‘ക്രിസ്ത്യൻ സുവിശേഷ പാസ്റ്റർമാർ ഗസ്സ യുദ്ധത്തിന് ദൈവശാസ്ത്രപരമായ മറയൊരുക്കി നൽകി’ -ടക്കർ കാൾസൺ
text_fieldsവാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ നടത്തിയ വംശഹത്യാ യുദ്ധത്തിന് ക്രിസ്ത്യൻ സുവിശേഷ പാസ്റ്റർമാർ ദൈവ ശാസ്ത്രപരമായ മറിയൊരുക്കി നൽകിയെന്ന് പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും അവതാരകനുമായ ടക്കർ കാൾസൺ.
രാഷ്ട്രീയത്തിന്റെ പേരിൽ അടിസ്ഥാന ക്രിസ്തീയ പാഠങ്ങളുടെ അധ്യാപനം സുവിശേഷകർ ഉപേക്ഷിച്ചുവെന്നും അത്തരം പാസ്റ്റർമാരെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും ടക്കർ കാൾസൺ പറഞ്ഞതായി ജറൂസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
സ്റ്റാന്റപ് കൊമേഡിയനായ തിയോ വോണിന്റെ പോഡ്‌കാസ്റ്റിൽ സുദീർഘമായി സംസാരിച്ച കാൾസൺ, തന്റെ പ്രാഥമിക രോഷം ഇസ്രായേലിനോടോ ജൂതന്മാരോടോ അല്ലെന്നും മറിച്ച്, ഇസ്രായേലിന്റെ സൈനിക നടപടിക്ക് ക്രിസ്ത്യൻ വിശ്വാസ പ്രകാരം പിന്തുണ നൽകണമെന്ന് പ്രസംഗിക്കുന്ന പ്രൊട്ടസ്റ്റന്റ്, ഇവാഞ്ചലിക്കൽ നേതാക്കളോടാണെന്നും പറഞ്ഞു.
‘ഒരു പ്രൊട്ടസ്റ്റന്റ് അമേരിക്കൻ ക്രിസ്ത്യാനി എന്ന നിലയിൽ എന്റെ വീക്ഷണ കോണിൽ ഇസ്രായേൽ ചെയ്യുന്നത് വെറുപ്പുളവാക്കുന്നതാണ്. അത് ന്യായീകരിക്കാനാവാത്തതാണ്. പക്ഷെ, ഞാൻ യഥാർഥത്തിൽ അസ്വസ്ഥനാകുന്നത് ഇസ്രായേലികളെക്കുറിച്ചോ എന്റെ നാട്ടിലെ ജൂതന്മാരെക്കുറിച്ചോ ഓർത്തല്ല. അവരോടല്ല കോപം. എന്റെ കോപം എന്റെ നാട്ടിലെ ജനങ്ങളോടാണ്. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളോടും, ഇസ്രായേൽ സർക്കാറുമായി ഇടപാടുകൾ നടത്തുന്ന ഇവാഞ്ചലിക്കൽ പാസ്റ്റർമാരോടും, കുട്ടികൾ ഉൾപ്പെടെയുള്ള കൊല്ലാൻ തങ്ങളുടെ ക്രിസ്തീയ വിശ്വാസം ആവശ്യപ്പെടുന്നുവെന്ന് കരുതുന്ന തരത്തിൽ ദൈവശാസ്ത്രത്തെ ഏറെ വികലമാക്കിയവരോടുമാണ്’ - അദ്ദേഹം വ്യക്തമാക്കി.
ജറുസലേമിലെ ‘ഫ്രണ്ട്സ് ഓഫ് സിയോൺ ഹെറിറ്റേജ് സെന്റർ ആൻഡ് മ്യൂസിയ’ത്തിന്റെ സ്ഥാപകനായ ഇവാൻസ് ‘മാഗ’ (അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) പ്രസ്ഥാനത്തിനുള്ളിൽ വളരെ ശക്തമായ ഇസ്രായേൽ വിരുദ്ധത ഉയർന്നുവന്നിട്ടുണ്ടെന്നും അതിന് നേതൃത്വം നൽകുന്നത് ടക്കർ കാൾസൺ ആണ് എന്നും ആരോപിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് കാൾസണിന്റെ അഭിപ്രായങ്ങൾ വന്നത്.
രാഷ്ട്രീയത്തിന്റെയും പ്രവചനത്തിന്റെയും പേരിൽ അടിസ്ഥാന ക്രിസ്തീയ പാഠങ്ങൾ ഉപേക്ഷിച്ച ചില പാസ്റ്റർമാരെ വ്യക്തിപരമായി അറിയാമെന്ന് കാൾസൺ പറഞ്ഞു. ‘അത്തരം ആളുകളോട് എനിക്ക് ശരിക്കും ശത്രുത തോന്നാറുണ്ട്. കാരണം അവർ വഞ്ചകരാണ്. സുവിശേഷ സ്ഥാപനങ്ങളിൽ ചിലത് ‘വലിയ വഞ്ചന’യിൽ കുടുങ്ങിയതായും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ സ്വന്തം താൽപര്യത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇസ്രായേൽ ഗവൺമെന്റിനും സൈന്യത്തിനും നിരുപാധികമായ രാഷ്ട്രീയ പിന്തുണയെ ന്യായീകരിക്കാൻ അവർ ‘തിരുവെഴുത്ത്’ ഉപയോഗിക്കുന്നുവെന്നും വാദിച്ചു.
‘കുട്ടികളെ കൊല്ലരുത് എന്നതാണ് യേശുവിന്റെ സന്ദേശം. അങ്ങനെയല്ലെന്ന് നിങ്ങൾ എന്നോട് പറയുന്നുണ്ടെങ്കിൽ, നിങ്ങൾ ഒരു കള്ള സുവിശേഷകനാണെന്ന് പറയാൻ എനിക്ക് ഒരു ദൈവശാസ്ത്ര ബിരുദം ആവശ്യമില്ല. അതിന് നിങ്ങൾ വില നൽകേണ്ടിവരും. നിരവധി മഹാൻമാരായ സുവിശേഷകരും ഉണ്ടെന്ന് ഊന്നിപ്പറയുമ്പോൾ തന്നെ അവരുടെ നേതൃത്വം ക്രിസ്തുമതത്തെ തെറ്റായി പ്രതിനിധീകരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും’ കാൾസൺ പറഞ്ഞു.
മൈക്ക് ഇവാൻസിന്റെ ‘നാസി’ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. നാസി പാർട്ടിയുടെ 1920ലെ പ്ലാറ്റ്‌ഫോമിനേക്കാൾ ‘മോശമായ കാര്യങ്ങൾ’ താൻ പറയുന്നു എന്ന അവകാശവാദം ഉൾപ്പെടെ ഇവാൻസിന്റെ പരാമർശങ്ങളെയും കാൾസൺ അഭിസംബോധന ചെയ്തു. ‘ഞാൻ പൂർണമായും നാസി വിരുദ്ധനാണ്. പൂർണമായും വെറുപ്പിന് എതിരാണ്. എല്ലാറ്റിനുമുപരി, ഞാൻ രക്തരൂക്ഷിതമായ ആക്രമണത്തിനും കൂട്ടായ ശിക്ഷക്കും എതിരാണ്’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

