കൊടുംപട്ടിണി: ഗസ്സയിൽ 13 മരണം കൂടി; ഗസ്സ സിറ്റിയിൽ ആക്രമണം രൂക്ഷമാക്കി ഇസ്രായേൽ
text_fieldsഗസ്സ സിറ്റി: 10 ലക്ഷത്തോളം ഫലസ്തീനികൾ തിങ്ങിക്കഴിയുന്ന ഗസ്സ സിറ്റിയെ തരിപ്പണമാക്കാൻ ഇസ്രായേൽ കര, വ്യോമ നീക്കങ്ങൾ തകൃതിയാക്കുന്നതിനിടെ ഗസ്സയിൽ പട്ടിണി മരണം കൂടുന്നു. 24 മണിക്കൂറിനിടെ മൂന്നു കുട്ടികളടക്കം 13 ഫലസ്തീനികളാണ് കൊടുംപട്ടിണി മുലം മരണത്തിന് കീഴടങ്ങിയത്. ഇതോടെ, പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 130 കുരുന്നുകളടക്കം 361 ആയി.
ഗസ്സയിലുടനീളം തുടരുന്ന ആക്രമണങ്ങളിൽ ചൊവ്വാഴ്ച സ്ഥിരീകരിച്ച മരണസംഖ്യ 78 ആണ്. ഗസ്സ സിറ്റിയിൽ മാത്രം 42 പേരെയാണ് ഇസ്രായേൽ സേന അറുകൊല നടത്തിയത്. ഗസ്സ സിറ്റിയിലെ ദറജിൽ ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടു. ഇവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്.ഖാൻ യൂനുസിലെ മവാസിയിൽ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ ഏഴു കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു.
വെള്ളം ശേഖരിക്കാനായി കാത്തുനിന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്. അതിനിടെ, ഏറ്റവുമൊടുവിൽ ഹമാസ് അംഗീകരിച്ച വെടിനിർത്തൽ നിർദേശത്തിന് ഇസ്രായേൽ പ്രതികരണം അറിയിച്ചിട്ടില്ലെന്ന് ഖത്തർ അറിയിച്ചു. ഗസ്സ സിറ്റിയിൽ ആക്രമണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പതിനായിരക്കണക്കിന് റിസർവ് സൈനികരെ പ്രദേശത്ത് വിന്യസിച്ച് തുടങ്ങിയിട്ടുണ്ട്.
അതേ സമയം, 44 രാജ്യങ്ങളിൽനിന്നുള്ളവരുടെ പങ്കാളിത്തത്തോടെ 20 ബോട്ടുകളിലായി ഗസ്സ ലക്ഷ്യമാക്കി പുറപ്പെട്ട സുമുദ് േഫ്ലാട്ടില വീണ്ടും ബാഴ്സലോണയിൽനിന്ന് യാത്ര തിരിച്ചു. കടുത്ത കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസം യാത്ര മുടക്കിയ േഫ്ലാട്ടിലയാണ് വീണ്ടും പുറപ്പെട്ടത്. പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് യാത്രയുടെ ഭാഗമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

