പ്രതിപക്ഷം ജനഹിതം അംഗീകരിക്കണം –തുർക്കി പ്രധാനമന്ത്രി
text_fieldsഅങ്കാറ: തുർക്കിയെ പ്രസിഡൻഷ്യൽ ഭരണക്രമത്തിലേക്കു മാറ്റുന്നതിനായി നടന്ന ഹിതപരിശോധനയുടെ അന്തിമഫലം പ്രതിപക്ഷം അംഗീകരിക്കണമെന്ന് തുർക്കി പ്രധാനമന്ത്രി ബിൻ അലി യിൽദിരിം. നേരിയ വോട്ടുകളുടെ പിൻബലത്തിലാണ് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ഹിതപരിശോധന അനുകൂലമാക്കിയത്.
തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച റിപ്പബ്ലിക്കൻ പീപ്ൾസ് പാർട്ടി ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് യിൽദിരിം വ്യക്തമാക്കി. ജനങ്ങളുടെ മനസ്സാണ് ബാലറ്റ് പേപ്പറുകളിൽ പ്രതിഫലിച്ചത്. അവർ വോട്ട് രേഖപ്പെടുത്തിയതോടെ ഇൗ പ്രക്രിയ അവസാനിച്ചതായും അദ്ദേഹം കൂട്ടിേച്ചർത്തു.
18 ഭരണഘടന ഭേദഗതികളാണ് ഹിതപരിശോധന അംഗീകരിച്ചത്. 2019 നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പോടെയാണ് ഭേദഗതികൾ പ്രാബല്യത്തിലാവുക. പ്രസിഡൻറ് ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകരുതെന്ന വ്യവസ്ഥയിലും മാറ്റംവരും. ഇത് പ്രാബല്യത്തിലാകുന്നതോടെ ഉർദുഗാന് താൻ സ്ഥാപിച്ച അക് പാർട്ടിയിൽ വീണ്ടും അംഗമാവുന്നതിനുള്ള അവസരം കൈവരും. ഉർദുഗാൻ ഉടൻ പാർട്ടികളുടെ യോഗം വിളിക്കുമെന്നും യിൽദിരിം അറിയിച്ചു. അതിനിടെ, ഹിതപരിശോധനയിൽ ക്രമക്കേട് നടന്നതായി ആരോപണമുയർന്ന സാഹചര്യത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് യൂറോപ്യൻ യൂനിയൻ തുർക്കിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
