വാർത്തകൾക്ക് പണം: മർഡോക്കുമായി ഫേസ്ബുക്ക് കരാർ
text_fieldsസിഡ്നി: ആസ്ട്രേലിയയിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്ന വാർത്തകൾക്ക് പ്രതിഫലം നൽകാമെന്ന് ഫേസ്ബുക്കും സമ്മതിച്ചു. മാധ്യമ രംഗത്തെ അമേരിക്കൻ ഭീമനായ റൂപർട്ട് മർഡോക്കിെൻറ ന്യൂസ് കോർപ് ആസ്ട്രേലിയയുമായാണ് ഫേസ്ബുക്ക് പ്രതിഫലം സംബന്ധിച്ച് കഴിഞ്ഞ ദിവസം കരാറിലേർപ്പെട്ടത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്ന വാർത്തകൾക്ക് ഗൂഗ്ൾ, ഫേസ്ബുക്ക് ഉൾപ്പെടെ ഡിജിറ്റൽ സ്ഥാപനങ്ങൾ പണം നൽകണമെന്ന നിയമം ആസ്ട്രേലിയൻ സർക്കാർ അംഗീകരിച്ചതോടെയാണ് ഫേസ്ബുക്കിെൻറ നടപടി. മൂന്നു വർഷത്തേക്കാണ് കരാറെങ്കിലും എത്ര തുകയാണെന്ന് മർഡോക് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞമാസം ഗൂഗ്ളുമായും ആഗോള തലത്തിൽ മർഡോക് സമാന കരാറിൽ ഏർപ്പെട്ടിരുന്നു.
ഫേസ്ബുക്ക്, ഗൂഗ്ൾ തുടങ്ങിയ ഡിജിറ്റൽ രംഗത്തെ വൻകിട കോർപറേറ്റുകൾ അവരുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വാർത്തകൾ ലഭ്യമാക്കുന്നത് വഴി മാധ്യമ സ്ഥാപനങ്ങൾക്ക് വലിയ വരുമാന നഷ്ടം സംഭവിച്ചിരുന്നു. ഇത് തടയുന്നതിെൻറ ഭാഗമായാണ് ലോകത്ത് ആദ്യമായി ആസ്ട്രേലിയൻ സർക്കാർ വാർത്തക്ക് പണം എന്ന നിയമത്തിന് അംഗീകാരം നൽകിയത്.
ന്യൂസ് കോർപറേഷൻ ആസ്ട്രേലിയ കൂടാതെ ദ ആസ്ട്രേലിയൻ, ദ ഡെയ്ലി ടെലിഗ്രാഫ്, ദ ഹെറാൾഡ് സൺ തുടങ്ങിയ പത്രങ്ങളും മർഡോക്കിേൻറതായി ആസ്ട്രേലിയയിൽ പ്രവർത്തിക്കുന്നു. ഫോക്സ് ന്യൂസ്, സ്കൈ ന്യൂസ് ആസ്ട്രേലിയ എന്നീ വാർത്ത ചാനലുകളും മർഡോക്കിനുണ്ട്. നഷ്ടത്തിലോടുന്ന വാർത്ത മാധ്യമങ്ങൾക്ക് ഫേസ്ബുക്കിെൻറ നീക്കം പുതിയ പ്രതീക്ഷയാണ് നൽകുന്നതെന്ന വിലയിരുത്തലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

