ഗസ്സയിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തവർ 200,000ത്തിലേറെയെന്ന് മുൻ ഐ.ഡി.എഫ് മേധാവി
text_fieldsതെൽ അവീവ്: ഗസ്സയിലെ വംശഹത്യാ യുദ്ധത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത ഫലസ്തീനികളുടെ എണ്ണം 200,000 കവിഞ്ഞതായും സംഘർഷത്തിനിടയിൽ ഒരിക്കൽ പോലും നിയമോപദേശം മൂലം സൈനിക പ്രവർത്തനങ്ങൾ തടഞ്ഞിട്ടില്ലെന്നും സമ്മതിച്ച് മുൻ ഇസ്രായേലി സൈനിക കമാൻഡർ ഹെർസി ഹാലേവി.
യുദ്ധത്തിന്റെ ആദ്യ 17 മാസം ഇസ്രായേൽ പ്രതിരോധ സേനയെ (ഐ.ഡി.എഫ്) നയിച്ചതിനു ശേഷം കഴിഞ്ഞ മാർച്ചിൽ ഹാലേവി ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനം രാജിവെച്ചിരുന്നു.
ഈ ആഴ്ച ആദ്യം തെക്കൻ ഇസ്രായേലിൽ നടന്ന ഒരു കമ്യൂണിറ്റി മീറ്റിങ്ങിലാണ് വിരമിച്ച ജനറലിന്റെ പ്രസ്താവന. ഗസ്സയിലെ 22ലക്ഷം ജനസംഖ്യയുടെ 10ശതമാനത്തിലധികം പേർ (200,000ത്തിലധികം) ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്ന് ഹാലേവി പറഞ്ഞു. ഗസ്സ ആരോഗ്യ മന്ത്രാലയം നൽകുന്ന നിലവിലെ കണക്കുകളുമായി അടുത്തതാണിത്. ഇസ്രായേൽ ഉദ്യോഗസ്ഥർ പ്രസ്തുത കണക്കുകൾ ഹമാസിന്റെ കുപ്രചാരണമാണെന്ന് പലപ്പോഴും തള്ളിക്കളഞ്ഞിരുന്നു.
2023 ഒക്ടോബർ 7ന് യുദ്ധം ആരംഭിച്ചതിനുശേഷം ഗസ്സയിൽ 64,718 ഫലസ്തീനികൾ കൊല്ലപ്പെടുകയും 163,859 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നിലവിലെ ഔദ്യോഗിക കണക്കുകൾ പറയുന്നു. ആയിരക്കണക്കിനു പേർ കൂടി മരിച്ചിട്ടുണ്ടാകുമെന്ന് ആശങ്കയുണ്ട്. അവരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ മൂടപ്പെട്ടു കിടക്കുന്നു. ഈ വെള്ളിയാഴ്ചയും ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗസ്സ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ സിവിലിയന്മാരെയും പോരാളികളെയും വേർതിരിക്കുന്നില്ല. എന്നാൽ, ഈ വർഷം മെയ് വരെ പുറത്തുവന്ന ഇസ്രായേലി സൈനിക ഇന്റലിജൻസ് ഡാറ്റ സൂചിപ്പിക്കുന്നത് മരിച്ചവരിൽ 80ശതമാനത്തിലധികം പേർ സാധാരണക്കാരാണെന്നാണ്.
‘ഇതൊരു സൗമ്യമായ യുദ്ധമല്ല. ആദ്യ മിനിറ്റിൽ തന്നെ ഞങ്ങൾ കയ്യുറകൾ അഴിച്ചുമാറ്റി. ഒക്ടോബർ 7ലെ ആക്രമണത്തിന് മുമ്പ് ഇസ്രായേൽ ഗസ്സയിൽ കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കേണ്ടതായിരുന്നുവെന്ന്’ ഹാലേവി പറഞ്ഞു. അതേസമയം, അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ പരിധിക്കുള്ളിൽ തന്നെയാണ് ഐ.ഡി.എഫ് പ്രവർത്തിക്കുന്നുവെന്ന് ഹാലേവി അവകാശപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

