Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എവറസ്റ്റ് വിനോദസഞ്ചാരികളെ ബേക്കിങ് സോഡ നൽകി അവശരാക്കി കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്: നേപ്പാളിൽ 32 പേർക്കെതിരെ കേസ്

text_fields
bookmark_border
എവറസ്റ്റ് വിനോദസഞ്ചാരികളെ ബേക്കിങ് സോഡ  നൽകി അവശരാക്കി കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്: നേപ്പാളിൽ 32 പേർക്കെതിരെ കേസ്
cancel

കാഠ്മണ്ഡു: മൗണ്ട് എവറസ്റ്റ് കീഴടക്കാൻ എത്തുന്ന വിനോദസഞ്ചാരികളുടെ ഭക്ഷണത്തിൽ രഹസ്യമായി ബേക്കിങ് സോഡ കലർത്തി അവശരാക്കിയ ശേഷം, ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ. ട്രെക്കിങ് കമ്പനി ഉടമകൾ, ഹെലികോപ്റ്റർ ഓപ്പറേറ്റർമാർ, ആശുപത്രി എക്സിക്യൂട്ടീവുകൾ എന്നിവരടക്കം 32 പേർക്കെതിരെ നേപ്പാൾ പൊലീസ് സംഘടിത കുറ്റകൃത്യത്തിനും വഞ്ചനക്കും കേസെടുത്തു. ഏകദേശം 20 ദശലക്ഷം ഡോളറിന്റെ (ഏകദേശം 165 കോടി രൂപ) തട്ടിപ്പ് നടന്നതായാണ് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ട്രെക്കിങ് ഏജൻസികളിലെ ഷെർപ്പകൾ വിനോദസഞ്ചാരികളുടെ ഭക്ഷണത്തിൽ ബേക്കിങ് സോഡ കലർത്തുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് കഴിക്കുന്നതോടെ സഞ്ചാരികൾക്ക് കടുത്ത ദഹനപ്രശ്നങ്ങളും വയറുവേദനയും അനുഭവപ്പെടും. ഉയരത്തിലുള്ള അസുഖമാണോ അതോ ഭക്ഷണത്തിലെ വിഷബാധയാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധമാണ് ഇത് ആസൂത്രണം ചെയ്തത്. സഞ്ചാരികൾ അവശരാകുന്നതോടെ, വൻതുക ഈടാക്കുന്ന എമർജൻസി ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന് ഇവരെ പ്രേരിപ്പിക്കും. തുടർന്ന് വ്യാജ മെഡിക്കൽ രേഖകളും ഫ്ലൈറ്റ് രേഖകളും ഉണ്ടാക്കി അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കും.

തട്ടിയെടുത്ത പണം ഷെർപ്പകൾ, ഹെലികോപ്റ്റർ കമ്പനികൾ, ട്രെക്കിങ് ഏജൻസികൾ, വ്യാജ ചികിത്സ നൽകിയ ആശുപത്രികൾ എന്നിവർ ചേർന്ന് വീതം വെച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരിയിൽ ആറ് പ്രമുഖ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ഊർജിതമായത്. മൂന്ന് പ്രധാന മൗണ്ടൻ റെസ്ക്യൂ കമ്പനികൾ വഴി മാത്രം 19.69 ദശലക്ഷം ഡോളർ തട്ടിയെടുത്തതായി കണ്ടെത്തി. ഒരു കമ്പനി ക്ലെയിം ചെയ്ത 1,248 രക്ഷാപ്രവർത്തനങ്ങളിൽ 171 എണ്ണവും വ്യാജമായിരുന്നു. ഇതിലൂടെ മാത്രം 10 ദശലക്ഷം ഡോളർ ഇവർ സമ്പാദിച്ചിട്ടുണ്ട്. മറ്റൊരു കമ്പനി 75 വ്യാജ ക്ലെയിമുകളിലൂടെ 8 ദശലക്ഷം ഡോളറും, മൂന്നാമത്തെ കമ്പനി 71 വ്യാജ ക്ലെയിമുകളിലൂടെ ഒരു ദശലക്ഷം ഡോളറും തട്ടിയെടുത്തു.

ഈ തട്ടിപ്പുകാർക്കെതിരെ 11.3 ദശലക്ഷം ഡോളർ പിഴ ഈടാക്കാൻ പ്രോസിക്യൂട്ടർമാർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിസം മേഖലയിലെ ഇത്തരം തട്ടിപ്പുകൾ കാരണം പല പ്രമുഖ അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളും നേപ്പാളിലേക്കുള്ള സഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. കുറ്റവാളികൾക്കെതിരെ കർശന നടപടി ഇല്ലാത്തതാണ് ഇത്തരക്കാർ വളരാൻ കാരണമെന്ന് നേപ്പാളിലെ പ്രത്യേക അന്വേഷണ സംഘം തലവൻ മനോജ് കുമാർ കെ.സി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Everest Sherpas 'poisoned' climbers as part of $20 million insurance scam
Next Story