വെനസ്വേലയുടെ എണ്ണ ട്രംപിന് പെട്ടെന്ന് ‘അടിച്ചുമാറ്റാനാവില്ലെന്ന്’ വിദഗ്ധർ
text_fieldsകാരക്കാസ്: വെനിസ്വേലൻ പ്രസിഡന്റ് നികോളാസ് മദൂറോയെ തട്ടിക്കൊണ്ടുപോതിനു പിന്നാലെ, വെനസ്വേലയുടെ എണ്ണ ശേഖരം ‘തിരിച്ചുപിടിച്ച്’ ആഗോള വിപണിയിലേക്ക് തുറന്നുവിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, ലാറ്റിനമേരിക്കൻ രാജ്യത്തിന്റെ വിശാലമായ എണ്ണ ശേഖരം ചൂഷണം ചെയ്യുന്നതിന് നിരവധി വലിയ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്ന് വിദഗ്ധർ പറയുന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച, നിയമപരമായ തടസ്സങ്ങൾ, രജ്യത്തിന്റെ പുതിയ നേതൃത്വം സംബന്ധിച്ച അനിശ്ചിതത്വം, ആഗോള വിപണിയിൽ എണ്ണയുടെ അധിക വിതരണം എന്നിവയാണവ.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം വെനിസ്വേക്കുണ്ട്. ഏകദേശം 303 ബില്യൺ ബാരൽ എന്നാണ് കണക്കാക്കുന്നത്. എന്നാൽ, നിലവിൽ ആഗോള ഉൽപാദനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ അവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. നവംബറിൽ കണക്കാക്കിയ ഉൽപാദനം പ്രതിദിനം 860,000 ബാരൽ ആയിരുന്നു. ലോകത്തിലെ ആകെ ഉൽപ്പാദനത്തിന്റെ 1 ശതമാനത്തിൽ താഴെയാണിത്. 1970 ലെ ഏറ്റവും കൂടിയ ഉൽപാദനത്തിന്റെ സമയത്ത് ഇത് പ്രതിദിനം 3.7 ദശലക്ഷം ബാരൽ ആയിരുന്നു.
ഉപരോധങ്ങൾ നീക്കുന്നതിലൂടെ ട്രംപ് ഭരണകൂടത്തിന് ഹ്രസ്വകാലത്തേക്ക് വിതരണം വർധിപ്പിക്കാൻ കഴിയുമെങ്കിലും, വെനിസ്വേലയുടെ ഉൽപാദനം ഏറ്റവും കൂടിയ ലെവലിനടുത്തുള്ളതിലേക്ക് പുനഃസ്ഥാപിക്കാൻ വലിയ നിക്ഷേപം ആവശ്യമായി വരുമെന്നും ഇതിന് വർഷങ്ങളെടുക്കുമെന്നും ഊർജ വിശകലന വിദഗ്ധർ പറയുന്നു.
വെനിസ്വേലയുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ മോശം അവസ്ഥയിലാണെന്ന് വാഷിങ്ടൺ സർവകലാശാലയിലെ ആഗോള ഊർജ വിദഗ്ധനായ സ്കോട്ട് മോണ്ട്ഗോമറി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഉപകരണങ്ങളുടെയും എണ്ണപ്പാട കിണറുകളുടെയും അറ്റകുറ്റപ്പണികളുടെ അഭാവം മൂലം വെനിസ്വേലയുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ മൊത്തത്തിൽ മോശം അവസ്ഥയിലാണ്.
ഒപ്പം, വെനിസ്വേലക്കും അതിന്റെ എണ്ണ ശേഖരത്തിനും വേണ്ടിയുള്ള യു.എസിന്റെ പദ്ധതികളെക്കുറിച്ച് ട്രംപ് ഭരണകൂടം പരസ്പരവിരുദ്ധമായ കാര്യങ്ങൾ ആണ് പുറത്തുവിടുന്നത്. യു.എസ് വെനിസ്വേലയെ നിയന്ത്രിക്കുമെന്നും രാജ്യത്തിന്റെ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനും എണ്ണ ഒഴുക്കിവിടുന്നതിനും കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ യു.എസ് എണ്ണ കമ്പനികൾ തയ്യാറാണെന്നും ട്രംപ് പറഞ്ഞു.
എന്നാൽ, യുഎസ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ രാജ്യത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശങ്ങളെ നിസ്സാരവൽക്കരിക്കാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശ്രമിച്ചു. പ്രസിഡന്റ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നയം പരാമർശിക്കുക മാത്രമാണെന്നും അവിടെ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പദ്ധതികൾ ആണെന്നുമായിരുന്നു റൂബിയോയുടെ വാക്കുകൾ.
അന്താരാഷ്ട്ര നിയമപ്രകാരം, വെനസ്വേലയുടെ എണ്ണ ശേഖരത്തിൽ യു.എസിന് ഉടമസ്ഥാവകാശം അവകാശപ്പെടാനാവില്ല. കാരണം ഐക്യരാഷ്ട്രസഭ അംഗീകരിച്ച ‘പ്രകൃതിവിഭവങ്ങളുടെ മേലുള്ള സ്ഥിരമായ പരമാധികാര തത്വ’ത്തിന് കീഴിൽ അതതു പരമാധികാര രാഷ്ട്രങ്ങൾക്ക് അവയുടെ പ്രകൃതിവിഭവങ്ങൾ നിയന്ത്രിക്കാനും ഉപയോഗിക്കാനും അവകാശമുണ്ട്. എങ്കിലും, അധികൃതർ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമ്പോൾ വിദേശ നിക്ഷേപകർക്ക് നഷ്ടപരിഹാരം അവകാശപ്പെടാമെന്നും പറയുന്നു.
ഷെവ്‌റോൺ, എക്സോൺ മൊബിൽ, കൊണോകോഫിലിപ്‌സ് എന്നിവയുൾപ്പെടെയുള്ള യു.എസ് എണ്ണ ഭീമന്മാർ വെനിസ്വേലയിലെ ആസൂത്രിത നിക്ഷേപങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ആദ്യം അനുവദിച്ച യു.എസ് ഉപരോധ ഇളവിന്റെ ഫലമായി വെനസ്വേലയിൽ നിലവിൽ പ്രവർത്തിക്കുന്ന ഒരേയൊരു വലിയ യു.എസ് എണ്ണക്കമ്പനിയാണ് ഷെവ്‌റോൺ.
ആഗോള എണ്ണവില ബാരലിന് 60 ഡോളറിൽ താഴെയായിത്തീർന്നിരിക്കെ, വിതരണത്തിലെ വർധനവ് കാരണം എണ്ണക്കമ്പനികൾ രാജ്യത്ത് വലിയ നിക്ഷേപങ്ങളിൽ ഏർപ്പെടാൻ മടിച്ചേക്കാമെന്ന് എനർജി പ്രൈസ് ട്രാക്കർ ഗ്യാസ്ബഡിയിലെ വിശകലന വിദഗ്ധനായ പാട്രിക് ഡി ഹാൻ പറഞ്ഞു. ‘പലരും കരുതുന്നതിനേക്കാൾ കൂടുതൽ സമയമെടുക്കും. ഇന്നത്തെ കുറഞ്ഞ വിലയുള്ള അന്തരീക്ഷത്തിൽ എണ്ണക്കമ്പനികൾ എണ്ണവില ഇതിനകം കുറവായിരിക്കെ കോടിക്കണക്കിന് നിക്ഷേപിക്കുന്നതിൽ ജാഗ്രത പാലിക്കും’ -ഡി ഹാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

