ഫ്രാൻസിലെ ഇസ്ലാം വിരുദ്ധ ബിൽ; നിയമം ലക്ഷ്യംവക്കുന്നതാരെ? പ്രധാന വ്യവസ്ഥകൾ ഇതാണ്
text_fieldsറാഡിക്കൽ ഇസ്ലാമിനെതിരേ എന്ന പേരിൽ ഫ്രാൻസ് നടപ്പാക്കാനൊരുങ്ങുന്ന നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ പുറത്തുവന്നു. 'തീവ്ര ഇസ്ലാമികത' നേരിടുന്നത് ലക്ഷ്യമിടുന്ന കരട് നിയമം ഫ്രഞ്ച് മന്ത്രിസഭയിൽ ബുധനാഴ്ച അവതരിപ്പിച്ചിരുന്നു. 'ഇസ്ലാമിസ്റ്റ്'എന്ന വാക്ക് കരടിെൻറ ഭാഗമായിട്ടില്ലെങ്കിലും നിരവധി സംശയങ്ങളാണ് ബില്ലിനെപറ്റി ഫ്രാൻസിൽ ഉയരുന്നത്. 'റിപ്പബ്ലിക്കൻ തത്വങ്ങൾ ശക്തിപ്പെടുത്തുന്നതിന്'എന്നപേരിൽ നടപ്പാക്കാനൊരുങ്ങുന്ന ബിൽ ജനുവരിയിൽ ദേശീയ അസംബ്ലിയിയിൽ അവതരിക്കും. ബില്ലിനെ 'വിഭജന നിയമം' എന്നാണ് ലോകത്തെ മനുഷ്യാവകാശ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്.
'ഇത് ഏതെങ്കിലും മതത്തിനെതിരെയോ മുസ്ലിംഗൾക്കെതിരെയോ ഉള്ള നിയമമല്ല. മറിച്ച് ഫ്രഞ്ച് ജനതയെ ഭിന്നിപ്പിക്കുന്ന തീവ്ര ഇസ്ലാമികതയ്‌ക്കെതിരെയുള്ളതാണ്'-ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് പറഞ്ഞു. അടുത്ത കാലത്തായി ഫ്രാൻസിൽ നടന്ന തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബിൽ കൊണ്ടുവരുന്നത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്‌ലിംഗളുള്ള രാജ്യമായ ഫ്രാൻസിെൻറ നീക്കം ലോകവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.
നിയമം ലക്ഷ്യമിടുന്നത്
സ്കൂൾ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ, പള്ളികളിലും മതപ്രസംഗകരിലും കർശനമായ നിയന്ത്രണങ്ങൾ, ഓൺലൈനിൽ വിദ്വേഷ പ്രചാരണങ്ങൾക്കെതിരായ നിയമങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി നടപടികൾ പുതിയ ബില്ല് വിഭാവനം ചെയ്യുന്നു. നിയമം പ്രാബല്യത്തിൽ വന്നാൽ ഫ്രഞ്ച് പള്ളികളുടെ പ്രവർത്തനങ്ങളുടെമേൽ കടുത്ത നിരീക്ഷണം ഏർപ്പെടുത്താനാകും. ഇമാമുകൾക്ക് സ്റ്റേറ്റ് നേരിട്ട് പരിശീലനം നൽകാനും ബില്ല് വ്യവസ്ഥചെയ്യുന്നു. ലിംഗസമത്വം പോലുള്ള 'റിപ്പബ്ലിക്കൻ തത്വങ്ങൾക്ക്'എതിരാണെന്ന് തോന്നിയാൽ പൊതു സബ്‌സിഡി ലഭിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടാനും സർക്കാരിന് അധികാരമുണ്ടായിരിക്കും. മിതവാദികളായ മതനേതാക്കൾക്ക് സംരക്ഷണം ലഭിക്കും.
മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾക്കായി ഹോം-സ്കൂളിങ് ഏർപ്പെടുത്തും. 'കന്യകത്വ സർട്ടിഫിക്കറ്റ്' നൽകുന്ന ഡോക്ടർമാർക്ക് പിഴയോ ജയിൽശിക്ഷയോ നൽകും. ബഹുഭാര്യത്വ അപേക്ഷകർക്ക് റെസിഡൻസി പെർമിറ്റ് നൽകുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ വിലക്കും. വിവാഹത്തിന് മുമ്പ് ദമ്പതികളെ സിറ്റി ഹാൾ അധികൃതർ പ്രത്യേകം അഭിമുഖം നടത്തും. നിർബന്ധിച്ചാണോ വിവാഹം നടത്തുന്നത് എന്ന് തിരിച്ചറിയാനാണിത്. ഓൺലൈൻ വിദ്വേഷ പ്രചരണത്തിന് കർശന ശിക്ഷകൾ ഏർപ്പെടുത്താനും നിയമം വ്യവസ്ഥെചയ്യുന്നു.
അനന്തരഫലം
ഫ്രഞ്ച് മുസ്‌ലിംകളെ അന്യവത്കരിക്കാൻ ബിൽ കാരണമാകുമെന്ന് വിമർശകർ ഇതിനകംതന്നെ ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ 2022 ൽ വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നുണ്ട്. രാജ്യത്തെ തീവ്ര വലതുപക്ഷത്തിെൻറ സഹായം തെരഞ്ഞെടുപ്പിൽ ഉറപ്പാക്കാനാണ് മാക്രോണിെൻറ പുതിയ നീക്കങ്ങളെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

