ടോക്യോ: പ്രകൃതിദത്ത സസ്യങ്ങൾ നട്ടുകൊണ്ട് ഭൂമിയിലെ ഹരിത ഇടങ്ങൾ വർധിപ്പിക്കുക എന്ന ആശയത്തെ വികസിപ്പിച്ച പരിസ്ഥിതി ശാസ്ത്രജ്ഞൻ അകിറ മിയാവാകിക്ക് ജപ്പാൻ വിടനൽകി. 93ാം വയസ്സിൽ മസ്തിഷ്കാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. 150-200 വർഷങ്ങൾ കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ട് സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണ് മിയാവാകി മുന്നോട്ടുവെച്ചത്. പല രാജ്യങ്ങളിലും ആഗോളതാപനം ഉൾപ്പെടെ ഉള്ള പ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഈ മാതൃക. 1993 മുതൽ യോകോഹാമ നാഷനൽ യൂനിവേഴ്‌സിറ്റിയിലെ പ്രഫസറും, ജാപ്പനീസ് സെൻറർ ഫോർ ഇൻറർനാഷനൽ സ്റ്റഡീസ് ഇൻ ഇക്കോളജി ഡയറക്ടറുമായിരുന്നു.1992 ലെ ഭൗമ ഉച്ചകോടിയിൽ മിയാവാകി തെൻറ മാതൃക അവതരിപ്പിച്ചത് 2006ൽ അദ്ദേഹത്തിന് ബ്ലൂ പ്ലാനറ്റ് സമ്മാനം ലഭിച്ചു.
ജപ്പാനിലും മറ്റ് രാജ്യങ്ങളിലും നൂറുകണക്കിന് ചെറുകാടുകൾ നിർമിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. മിയാവാകി കാടുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. കേരളത്തിലും മിയാവാകി കാടുകളുണ്ട്.