സമ്മാനമായി കിട്ടിയ നെക്ലേസ് 18 കോടിക്ക് വിറ്റു; ഇംറാൻ ഖാനെതിരെ അന്വേഷണം
text_fieldsപ്രധാനമന്ത്രി പദത്തിലിരിക്കുന്നതിനിടെ സമ്മാനമായി ലഭിച്ച ആഡംബര നെക്ലേസ് 18 കോടിക്ക് വിറ്റെന്ന ആരോപണത്തിൽ ഇംറാൻ ഖാനെതിരെ അന്വേഷണം. രാജ്യത്തിന്‍റെ സമ്മാന ശേഖരത്തിലേക്ക് നൽകുന്നതിനു പകരം സ്വർണ വ്യാപാരിക്ക് വിൽപന നടത്തിയെന്ന ആരോപണത്തിലാണ് രാജ്യത്തെ മുതിർന്ന അന്വേഷണ ഏജൻസിയായ ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) അന്വേഷണം നടത്തുന്നത്.
അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായതിനു പിന്നാലെയാണ് മുൻ ക്രിക്കറ്റ് താരം കൂടിയായ ഇംറാനെതിരെ എഫ്.ഐ.എയുടെ അന്വേഷണം. മുൻ സ്പെഷ്യൽ അസിസ്റ്റന്‍റ് സുൽഫീക്കർ ബുഖാരിക്ക് നെക്ലേസ് കൈമാറുകയും അദ്ദേഹം ലാഹോറിലെ സ്വർണ വ്യാപാരിക്ക് 18 കോടി രൂപക്ക് വിൽപന നടത്തിയെന്നും എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. പൊതു സമ്മാനങ്ങൾ അതിന്റെ പകുതി വില നൽകി വ്യക്തികൾക്ക് സ്വന്തമാക്കാം. എന്നാൽ, ഇംറാൻ ചെറിയ തുക മാത്രമാണ് ഖജനാവിൽ നിക്ഷേപിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഔദ്യോഗിക പദവിയിലിരിക്കുന്ന കാലയളവിൽ ലഭിക്കുന്ന സമ്മാനങ്ങൾ രാജ്യത്തെ സമ്മാന ശേഖരത്തിലേക്ക് കൈമാറണമെന്നാണ് നിയമം. സമ്മാനങ്ങളോ, അതിന്‍റെ വിപണി വിലയുടെ പകുതി തുകയോ ഖജനാവിലേക്ക് കൈമാറിയില്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനമായി കണക്കാക്കി നടപടി സ്വീകരിക്കാനും നിയമം അധികാരം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

