
റഷ്യൻ ഷെല്ലിങ് തുടർന്നു, ഒഴിപ്പിക്കൽ സാധ്യമായില്ല; ഭാഗിക വെടിനിർത്തൽ പാളി
text_fieldsകിയവ്: റഷ്യൻ അധിനിവേശ സേന കനത്ത ആക്രമണം അഴിച്ചുവിട്ടതോടെ യുക്രെയ്ൻ നഗരങ്ങൾ മാനുഷിക ദുരന്തത്തിന്റെ വക്കിൽ. തെക്കൻ നഗരമായ മരിയുപോളിൽ പ്രഖ്യാപിച്ച ഭാഗിക വെടിനിർത്തൽ പാളിയതോടെ നഗരം അപകടമുനമ്പിലാണ്. നഗരവാസികളെ ഒഴിപ്പിക്കാൻ ശനിയാഴ്ച പകൽ അഞ്ചുമണിക്കൂർ നേരത്തേക്ക് വെടിനിർത്താമെന്നായിരുന്നു റഷ്യൻ വാഗ്ദാനം.
എന്നാൽ ഈ സമയത്തും റഷ്യ ഷെല്ലിങ് തുടർന്നുവെന്നും ഒഴിപ്പിക്കൽ സാധ്യമായില്ലെന്നും മരിയുപോൾ നഗര ഭരണകൂടം വ്യക്‍തമാക്കി. ദിവസങ്ങളായി ആക്രമണം തുടരുന്ന മരിയുപോളിലും സമീപ നഗരമായ വോൾനോവാഖയിലും ജനങ്ങളെ ഒഴിപ്പിക്കാനും വൈദ്യസഹായമെത്തിക്കാനും സൗകര്യം ഒരുക്കണമെന്ന് വെള്ളിയാഴ്ച യുക്രെയ്ൻ ആവശ്യപ്പെട്ടിരുന്നു. മാനുഷിക ഇടനാഴി അനുവദിക്കണമെന്ന മരിയുപോൾ മേയർ വാദിം ബോയ്ഷെങ്കോയുടെ ടെലിവിഷൻ സന്ദേശം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ദിവസങ്ങളായി വെള്ളവും വൈദ്യുതിയും ഇല്ലാതെ ബുദ്ധിമുട്ടുകയാണ് മരിയുപോൾ നഗരം.
വോൾവോനാഖ തെരുവിൽ ജീർണിച്ച ശരീരങ്ങൾ
റഷ്യൻ സൈന്യം ഉപരോധിച്ചിരിക്കുന്ന വോൾവോനാഖയിൽ മൃതദേഹങ്ങൾ നിരത്തുകളിൽ കിടന്ന് ജീർണിക്കുകയാണ്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങളും തകർന്നു. ഷെൽട്ടറുകളിൽ കഴിയുന്നവർക്കുള്ള ആഹാരവും മരുന്നും ഏതാണ്ട് തീർന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് അഞ്ചുമണിക്കൂർ നേരത്തേക്ക് വെടിനിർത്താമെന്ന് ശനിയാഴ്ച രാവിലെ റഷ്യൻ സൈന്യം സമ്മതിച്ചത്.
മോസ്കോ സമയം രാവിലെ 10ന് വെടിനിർത്തൽ ആരംഭിക്കുമെന്ന അറിയിപ്പും പിറകെ വന്നു. പക്ഷേ, റഷ്യൻ വാഗ്ദാനം കടലാസിൽ മാത്രമായിരുന്നുവെന്നും ഇടതടവില്ലാതെ ഷെല്ലിങ് തുടർന്നുവെന്നും യുക്രെയ്ൻ ആരോപിച്ചു. നഗരം വിടാനൊരുങ്ങിയ സിവിലിയന്മാരോട് തിരികെ ഷെൽട്ടറുകളിലേക്ക് മടങ്ങാനും മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ കാത്തിരിക്കാനും സിറ്റി കൗൺസിൽ ആവശ്യപ്പെട്ടു. എന്നാൽ യുക്രെയ്ൻ 'ദേശീയവാദി'കളാണ് നഗരവാസികളെ തടഞ്ഞതെന്ന് റഷ്യ തിരിച്ചടിച്ചു.
ആക്രമണം ഒഡേസയിലേക്കും
ചെർണിവ് നഗരത്തിന് മേൽ ശനിയാഴ്ച കനത്ത ബോംബാക്രമണം ഉണ്ടായി. തലസ്ഥാനമായ കിയവിന് നേർക്ക് നീങ്ങിയ റഷ്യൻ സൈനിക വ്യൂഹം നാലാംദിനവും പഴയ നില തന്നെ തുടർന്നു. നഗരത്തിന് 30 കി.മീ അകലെ തമ്പടിച്ചിരിക്കുകയാണ് സൈനിക വ്യൂഹം.
യുക്രെയ്ൻ സൈന്യവുമായി ഇവിടെ കനത്ത പോരാട്ടം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. തെക്കൻ തീരമേഖല സമ്പൂർണമായി നിയന്ത്രണത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ ഒഡേസ നഗരത്തിലേക്കും റഷ്യൻ ആക്രമണം കഴിഞ്ഞ മണിക്കൂറുകളിൽ വ്യാപിപ്പിച്ചു. അധിനിവേശം തുടങ്ങിയ ശേഷം അഭയാർഥികളായവരുടെ എണ്ണം 15 ലക്ഷമായി. മാർച്ച് എട്ട് മുതൽ എല്ലാ അന്താരാഷ്ട്ര സർവീസുകളും നിർത്തിവെക്കുകയാണെന്ന് റഷ്യയുടെ ദേശീയ വിമാന കമ്പനിയായ എയ്റോഫ്ലോട്ട് അറിയിച്ചു. സഖ്യരാഷ്ട്രമായ ബെലാറുസിലേക്കുള്ള സർവീസുകൾ മാത്രം തുടരും.
ആശങ്കയായി സുമി
റഷ്യൻ അതിർത്തിയിലെ സുമി നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ഒഴിപ്പിക്കലിൽ ആശങ്ക തുടരുന്നു. ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണെന്നും വിദ്യാര്‍ഥികള്‍ക്ക് പുറത്തേക്കുകടക്കുന്നതിനും സുരക്ഷിത ഇടനാഴിയൊരുക്കാനുമായി വെടിനിര്‍ത്തലിന് ഇരു സര്‍ക്കാറുകളിലും കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
വിദ്യാര്‍ഥികള്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുക്കണം. ഇപ്പോള്‍ കഴിയുന്ന ഷെല്‍ട്ടറുകളില്‍ നിന്നു പുറത്തിറങ്ങരുത്. വിദ്യാർഥികൾ സ്വമേധയ അതിർത്തിയിലേക്ക് പോകരുതെന്നും ബങ്കറുകളിൽതന്നെ തുടരണമെന്നും വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസിയുടെ സഹായം ലഭിക്കാത്തതിനാൽ സ്വന്തമായി അതിർത്തിയിലേക്ക് നീങ്ങുകയാണെന്നും വ്യക്തമാക്കി ഇന്ത്യൻ വിദ്യാർഥികളുടെ വിഡിയോ സന്ദേശം പുറത്തുവന്നിരുന്നു.
മുഖംതിരിച്ച് നാറ്റോ; വിരട്ടലുമായി പുടിൻ; നിരാശനായി സെലൻസ്കി
'നോ ഫ്ലൈ സോൺ ഏർപ്പെടുത്തുകയെന്നാൽ ആണവ ശക്തിയായ റഷ്യയുമായി സമ്പൂർണ യുദ്ധത്തിനുള്ള പ്രകോപനമാകും. അതിന് യുക്രെയ്ൻ വ്യോമമേഖലയിലേക്ക് നാറ്റോയുടെ യുദ്ധ വിമാനങ്ങൾ അയക്കേണ്ടി വരും. പിന്നാലെ റഷ്യൻ വിമാനങ്ങളെ വെടിവെച്ചിടേണ്ടി വരും. നാറ്റോ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഈ വിഷയം ചർച്ച ചെയ്തെങ്കിലും അതിന് മുതിരേണ്ട എന്നായിരുന്നു തീരുമാനം'.
നാറ്റോ മേധാവി ജെൻസ് സ്റ്റാൽട്ടൻബെർഗ്
മോസ്കോക്കരികിൽ വൈമാനിക പരിശീലന കേന്ദ്രത്തിൽ ശനിയാഴ്ച സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ
ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിരിക്കുന്ന വെയർഹൗസുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും തകർക്കുന്നതിന് സമയമെടുക്കും. ഈ ദൗത്യമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിനാലാണ് നോ ഫ്ലൈ സോണിന്റെ ആവശ്യമുയരുന്നത്. ആ ദിശയിലുള്ള ഏത് നീക്കവും സായുധ സംഘർഷമായി മാത്രമേ ഞങ്ങൾ പരിഗണിക്കുകയുള്ളു. അത് യാഥാർഥ്യമായാൽ യൂറോപ്പിന് മാത്രമല്ല, അഖില ലോകത്തിനും വൻ ദുരന്തമായിരിക്കും ഫലം. യുക്രെയ്ൻ നേതൃത്വം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് (റഷ്യൻ അധിനിവേശത്തെ ചെറുക്കുന്നത്) തുടർന്നാൽ അവരുടെ രാഷ്ട്ര പദവി തന്നെ അപകടത്തിലാകും. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അവർ സ്വയം തന്നെ പഴിക്കേണ്ടി വരും.''
വ്ലാദിമിർ പുടിൻ
നോ ഫ്ലൈ സോൺ ഏർപ്പെടുത്തണമെന്ന തങ്ങളുടെ ആവശ്യം അവഗണിച്ച നാറ്റോ കൂടുതൽ വലിയ ആക്രമണങ്ങൾക്കുള്ള പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. 'ഇന്ന് മുതൽ സംഭവിക്കുന്ന ഓരോ മരണത്തിനും ഉത്തരവാദികൾ നിങ്ങളാണ്. നിങ്ങളുടെ ദൗർബല്യവും നിങ്ങളുടെ അനൈക്യവുമാണ് അതിനു കാരണം''
വൊളോദിമിർ സെലൻസ്കി