അസമിലും യു.പിയിലും മുസ്‍ലിംകൾക്കെതിരെ പീഡനവും വർണവിവേചനവും; വംശഹത്യക്കുള്ള ഒരുക്കമെന്ന് വിദഗ്ധ സമിതി
text_fieldsലണ്ടൻ: ഇന്ത്യയിലെ അസം, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ മുസ്‍ലിം ജനവിഭാഗങ്ങൾക്കെതിരെ നടക്കുന്നത് മാനവികതക്കെതിരായ കുറ്റകൃത്യങ്ങളാണെന്ന് അന്താരാഷ്ട്ര നിയമ-മനുഷ്യാവകാശ വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളും ബുൾഡോസർ രാജും ഉൾപ്പടെയുള്ള നടപടികൾ വംശഹത്യക്കുള്ള മുന്നൊരുക്കമാണെന്നും റിപ്പോർട്ട്. ലണ്ടനിലെ കിങ്‌സ് കോളജിൽ ചൊവ്വാഴ്ച പുറത്തിറക്കിയ ‘അസം, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുസ്‍ലിംകൾക്കെതിരായ അന്താരാഷ്ട്ര നിയമലംഘനങ്ങൾ 2022-25’ എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‍ലിംകളെ ലക്ഷ്യമിട്ട് ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവരെ അനധികൃത കുടിയേറ്റക്കാർ എന്ന് മുദ്രകുത്തി പൗരത്വം നിഷേധിക്കുന്നതും വൻതോതിൽ കുടിയൊഴിപ്പിക്കുന്നതും ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന അപ്പാർത്തൈഡ് (വർണ്ണവിവേചനം) എന്ന കുറ്റകൃത്യത്തിന് തുല്യമാണ്. 2025 മേയ് മാസത്തിനും 2026 ജനുവരിക്കുമിടയിൽ മാത്രം 2,450ഓളം പേരെ സംസ്ഥാനത്തുനിന്ന് പുറത്താക്കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. മുസ്‍ലിംകളെ നുഴഞ്ഞുകയറ്റക്കാരായ' ചിത്രീകരിക്കുന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രസ്താവനകൾ വംശഹത്യക്ക് കളമൊരുക്കുന്നതാണെന്നും സമിതി നിരീക്ഷിച്ചു.
യു.പി പൊലീസിന്റെ ഹാഫ് എൻകൗണ്ടർ രീതികൾ മനുഷ്യത്വവിരുദ്ധമായ പീഡനമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മുസ്‍ലിം പ്രതിഷേധക്കാരെ ലക്ഷ്യം വെച്ചുള്ള വീട് പൊളിക്കൽ (ബുൾഡോസർ രാജ്), മാംസവ്യാപാരം നടത്തുന്നവർക്കെതിരായ വിവേചനം, മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗം എന്നിവയും മാനവികതക്കെതിരായ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുമെന്ന് സമിതി കണ്ടെത്തി.
സെർബിയ, ഇന്തോനേഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ മനുഷ്യാവകാശ വിദഗ്ധർ ഉൾപ്പെട്ട സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഇന്ത്യയിൽ മുസ്‍ലിംകൾക്ക് നീതി ലഭിക്കാൻ നിലവിൽ സാഹചര്യമില്ലെന്നും അതിനാൽ ഐക്യരാഷ്ട്രസഭ ഉടൻ ഇടപെട്ട് സ്വതന്ത്രമായ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കുറ്റവാളികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഉപരോധം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

