വൈദ്യുതി തടസ്സത്തിൽ വലഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ; റോഡ്, റെയിൽ, വിമാന സർവീസുകൾ തടസ്സപ്പെട്ടു
text_fieldsമാഡ്രിഡ്: വൈദ്യുതി വിതരണം തടസ്സപ്പെട്ട് യൂറോപ്യൻ രാജ്യങ്ങൾ. സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലാണ് വൈദ്യുത വിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് ദൈനംദിന ജീവിതം താറുമാറായത്. വൈദ്യുതി തടസ്സപ്പെട്ടതിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി ഊർജ്ജ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സ്പാനിഷ് പവർ ഗ്രിഡ് ഓപ്പറേറ്ററായ 'റെഡ് ഇലക്ട്രിക്' അറിയിച്ചു. വൈദ്യുതി നഷ്ടപ്പെട്ടതിനെ തുടർന്ന് ട്രാഫിക് സിഗ്‌നലുകൾ പ്രവർത്തന രഹിതമായി. ഇത് മൂലം രാജ്യത്ത് വലിയ ഗതാഗതക്കുരുക്കാണ് നേരിടുന്നത്. സംഭവത്തിൽ സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ അടിയന്തര കാബിനറ്റ് യോഗങ്ങൾ വിളിച്ചു ചേർത്തു.
പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലും പോർട്ടോ നഗരത്തിലും മെട്രോ സർവീസ് പ്രവർത്തന രഹിതമായിട്ടുണ്ട്. കൂടാതെ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്. സ്പെയിനിലെ മാൻഡ്രിഡിൽ ഓപ്പൺ ടെന്നീസ് ടൂർണമെന്റും റദ്ധാക്കിയിട്ടുണ്ട്. സ്പെയിനിൽ മാത്രമായി പത്ത് മണിക്കൂറിനുള്ളിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. തെക്കുകിഴക്കൻ ഫ്രാൻസിലെ അലാറിക് മലനിരകളിലുണ്ടായ തീപിടിത്തം മൂലം ഉയർന്ന വോൾട്ടേജിലുള്ള പവർ കേബിൾ തകർന്നതാണ് ഫ്രാൻസിൽ വൈദ്യുതി വിതരണം തടസ്സപ്പെടാൻ കാരണമായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

