യുദ്ധത്തിന്‍റെ ഗതി മാറുമോ?, റഷ്യൻ ഡ്രോണുകൾ ഉടൻ ഇറാനിലെത്തുമെന്ന് യൂറോപ്യൻ ഇന്‍റലിജൻസ് ഏജൻസി
text_fieldsവാഷിങ്ടണ്‍: യുദ്ധത്തിൽ ഇറാനെ ആയുധങ്ങൾ നൽകി പിന്തുണക്കാൻ റഷ്യ തയ്യാറായതായി യൂറോപ്യൻ ഇന്‍റലിജൻസ് ഏജൻസി. ഇസ്രായേലും യു.എസുമായി യുദ്ധം ചെയ്യുന്ന ഇറാന് ആവശ്യമായ ഡ്രോണുകള്‍ വിതരണം ചെയ്യുന്നതിനുള്ള അന്തിമ നടപടി ക്രമങ്ങളിലാണ് റഷ്യയെന്ന് യൂറോപ്യൻ ഇന്റലിജന്‍സ് ഏജൻസിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവിൽ റഷ്യ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യു.എസ് സൈനികകേന്ദ്രങ്ങളെ കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ഇറാന് കൈമാറുന്നുണ്ട്. എന്നാൽ മാരക പ്രഹരശേഷിയുള്ള ഡ്രോണുകള്‍ റഷ്യന്‍ കൈമാറുന്നതോടെ യുദ്ധത്തിന് റഷ്യയുടെ പ്രത്യക്ഷമായ പിന്തുണയാവുമെന്നും ഏജൻസി ചൂണ്ടിക്കാട്ടുന്നു. ഇതോടെ യുദ്ധത്തിന്‍റെ ഗതി തന്നെ മാറുമെന്ന ആശങ്കയിലാണ് യുറോപ്യൻ രാജ്യങ്ങൾ.
യുദ്ധത്തില്‍ കെടുതി നേരിട്ടുകൊണ്ടിരിക്കുന്ന ഇറാന് ആവശ്യമായ മരുന്നുകള്‍, ഭക്ഷണം, ഡ്രോണുകള്‍ എന്നിവ റഷ്യ ഇറക്കുമതി ചെയ്‌തേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നു. ഫെബ്രുവരി അവസാനം യുദ്ധമാരംഭിച്ചതിന് തൊട്ടുപിന്നാലെ ഡ്രോണ്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് റഷ്യ-ഇറാന്‍ അധികൃതര്‍ രഹസ്യമായി ചർച്ച നടത്തിയിരുന്നു. അടുത്ത അഴ്ചയിൽ ഡ്രോൺ കൈമാറ്റം ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തില്‍ നിരവധി കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെന്നായിരുന്നു ഇത് സംബന്ധിച്ച് റഷ്യന്‍ സൈനിക വക്താവ് ദിമിത്രി പെസ്‌കോവിന്‍റെ പ്രതികരണം. ഇറാൻ നേതൃത്വവുമായി തങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അസര്‍ബൈജാന്‍ വഴി ഇറാനിലേക്ക് 13 ടണ്‍ മരുന്ന് വിതരണം ചെയ്യുന്നതിനുള്ള കരാറിൽ കഴിഞ്ഞ വർഷം റഷ്യയുമായി ധാരണയിൽ എത്തിയിരുന്നു.
പശ്ചിമേഷ്യയെ അസ്വസ്ഥമാക്കിയ യുദ്ധത്തില്‍ റഷ്യന്‍ ഇടപെടല്‍ മേഖലയെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് വിലിയിരുത്തൽ. റഷ്യന്‍ ഇടപെടല്‍ മറ്റ് രാജ്യങ്ങളെ പ്രകോപിതരാക്കാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇറാനിൽ ഇസ്രായേലും യു.എസും സംയുക്തമായി ആക്രമണം ആരംഭിച്ചത്. ഇതോടെ ഇസ്രായേലിലേക്കും കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ, ഒമാൻ, ഇറാഖ്, യു.എ.ഇ എന്നീ രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെയും ഇറാൻ പ്രത്യാക്രമണം ആരംഭിച്ചിരുന്നു.
യു.എസ് സേനയെ ലക്ഷ്യമിടാൻ ഇറാനെ റഷ്യ സഹായിക്കുന്നതായി വെള്ളിയാഴ്ച ഫ്രാൻസിൽ നടന്ന ജി7 മീറ്റിങിൽ യു.എസ് പ്രതിനിധികൾ ആരോപിച്ചിരുന്നു. യുക്രൈനിനെതിരായ അവരുടെ ആക്രമണത്തെ മറച്ചുപിടിക്കാനാണ് ഇറാനെ സഹായിക്കാന്‍ റഷ്യ തയ്യാറാകുന്നതെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി യോവാന്‍ വേഡ്‌ഫോല്‍ വിമര്‍ശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

