‘ട്രംപിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു’; തീരുവയെ വിമർശിച്ച് യൂറോപ്യൻ കമീഷൻ അധ്യക്ഷ
text_fieldsഉർസുല വോൺ ദെർ ലെയെൻ
ദാവോസ്: ഗ്രീൻലാൻഡ് വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ പുതിയ തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയെൻ. യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്കെതിരെ കൂടുതൽ തീരുവ ചുമത്തില്ലെന്ന് കഴിഞ്ഞ വർഷം പറഞ്ഞ ട്രംപിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും അവർ പറഞ്ഞു.
യൂറോപ്യൻ യൂനിയനും അമേരിക്കയും തമ്മിൽ കഴിഞ്ഞ ജൂലൈയിൽ വ്യാപാര കരാറുണ്ടാക്കിയിരുന്നു. വ്യാപാരത്തിലായാലും രാഷ്ട്രീയത്തിലായാലും കരാർ കരാർ തന്നെയാണെന്ന് ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ അവർ പറഞ്ഞു. അമേരിക്കൻ ജനതയെ സഖ്യകക്ഷികളായി മാത്രമല്ല, സുഹൃത്തുക്കളുമായാണ് തങ്ങൾ കാണുന്നത്. യു.എസ് തീരുവയോടുള്ള യൂറോപ്യൻ യൂനിയന്റെ പ്രതികരണം ഉചിതമായ രീതിയിലും തുല്യ അളവിലുമായിരിക്കുമെന്നും ഉർസുല വോൺ ദെർ ലെയെൻ കൂട്ടിച്ചേർത്തു.
ട്രംപിന്റെ പ്രഖ്യാപനം യൂറോപ്പിലുടനീളം പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഉചിതമായ തിരിച്ചടിയെക്കുറിച്ച് രാജ്യങ്ങൾ ആലോചിച്ചുവരികയാണ്. പുതിയ പകരത്തീരുവ, യു.എസ്-ഇ.യു വ്യാപാര കരാർ റദ്ദാക്കുക, യൂറോപ്യൻ യൂനിയനുമേൽ അനാവശ്യ സമ്മർദം ചെലുത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഉപരോധിക്കുന്ന ‘ട്രേഡ് ബസൂക്ക’ എന്ന നടപടി പ്രാബല്യത്തിലാക്കൽ എന്നിവയാണ് യൂറോപ്യൻ യൂനിയനുമുന്നിലുള്ള വഴികൾ.
ജി7 രാജ്യങ്ങളുടെ യോഗം ഈ ആഴ്ച പാരിസിൽ നടക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സൂചിപ്പിച്ചു. ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ശക്തമായ യൂറോപ്പ് വേണമെന്ന് ഡെൻമാർക്ക് മന്ത്രി മാരീ ജെറെ പറഞ്ഞു.
യൂറോപ്പുമായുള്ള ബന്ധം ശക്തം -യു.എസ്
ദാവോസ്: യൂറോപ്പുമായുള്ള അമേരിക്കയുടെ ബന്ധം ശക്തമായി തുടരുന്നുവെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻറ്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ നടപടി യൂറോപ്യൻ പങ്കാളികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് സ്കോട്ട് ബെസെൻറിന്റെ പ്രസ്താവന. യൂറോപ്പുമായുള്ള ബന്ധം ഒരിക്കലും ഇത്രത്തോളം ദൃഢമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

