ജയിൽ മോചിതരായ ഫലസ്തീനികൾക്ക് നാട്ടിൽ വൻവരവേൽപ്പ്; 17 ബന്ദികളെ ഹമാസും മോചിപ്പിച്ചു
text_fieldsഗസ്സ: വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ ജയിലിൽ നിന്നും വിട്ടയച്ച 39 ഫലസ്തീനികൾക്കും നാട്ടിൽ ലഭിച്ചത് വൻ വരവേൽപ്പ്. ജയിൽ മോചിതരായ ഫലസ്തീനികളെ കാണാൻ നൂറ് കണക്കിനാളുകളാണ് എത്തിയത്. ഇവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം നാട്ടുകാരും എത്തിയിരുന്നു. വൈകാരികമായിരുന്നു ഫലസ്തീനികൾക്ക് നാട്ടിൽ ലഭിച്ച വരവേൽപ്പ്.
അതേസമയം കരാർ പ്രകാരം 17 ബന്ദികളെ ഹമാസും മോചിപ്പിച്ചു. ശനിയാഴ്ചയാണ് രണ്ടാം ബാച്ച് ബന്ദികളെ ഹമാസ് മോചിപ്പിച്ചത്. ഇതിൽ 13 ഇസ്രായേൽ പൗരൻമാരും നാല് തായ്‍ലാൻഡ് പൗരൻമാരും ഉൾപ്പെടുന്നുണ്ട്. ബന്ദികളെ മോചിപ്പിച്ച വിവരം ഇസ്രായേൽ പ്രതിരോധസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്ന് ഇസ്രായേൽ അറിയിച്ചു.
തടവുകാരുടെ കൈമാറ്റത്തിനായി ധാരണയിലെത്തിയ വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രായേൽ ലംഘിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബന്ദികളുടെ മോചനം ഹമാസ് വൈകിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ചർച്ചകൾക്കൊടുവിലാണ് ബന്ദികളുടെ മോചനം സാധ്യമായത്.
വടക്കൻ ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി വന്ന ട്രക്കുകൾ ഇസ്രായേൽ സൈന്യം തടഞ്ഞതായി ഫലസ്തീനിൽനിന്നുള്ള മാധ്യമപ്രവർത്തക ദിമ കാത്തിബ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ബാക്കി തടവുകാരുടെ മോചനം വൈകുമെന്ന് ശനിയാഴ്ച ഹമാസ് പ്രഖ്യാപിച്ചതിന് പിന്നിൽ ഇസ്രായേലിന്റെ വ്യവസ്ഥ ലംഘനമാണെന്ന് അവർ വ്യക്തമാക്കിയിരുന്നു.
വെടിനിർത്തൽ നിലനിൽക്കെ ഇസ്രായേൽ വെടിവെപ്പിൽ ഗസ്സയിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിയേറ്റവരുടെ അടുത്തേക്ക് വരാൻ ആരെയും അനുവദിച്ചില്ല. ഗസ്സയിലെ നിശ്ചിത മേഖലകളിൽ നിശ്ചിത സമയത്ത് ഇസ്രായേലിന്റെ വിമാനങ്ങളോ ഡ്രോണുകളോ പറക്കാൻ പാടില്ലെന്ന വ്യവസ്ഥയും പാലിച്ചില്ല.
മോചിതരാകുന്ന ഫലസ്തീനി തടവുകാരോട് മോശമായാണ് പെരുമാറിയത്. എത്രകാലം ജയിലിൽ കഴിഞ്ഞു എന്നതിനെ അടിസ്ഥാനമാക്കിയാണ് മോചിതരാകേണ്ടവരെ തെരഞ്ഞെടുക്കേണ്ടത് എന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇതും പാലിക്കപ്പെട്ടില്ല. ചില തടവുകാരെ ബന്ധുക്കൾ സ്വീകരിക്കുന്നയിടത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. അതേസമയം, ഹമാസ് ധാരണകൾ എല്ലാം പാലിച്ചെന്ന് ദിമ കാത്തിബിന്റെ കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

