ആകാംക്ഷയിൽ ലോകം; ചന്ദ്രനിൽ വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള ആർട്ടിമിസ് ദൗത്യം ഇന്ന്
text_fieldsന്യൂയോർക്ക്: ചന്ദ്രനിലേക്കു വീണ്ടും മനുഷ്യനെ അയക്കാനുള്ള നാസയുടെ ദൗത്യവും ശിരസേറ്റി ആർട്ടിമിസ്-1 ഇന്ന് കുതിക്കും. ഇന്ത്യൻ സമയം ഇന്ന് വൈകീട്ട് 6.04ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും കരുത്തേറിയ 322 അടി ഉയരമുള്ള സ്പേസ് ലോഞ്ച് സിസ്റ്റം(എസ്.എൽ.എസ്) എന്ന റോക്കറ്റിലേറിയാണ് ആർട്ടിമിസിന്റെ ദൗത്യം. അപ്പോളോ ദൗത്യം കഴിഞ്ഞ് 50 വർഷത്തിനു ശേഷമാണ് ആർട്ടിമിസ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. ആർട്ടിമിസ് കുതിച്ചുയരുന്നതു കാണാൻ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അടക്കമുള്ള ആയിരങ്ങൾ എത്തും. ഗ്രീക്ക് ദേവതകളിൽ ഒരാളുടെ പേരാണ് ആർട്ടിമിസ്. ഗ്രീക്ക് പുരാണത്തിൽ അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയാണ് ആർട്ടിമിസ്. ആദ്യ ചാന്ദ്ര ദൗത്യത്തിന് അപ്പോളോ എന്നായിരുന്നു പേര്. വിക്ഷേപണത്തിനു ശേഷം ആറാഴ്ച കൊണ്ടാണ് ആർട്ടിമിസ്-1 യാത്ര പൂർത്തിയാക്കുക.
മനുഷ്യരില്ലാ ദൗത്യം
ദൗത്യം പരീക്ഷണാർഥമാകയാൽ മനുഷ്യരെ കൊണ്ടുപോകുന്നില്ല. ഒരു യാത്ര പേടകത്തെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിക്ഷേപിക്കാൻ ആർട്ടിമിസ് ശ്രമം നടത്തും. ഓറിയോൺ എന്നാണ് ആ പേടകത്തിന്റെ പേര്. അപ്പോളോ ദൗത്യത്തിൽ ലഭ്യമല്ലാത്ത പുതിയ സാങ്കേതിക വിദ്യയാണ് ആർട്ടിമിസ് ദൗത്യങ്ങൾ ഉപയോഗപ്പെടുത്തുന്നതെന്ന് ബോൾഡറിലെ കൊളറാഡോ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ജാക്ക് ബേൺസ് പറയുന്നു. അടുത്ത ദൗത്യമായ ആർട്ടിമിസ്-2 വിലൂടെ ബഹിരാകാശയാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാതെ ഭ്രമണപഥത്തിൽ എത്തിക്കാനാണ് പദ്ധതി. ആദ്യത്തെ രണ്ട് ആർട്ടിമിസ് ദൗത്യങ്ങൾ വിജയിച്ചാൽ, ചന്ദ്രോപരിതലത്തിൽ കാലുകുത്തുന്ന ആദ്യ വനിത ഉൾപ്പെടെയുള്ള ബഹിരാകാശയാത്രികരെ ചന്ദ്രനിൽ തിരികെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. അതും 2025ൽ. ''ഒരുപാട് ആളുകളുടെ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഈ ദൗത്യം പോകുന്നു. ഞങ്ങൾ ഇപ്പോൾ ആർട്ടിമിസ് തലമുറയാണ്''-നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അഭിപ്രായപ്പെട്ടു.
ഓറിയോൺ പേടകം
നാലു യാത്രക്കാരെ വഹിക്കാനുള്ള ശേഷി ഓറിയോൺ പേടകത്തിനുണ്ട്. യാത്രക്കാർക്ക് പകരം മൂന്നു പാവകളെ ഓറിയോൺ പേടകത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കമാൻഡർ മൂൺക്വിൻ കാം പോസാണ് ഇതിൽ പ്രധാനി. ഹെൽഗ,സോഹർ എന്നിങ്ങനെയാണ് മറ്റു പാവകളുടെ പേര്. പാവകൾ അണിഞ്ഞ സ്പേസ് സ്യൂട്ട് തിരിച്ചെത്തിയാലുടൻ നാസ പരിശോധനക്ക് വിധേയമാക്കും. ബഹിരാകാശ വികിരണങ്ങളുടെ തോതും തീവ്രതയും അളക്കുന്നതിനാണിത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലെത്താൻ ഓറിയോൺ ഒരാഴ്ച എടുക്കും. അഞ്ചാഴ്ചക്കു ശേഷം അത് പസഫിക് സമുദ്രത്തിലേക്ക് വീഴും.
റോക്കറ്റിലെ കോർ സ്റ്റേജ് വിക്ഷേപണത്തിനു ശേഷം കുറച്ചുസമയം കഴിയുമ്പോൾ ഭൂമിയിൽ പതിക്കും. ഭൂമിയിൽ നിന്ന് 3,86000കി.മി അകലെയാണ് ചന്ദ്രൻ എന്നോർക്കണം. ചൊവ്വയിലേക്കും മനുഷ്യനെ അയക്കാൻ നാസക്കു പദ്ധതിയുണ്ട്. 9300 കോടി ഡോളർ ചെലവു വരുന്ന പദ്ധതിയാണ് ആർട്ടിമിസ്. ആദ്യഘട്ടത്തിൽ 400 കോടി ഡോളർ ആണ് ചെലവ്. 1969ലായിരുന്നു അപ്പോളോ -11 ദൗത്യം. 1972ൽ അപ്പോളോ-17ന്റെ രണ്ട് പേരടങ്ങുന്ന സംഘമാണ് ചന്ദ്രനിൽ അവസാനമായി നടന്ന മനുഷ്യർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

