
ജർമനിയിലും അയൽരാജ്യങ്ങളിലും പ്രളയപ്പാച്ചിൽ; അമേരിക്കയെ പൊള്ളിച്ച് ഉഷ്ണതരംഗം- കാലാവസ്ഥ വ്യതിയാനം പടിഞ്ഞാറിന്‍റെ ജീവനെടുക്കുന്നു
text_fieldsവാഷിങ്ടൺ: ജർമനിയും ബെൽജിയവും സമീപ കാലത്തെ ഏറ്റവും വലിയ പ്രളയത്തിൽ മുങ്ങി മരണവുമായി മുഖാമുഖം നിൽക്കുന്നു. സ്വിറ്റ്സർലൻഡ്, ലക്സംബർഗ് തുടങ്ങിയ അയൽരാജ്യങ്ങളിലും കനത്ത മഴ ഭീതി വിതക്കുന്നു. അകലെ കാനഡയുൾെപടെ വടക്കേ അമേരിക്കൻ ഭൂഖണ്ഡമാകട്ടെ, കടുത്ത ചൂടിൽ വെന്തുരുകി മരണസംഖ്യ ഉയരുന്നു. കോവിഡ് മഹാഭീതിയായി വേട്ടയാടുന്നതിനിടെ പടിഞ്ഞാറൻ രാജ്യങ്ങളെ ശരിക്കും മുൾമുനയിലാക്കി ദുരന്തം വന്നുവിളിക്കുേമ്പാൾ പ്രതിസന്ധിയുടെ നടുക്കയത്തിൽ ഭരണകൂടങ്ങൾ.
കടുത്ത ശൈത്യം മാത്രം പരിചയിച്ച യു.എസിന്‍റെ വടക്കു കിഴക്കൻ മേഖലയിൽ അടുത്തിടെ അത്യുഷ്ണത്തിന് ഇരയായി മരിച്ചത് നൂറുകണക്കിന് പേർ. കാനഡയിൽ ചൂടിൽ വെന്ത് തീപിടിച്ചപ്പോൾ ഒരു ഗ്രാമം പൂർണമായി തുടച്ചുനീക്കപ്പെട്ടു. അങ്ങ് ദൂരെ മോസ്കോയിലും അത്യൂഷ്ണം ഭീതി വിതക്കുന്നു. നേർവിപരീതമാണ് യൂറോപിലെ ജർമനിയിലും നെതർലൻഡ്സിലും. ഒരു പട്ടണത്തിൽ 1300 പേർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയപ്പോൾ ഇതുവരെയും കണ്ടെത്താനായത് 100 ലേറെ മൃതദേഹങ്ങൾ. സമീപ പ്രദേശങ്ങളിലും ആൾനാശം ശക്തം.
യൂറോപിലും ഉത്തര അമേരിക്കയിലും അപ്രതീക്ഷിതമായി എത്തിയ കാലാവസ്ഥ മാറ്റമാണ് ശരിക്കും ഞെട്ടലാകുന്നത്. ശാസ്ത്രവും ചരിത്രവും തിരുത്തി, പ്രവചനങ്ങൾ തെറ്റിച്ചാണ് ചൂടും മഴയും അതിതീവ്രമായി എത്തിയത്. സർക്കാറുകൾ മുൻകരുതൽ സ്വീകരിക്കാത്തത് മരണനിരക്ക് ഉയർത്തി. പ്രളയം ഇപ്പോഴും തുടരുന്ന ജർമനിയിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് മുന്നറിയിപ്പ്.
കൽക്കരിയും എണ്ണയും പ്രകൃതി വാതകവും സമൃദ്ധമായി കത്തിച്ച് വ്യവസായങ്ങൾ നടത്തുകയും വാഹനം ഓടിക്കുകയും ചെയ്യുന്നത് ആഘോഷമാക്കുന്നതിനിെട എത്തിയ ദുരന്തം ഇനിയും കാർബൺ വികിരണം കുറച്ചില്ലെങ്കിൽ നഷ്ടക്കണക്ക് ഉയർത്തുമെന്ന മുന്നറിയിപ്പ് നൽകുന്നു. വ്യവസായം ഏറെ മുന്നിൽ നിൽക്കുന്ന സമ്പന്ന രാജ്യങ്ങളെയാണ് ഇത്തവണ പ്രളയവും ചൂടും ശരിക്കും വലച്ചത്. നവംബറിൽ ഗ്ലാസ്ഗോയിൽ യു.എൻ പരിസ്ഥിതി ഉച്ചകോടി നടക്കാനിരിക്കെ ആണ് ഈ ദുരിതപ്പെയ്ത്ത് എന്നത് ശ്രദ്ധേയം.
ഇതുപക്ഷേ, സമ്പന്ന രാജ്യങ്ങളിലെ മാത്രം സ്ഥിതിയല്ല. ബംഗ്ലദേശിൽ വിളകൾ സമ്പൂർണമായി നശിച്ചുപോയതും ഹോണ്ടുറാസിൽ നിരവധി ഗ്രാമങ്ങൾ നിരപ്പാക്കപ്പെട്ടതും ഉദാഹരണം. ഫിലിപ്പീൻസിൽ അടിച്ചുവീശിയ ഹയാൻ ചുഴലിക്കൊടുങ്കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
കാർബൺ വിഗിരണം വരുത്തുന്ന മഹാനാശം മുന്നിൽകണ്ട് യൂറോപ്യൻ കമീഷൻ അടുത്തിടെ പുതിയ നയരേഖ സമർപിച്ചിരുന്നു. 2035ഓടെ പെട്രോൾ- ഡീസൽ ഇന്ധനത്തിൽ ഓടുന്ന പുതിയ വാഹനങ്ങൾക്ക് വിലക്കേർപെടുത്തലുൾപെടെ നിർദേശങ്ങളായിരുന്നു അതിൽ പ്രധാനം. ഓരോ കമ്പനിയും പുറന്തള്ളുന്ന പുകക്ക് നിശ്ചിത തുക നിശ്ചയിച്ചും കാലാവസ്ഥ നയം നടപ്പാക്കാത്ത രാജ്യങ്ങളിൽനിന്ന് ഇറക്കുമതിക്ക് നിയന്ത്രണമേർപെടുത്തിയുമുള്ളതാണ് മറ്റു വ്യവസ്ഥകൾ. ഇവ പക്ഷേ, എത്രകണ്ട് നടപ്പാക്കപ്പെടുമെന്നതാണ് പ്രശ്നം. വ്യവസായ സ്ഥാപനങ്ങൾ ഇവക്കെതിരെ കടുത്ത വിമർശനം ഉയർത്തിക്കഴിഞ്ഞു.
1880നു ശേഷം അന്തരീക്ഷ മർദത്തിൽ ഒരു ഡിഗ്രി കൂടിയതായാണ് കണക്ക്. വ്യവസായ യുഗം ആരംഭിച്ച ശേഷം 1.5 ഡിഗ്രിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
