കോവിഡിനെതിരെ ആഗോള ഐക്യദാർഢ്യം: ഇന്ത്യയെ ഉദാഹരണമാക്കി യു.എൻ
text_fieldsജനീവ: കോവിഡ് 19നെ നേരിടാൻ ആഗോള തലത്തിൽ ഐക്യദാർഢ്യം വേണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ്. ഇന്ത്യ യെ പോലെ എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധരാകണം. കൊറോണ കാലത്ത് മറ്റ് രാജ്യങ്ങൾക്ക് സഹായം ന ൽകിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു.
ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സഹായം എത്തിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹമെന്ന് വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്ന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ ശിപാർശ ചെയ്യുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് നൽകിയതിനെ പരോക്ഷമായി പരാമർശിക്കുകയായിരുന്നു ഗുടെറസ്.
നിലവിൽ 55 രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അമേരിക്ക, മൗറീഷ്യസ്, സീഷെൽസ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം മരുന്നുകൾ എത്തിച്ചു. അയൽ രാജ്യങ്ങളായ അഫ്ഗാനിസ്താൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ,മാലദ്വീപ്, ശ്രീലങ്ക,മ്യാന്മർ എന്നീ രാജ്യങ്ങൾക്കും ഇന്ത്യ സഹായം നൽകി.
ഇതിന് പുറമെ സാംബിയ, ഡൊമനികൻ റിപ്പബ്ലിക്, മഡഗാസ്കർ, ഉഗാണ്ട, ബുർകിന ഫാസോ, നൈജെർ, മാലി, കോംഗോ, ഈജിപ്ത്, അർമേനിയ, കസാഖിസ്താൻ, ഇക്വഡോർ, ജമൈക, സിറിയ, ഉക്രൈൻ, ഛാഡ്, സിംബാംബ്വെ, ജോർദാൻ, കെനിയ, നെതർലാൻഡ്, നൈജീരിയ, ഒമാൻ, പെറു എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ മരുന്ന് കയറ്റി അയക്കും.