തുർക്കി മന്ത്രിമാരെ നെതർലൻഡ്സിൽ തടഞ്ഞ സംഭവം; നയതന്ത്ര യുദ്ധം മുറുകുന്നു
text_fieldsഇസ്തംബൂൾ: ഏപ്രിലിൽ നടക്കുന്ന ഹിതപരിശോധന സംബന്ധിച്ച പ്രചാരണത്തിനായി നെതർലൻഡ്സിലെത്തിയ തുർക്കി മന്ത്രിമാരെ ഡച്ച് പൊലീസ് തടഞ്ഞ സംഭവത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര യുദ്ധം മുറുകുന്നു. ശനിയാഴ്ച റോട്ടർഡാമിൽ സമരക്കാരെ മർദിച്ച ഡച്ച്പൊലീസിെൻറ നടപടിയിൽ പ്രതിഷേധിച്ച് തുർക്കിയിലെ നെതർലൻഡ്സ് അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. തുർക്കി വിദേശ മന്ത്രി മെവ്ലൂത് ജാവുസോഗ്ലുവിനെ റോട്ടർഡാമിൽ തടഞ്ഞതിനെ തുടർന്നാണ് തുർക്കി പൗരന്മാർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ഇൗ റാലിക്കുനേരെയാണ് പൊലീസ് ആക്രമണമുണ്ടായത്. ശനിയാഴ്ചത്തെ സംഭവത്തിനുശേഷം, മൂന്നാം തവണയാണ് തുർക്കി നെതർലൻഡ്സിനെ പ്രതിഷേധമറിയിക്കുന്നത്. ഞായറാഴ്ച കുടുംബക്ഷേമ മന്ത്രി ഫത്മ ബതൂൽ സയാനും ഞായറാഴ്ച പൊലീസ് തടഞ്ഞതിനാൽ റാലിയിൽ പെങ്കടുക്കാനായില്ല.
രണ്ട് പ്രതിഷേധ കുറിപ്പുകൾ നെതർലൻഡ്സ് അംബാസഡർ ഡാൻഫിദോക്ക് വിദേശകാര്യ മന്ത്രാലയം കൈമാറി. അന്താരാഷ്്ട്ര നയതന്ത്ര മര്യാദകൾ ലംഘിച്ച നെതർലൻഡ്സ് വിഷയത്തിൽ രേഖാമൂലം ഖേദപ്രകടനം നടത്തണമെന്നായിരുന്നു ആദ്യ കുറിപ്പിലെ ആവശ്യം. റോട്ടർഡാമിൽ തുർക്കി കോൺസുലേറ്റിന് മുന്നിലെത്തിയ തുർക്കി പൗരന്മാരെ ആക്രമിച്ച പൊലീസ് നടപടിയെ വിമർശിച്ചുള്ളതായിരുന്നു രണ്ടാമത്തെ കുറിപ്പ്. നെതർലൻഡ്സ് പൊലീസ് നടപടിയെ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ രൂക്ഷമായി വിമർശിച്ചു. നാസി മനഃസ്ഥിതിയോടെ പെരുമാറുന്ന നെതർലൻഡ്സ് ഭരണകൂടം അതിനുള്ള ശിക്ഷ അനുഭവിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. നാസിസം ഇല്ലാതായെന്നാണ് താൻ കരുതിയത്. എന്നാൽ, ഇപ്പോഴും പാശ്ചാത്യ രാജ്യങ്ങളിൽ നാസിസം ജീവിക്കുന്നുണ്ട് ^ഇസ്തംബൂളിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. നയതന്ത്ര മര്യാദകൾ ലംഘിച്ച നെതർലൻഡ്സിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ലോക രാഷ്ട്രങ്ങൾ തയാറാകണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടു.
അതേസമയം, വിഷയത്തിൽ നയതന്ത്ര മര്യാദകൾ ലംഘിച്ചത് തുർക്കിയാണെന്ന് ഡച്ച് പ്രധാനമന്ത്രി മാർക് റൂെട്ട പ്രതികരിച്ചു. ഹിതപരിശോധനക്കായുള്ള റാലി അനുവദിക്കില്ലെന്ന് തങ്ങൾ നേരത്തെ വ്യക്തമാക്കിയതാണെന്നും അത് തുർക്കി മന്ത്രിമാർ അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടെ, വിഷയത്തിൽ തുർക്കിയുടേത് അധികപ്രസംഗമെന്ന് യൂറോപ്യൻ യൂനിയൻ വിമർശമുന്നയിച്ചു. തുർക്കി മന്ത്രിമാരെ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അതത് രാഷ്ട്രങ്ങളാണ്. ഇപ്പോൾ ഉർദുഗാൻ നടത്തുന്ന പ്രസ്താവനകൾ പ്രശ്നം കൂടുതൽ വഷളാക്കാനേ ഉപകരിക്കൂവെന്നും യൂറോപ്യൻ യൂനിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഭാവിയിൽ തുർക്കി രാഷ്ട്രീയക്കാർക്ക് രാജ്യത്ത് റാലിക്ക് അനുമതി നിഷേധിക്കുമെന്ന് ജർമനിയും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
