'ഹമാസുമായി ചർച്ച തുടരണം, ബന്ദികളെ തിരികെയെത്തിക്കണം'; ഇസ്രായേൽ പാർലമെന്‍റിലേക്ക് മാർച്ച് ചെയ്ത് കുടുംബാംഗങ്ങൾ
text_fieldsബന്ദികളായി തുടരുന്ന ഇസ്രായേലികളുടെ ബന്ധുക്കൾ ഇസ്രായേൽ പാർലമെന്‍റിലേക്ക് നടത്തിയ മാർച്ച്
തെൽ അവിവ്: ഗസ്സയിൽ ബന്ദികളായി തുടരുന്ന ഇസ്രായേലികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഇസ്രായേൽ പാർലമെന്‍റായ നെസറ്റിലേക്ക് മാർച്ച് നടത്തി. ഹമാസുമായി ഒത്തുതീർപ്പ് ചർച്ചകൾ പുന:രാരംഭിക്കണമെന്നും ബന്ദികളെ സുരക്ഷിതരായി തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും പാർലമെന്‍റ് മാർച്ച് നടന്നു.
67 ദിവസമായി ബന്ദികളാക്കപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ വലിയ വില നൽകേണ്ടിവരുമെന്ന് തങ്ങൾക്ക് അറിയാമെന്ന് മാർച്ചിൽ അണിനിരന്ന നദവ് റുദെയ്ഫ് എന്നയാൾ പറഞ്ഞു. റുദെയ്ഫിന്‍റെ പിതാവ് ഒക്ടോബർ ഏഴിന് ബന്ദിയാക്കപ്പെട്ടയാളാണ്. ധീരമായ തീരുമാനമെടുക്കാൻ ഭരണകൂടത്തിന് തങ്ങളുടെ പിന്തുണയുണ്ടെന്ന് മാർച്ചിൽ അണിനിരന്നവർ പറഞ്ഞു.
ഇസ്രായേൽ ഗസ്സയിൽ മനുഷ്യത്വരഹിത ആക്രമണം തുടരുന്നതിനിടെ ഹമാസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ബന്ദികളെ ജീവനോടെ തിരികെ വേണമെങ്കിൽ ഗസ്സക്കെതിരായ യുദ്ധം ഇസ്രായേൽ അവസാനിപ്പിക്കണമെന്നാണ് മുതിർന്ന ഹമാസ് വക്താവ് ഉസാമ ഹംദാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. യുദ്ധം അവസാനിക്കുന്നത് വരെ ബന്ദിമോചനത്തെക്കുറിച്ച് ഇനി ചർച്ച ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ ഏഴിന് ഇസ്രായേലിൽനിന്ന് പിടികൂടിയ 137 ബന്ദികൾ ഇപ്പോഴും ഹമാസിന്‍റെ കൈയിൽതന്നെയാണെന്ന് ഇസ്രായേൽ സർക്കാർ വക്താവ് എയിലോൺ ലെവി കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇവരിൽ 117 പുരുഷൻമാരും 20 സ്ത്രീകളുമാണുള്ളത്. ആകെ പിടികൂടിയ 247 ബന്ദികളിൽ 110 ബന്ദികളെ വെടിനിർത്തൽ കാലയളവിൽ ഹമാസ് മോചിപ്പിച്ചിരുന്നു. 86 ഇസ്രായേലികളും 24 വിദേശ പൗരന്മാരുമാണ് വിട്ടയക്കപ്പെട്ടത്. മറ്റ് ബന്ദികളെ വിട്ടയക്കണമെങ്കിൽ ഇസ്രായേൽ വർഷങ്ങളായി ജയിലിലടച്ച സ്ത്രീകളും കുട്ടികളുമടക്കമുള്ള ഏഴായിരത്തിലേറെ ഫലസ്തീനികളെ വിട്ടയക്കണമെന്നാണ് ഹമാസ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

