ട്രംപിന്റെ വിവാദ നഗ്നശിൽപം പ്രദർശനത്തിന് വെച്ച് യൂറോപ്യൻ പാർലമെന്റ്; സ്വേച്ഛാധിപത്യ വാഴ്ചക്കെതിരെ വേറിട്ട പ്രതിഷേധം
text_fieldsസ്ട്രാസ്ബർഗ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദമായ സ്വർണ നഗ്നശിൽപം പ്രദർശനത്തിന് വെച്ച് യൂറോപ്യൻ പാർലമെന്റ്. ഡാനിഷ് യൂറോപ്യൻ പാർലമെന്റ് അംഗം പെർ ക്ലോസന്റെ നേതൃത്വത്തിലാണ് ഫ്രാൻസിലെ സ്ട്രാസ്ബർഗിലുള്ള യൂറോപ്യൻ പാർലമെന്റ് കെട്ടിടത്തിൽ പ്രദർശനം സംഘടിപ്പിച്ചത്. നിയമവാഴ്ചയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള കൂട്ടായ ശ്രമങ്ങൾക്കും ട്രംപ് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ കലാസൃഷ്ടി അവതരിപ്പിച്ചത്.
യൂറോപ്യൻ പാർലമെന്റിൽ പ്രദർശനം നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നുവെങ്കിലും, ഭയത്തിന്റെയും സെൽഫ് സെൻസർഷിപ്പിന്റെയും കീഴിൽ ജീവിക്കാൻ കഴിയില്ലെന്നും ലോകവേദിയിൽ പിടിച്ചുനിൽക്കാൻ കഴിയാത്തത്ര സെൻസിറ്റീവ് ആയവർക്ക് ഇവിടെ സ്ഥാനമില്ലെന്നും പെർ ക്ലോസൻ വ്യക്തമാക്കി. യൂറോപ്യൻ കമീഷണർമാർ ഉൾപ്പെടെയുള്ള പ്രമുഖർ കാണുന്ന ഈ വേദി ഇതിനായി ഏറ്റവും അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വരെയാണ് ഇവിടെ ശിൽപം പ്രദർശിപ്പിക്കുന്നത്. അതിനുശേഷം നവംബറിൽ തുർക്കിയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിക്കും കൊണ്ടുപോകും. മുൻപ് ബ്രസീലിലെ സി.ഒ.പി30, മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസ്, ഡെൻമാർക്കിലെ റിബിൽഡ് ഫെസ്റ്റിവൽ, കോപൻഹേഗൻ തുടങ്ങിയ പ്രധാന വേദികളിലും ഇത് പ്രദർശിപ്പിച്ചിരുന്നു.
ഡാനിഷ് കലാകാരനായ ജെൻസ് ഗാൽഷിയോട്ട് ആണ് ഈ പ്രതിമ നിർമിച്ചത്. 23 കാരറ്റ് സ്വർണം പൂശിയ ഈ ശിൽപം 'ദി ഓറഞ്ച് പ്ലേഗ്' എന്നാണ് അറിയപ്പെടുന്നത്. 8.5 അടി ഉയരമുള്ള ഈ ശിൽപത്തിൽ, ട്രംപ് നഗ്നനായി മറ്റൊരു ചെറിയ മനുഷ്യന്റെ ചുമലിൽ ഇരിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. "ഞാൻ ഒരു മനുഷ്യന്റെ പുറത്തിരിക്കുന്നു. അവൻ എന്റെ ഭാരം താങ്ങാനാവാതെ തകരുന്നു. അവനെ സഹായിക്കാൻ ഞാൻ എന്തു ചെയ്യും, എന്നാൽ ഞാൻ അവന്റെ പുറത്തുനിന്ന് ഇറങ്ങില്ല" എന്ന സന്ദേശവും ശിൽപത്തിനടിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയുടെ കുടിയേറ്റ നയങ്ങൾ, പ്രതിരോധ ചെലവുകൾ, നാറ്റോ പ്രതിബദ്ധതകൾ എന്നിവയിൽ ട്രംപ് പുലർത്തുന്ന നിലപാടുകൾ യൂറോപ്പുമായി കടുത്ത ഭിന്നതകൾ സൃഷ്ടിച്ചിരുന്നു. ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ നീക്കവും യൂറോപ്യൻ രാജ്യങ്ങളുടെ ശക്തമായ ചെറുത്തുനിൽപ്പും അടുത്തിടെ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ മാസം ഡെൻമാർക്കുമായും ഗ്രീൻലാൻഡുമായും അമേരിക്ക പുതിയ സുരക്ഷാ കരാറിൽ ഒപ്പുവെച്ചിരുന്നുവെങ്കിലും, ട്രംപിന്റെ നയങ്ങൾ യൂറോപ്യൻ യൂനിയനുമായുള്ള ബന്ധത്തിൽ നിരന്തരം ഉരിമച്ചിലുകൾ സൃഷ്ടിക്കുന്നുണ്ട്. ഫ്രാൻസിലെ വിദ്യാർഥി പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ പുതിയ പരാമർശങ്ങളും ഇതിനിടെ വ്യാപകമായ ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

