിക്കുകയാണ്. സ്വകാര്യ ഭൂമിയായാലും ഖനന പ്രവൃത്തികൾ നടത്താൻ ശാസ്ത്രീയ പരിശോധന വേണമെന്ന് ഫ്രാൻസിലെ പാരിസ്ഥിതിക നിയമം നിഷ്കർഷിക്കുന്നു.
സംഭവത്തെ കുറിച്ച് അറിഞ്ഞ നാട്ടുകാരുടേത് സമ്മിശ്ര പ്രതികരണമാണ്. സ്വർണനിക്ഷേപത്തിന്‍റെ കണ്ടെത്തൽ പ്രദേശത്തിന്‍റെ സാമ്പത്തിക വികസനത്തിന് സഹായകമാകുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഖനനവും പാരിസ്ഥിതിക ആഘാതവും ജനജീവിതം ദുസ്സഹമാക്കുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. താൽക്കാലിക സാമ്പത്തിക നേട്ടത്തിനായി പ്രകൃതിയെ നശിപ്പിക്കുന്നത് ശരിയല്ലെന്നും ഇവർ അഭിപ്രായപ്പെടുന്നു. അതേസമയം, സമാധാനത്തോടെ സാധാരണ ജീവിതം നയിക്കുകയായിരുന്ന ഡ്യൂപോണ്ടിനെ തേടി നിരവധി മാധ്യമപ്രവർത്തകരാണ് ഇപ്പോൾ ഇവിടേക്കെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

