"എല്ലാവർക്കും നിന്നെ മടുത്തു, ജൂതന്മാർക്കും നിന്നെ മടുത്തു"; ട്രംപ്-നെതന്യാഹു ബന്ധത്തിൽ വിള്ളൽ?
text_fieldsഡൊണാൾഡ് ട്രംപ്, ബെന്യമിൻ നെതന്യാഹു
വാഷിങ്ടൺ:യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും തമ്മിലുള്ള ബന്ധത്തിൽ അതീവ സംഘർഷം നിലനിൽക്കുന്നതായി വെളിപ്പെടുത്തൽ. പ്രമുഖ മാധ്യമപ്രവർത്തകരായ മാഗി ഹാബർമാൻ, ജോനാഥൻ സ്വാൻ എന്നിവർ ചേർന്നെഴുതിയ "റെജീം ചേഞ്ച്: ഇൻസൈഡ് ദി ഇംപീരിയൽ പ്രസിഡൻസി ഓഫ് ഡൊണാൾഡ് ട്രംപ്" എന്ന പുതിയ പുസ്തകത്തിലാണ് ഇരുനേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വിശദീകരിക്കുന്നത്.
2025 സെപ്റ്റംബറിൽ യുഎൻ പൊതുസഭയ്ക്കിടെ നടന്ന ഫോൺ സംഭാഷണത്തിൽ, ഗസ്സയിലെ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ട്രംപ് നെതന്യാഹുവിനെ നിർബന്ധിച്ചു. "എല്ലാവർക്കും നിന്നെ മടുത്തു, ജൂതന്മാർക്കും നിന്നെ മടുത്തു" എന്ന് ട്രംപ് നെതന്യാഹുവിനോട് തുറന്നടിച്ചതായാണ് പുസ്തകത്തിൽ പറയുന്നത്. യുഎസ് ഉദ്യോഗസ്ഥരായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരെ ചൂണ്ടിക്കാട്ടി, തങ്ങളടക്കം എല്ലാവരും നെതന്യാഹുവിനോട് അതൃപ്തരാണെന്ന് ട്രംപ് ആവർത്തിച്ചതായും പുസ്തകത്തിൽ പറയുന്നു.
നേരത്തെ, ഇസ്രായേലിന്റെ ലെബനൻ ആക്രമണത്തെത്തുടർന്ന് നെതന്യാഹുവിനെ "ഭ്രാന്തൻ" എന്ന് ട്രംപ് അഭിസംബോധന ചെയ്തതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ പിന്തുണയില്ലാത്തപക്ഷം നെതന്യാഹു ജയിലിലാകുമായിരുന്നുവെന്നും അന്ന് ട്രംപ് ഓർമ്മിപ്പിച്ചിരുന്നു. തന്റെ ഭരണത്തിന്റെ തുടക്കത്തിൽ നെതന്യാഹുവിനെ ഒരു "തട്ടിപ്പുകാരൻ" എന്ന് ട്രംപ് വിശേഷിപ്പിച്ചതായും പുസ്തകത്തിൽ പരാമർശമുണ്ട്.
അതേസമയം, നെതന്യാഹു വാർത്തകളെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇത് കേവലം തന്ത്രപരമായ വിയോജിപ്പുകൾ മാത്രമാണെന്നും ഇരുനേതാക്കളും പ്രധാന ലക്ഷ്യങ്ങളിൽ യോജിപ്പിലാണെന്നുമാണ് അദ്ദേഹം സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടത്. ട്രംപും താനും തമ്മിൽ വലിയൊരു പ്രതിസന്ധിയില്ലെന്നും, കുടുംബങ്ങളിലുണ്ടാകാറുള്ള ചെറിയ പ്രശ്നങ്ങൾ മാത്രമാണിതെന്നുമാണ് ഇസ്രായേൽ ഭരണകൂടത്തിന്റെ വാദം. എന്നാൽ, ഗസ്സയിലെയും ലെബനനിലെയും സംഘർഷങ്ങൾക്കിടയിൽ ഇരുനേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

