വ്യാജ ബിരുദങ്ങൾ, രാഷ്ട്രീയ സമ്മർദം, ആൾമാറാട്ടം: എച്ച്-1ബി വിസകളിൽ വ്യാപക തട്ടിപ്പെന്ന് ആരോപണം
text_fieldsഎച്ച്-1ബി വിസ സംവിധാനത്തിൽ വ്യാപകമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇന്ത്യൻ-അമേരിക്കൻ നയതന്ത്രജ്ഞ മഹ്‌വാഷ് സിദ്ദിഖി ആരോപിച്ചു. ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ 80–90 ശതമാനം വ്യാജമാണെന്നും അവർ അവകാശപ്പെട്ടു. ചെന്നൈയിലെ യു.എസ് കോൺസുലേറ്റിൽ സേവനമനുഷ്ഠിച്ച സമയത്ത് (2005–2007) ഉദ്യോഗസ്ഥർ ഈ വിഷയം വാഷിങ്ണിനോട് ആവർത്തിച്ച് അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മഹ്‌വാഷ് സിദ്ദിഖി ചൂണ്ടിക്കാട്ടുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുക, മതിയായ വൈദഗ്ധ്യമില്ലാത്തവർ വിസ നേടുക, അഭിമുഖത്തിന് മറ്റൊരാളെ അയക്കുക തുടങ്ങിയ തട്ടിപ്പുകളാണ് പ്രധാനമായും നടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ എച്ച്-1ബി വിസ പ്രോസസ്സിങ് കേന്ദ്രങ്ങളിലൊന്നായ ചെന്നൈയിൽ 2024ൽ മാത്രം 2,20,000 എച്ച്-1ബി വിസകളും അവരുടെ കുടുംബാംഗങ്ങൾക്കായി 1,40,000 H-ഫോർ വിസകളും ഉൾപ്പെടെ യു.എസ് ഉദ്യോഗസ്ഥർ ലക്ഷക്കണക്കിന് നോൺ-ഇമിഗ്രന്‍റ് വിസകൾ തീർപ്പാക്കിയിരുന്നുവെന്ന് സിദ്ദിഖി പറഞ്ഞു. ഇന്‍റർവ്യൂ ചെയ്യുന്നയാൾ അമേരിക്കക്കാരനാണെങ്കിൽ ഉദ്യോഗാർഥികൾ അഭിമുഖം പൂർണ്ണമായും ഒഴിവാക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആൾമാറാട്ടം നടത്തി അഭിമുഖത്തിന് ഹാജരായവരുണ്ട്. ഇന്ത്യൻ മാനേജർമാർ കൈക്കൂലി വാങ്ങി ഇന്ത്യക്കാർക്ക് ജോലി നൽകിയിരുന്നുവെന്നും മഹ്‌വാഷ് അവകാശപ്പെട്ടു.
താൻ രണ്ട് വർഷം ചെന്നൈ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നതായും അതിനിടെ 51,000ത്തിലധികം നോൺ-ഇമിഗ്രന്റ് വിസകളിൽ അധികവും എച്ച്-1ബി വിസകളായിരുന്നു കൈകാര്യം ചെയ്തതെന്നും അവർ പറഞ്ഞു. ചെന്നൈ കോൺസുലേറ്റിൽ പ്രധാനമായും ഹൈദരാബാദ്, കർണാടക, കേരളം, തമിഴ്‌നാട് എന്നീ നാല് മേഖലകളിൽ നിന്നുള്ള അപേക്ഷകളാണ് എത്തിയിരുന്നത്. ഇതിൽ ഹൈദരാബാദിൽ നിന്നുള്ള അപേക്ഷകളായിരുന്നു ഏറ്റവും കൂടുതൽ ആശങ്കയുണ്ടാക്കിയതെന്നും മഹ്‌വാഷ് പറയുന്നു.
താൻ ഇവിടെ സംസാരിക്കുന്നത് ഒരു നയതന്ത്രജ്ഞ എന്ന നിലയിലല്ല മറിച്ച് സ്വകാര്യ നിലപാടിലാണ് എന്നും അവർ വ്യക്തമാക്കി. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം എന്നീ മേഖലകളിൽ അമേരിക്കക്ക് കഴിവുള്ള ആളുകളുടെ കുറവുണ്ടെന്നും അതിനാൽ ഇന്ത്യയിൽ നിന്ന് ആളുകളെ എടുക്കേണ്ടതുണ്ടെന്നുമുള്ള വാദത്തെ മഹ്‌വാഷ് ചോദ്യം ചെയ്തു. ഈ തട്ടിപ്പുകളിൽ നിരവധി രാഷ്ട്രീയക്കാർക്ക് പങ്കുണ്ടെന്നും തങ്ങൾ അന്വേഷണം നടത്താതിരിക്കാൻ വലിയ സമ്മർദമുണ്ടായിരുന്നു എന്നും അവർ ആരോപിച്ചു. ഇന്ത്യൻ രാഷ്ട്രീയക്കാരെ സന്തോഷിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും മഹ്‌വാഷ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

