ഫാമിൽ കടുവയെന്ന് കൃഷിക്കാരൻ; സർവ്വ സന്നാഹവുമായെത്തിയ പൊലീസ് കണ്ടത്
text_fieldsഇന്ന് പുലർച്ചെ സ്കോട്ട്ലൻറിലെ വടക്ക് കിഴക്കൻ പൊലീസ് സ്റ്റേഷനിൽ ഒരു ഫോൺകോൾ വന്നു. പരിഭ്രാന്തനായ ഒരു മധ്യവയസ്കനായിരുന്നു മറുവശത്ത്. പശുവും മറ്റ് വളർത്ത് മൃഗങ്ങളുമടങ്ങിയ തെൻറ ഫാമിൽ ഒരു വലിയ കടുവ കയറിക്കൂടിയിരിക്കുന്നു. എങ്ങനെയെങ്കിലും ആ ഭീകര വന്യമൃത്തിൽ നിന്നും തന്നെ രക്ഷിക്കണമെന്നും അപേക്ഷിച്ച് കൊണ്ടായിരുന്നു ആ കോൾ.
ഫാമിെൻറ ഒരു വശത്തായി രാജാവിനെ പോലെ ഇരിക്കുന്ന കടുവയുടെ ചിത്രങ്ങളും കൃഷിക്കാരൻ കൺട്രോൾ റൂമിലേക്ക് അയച്ച്കൊടുത്തിരുന്നു. ഇത്തരം കാര്യങ്ങളിൽ ‘അതിവിദഗ്ധനായ’ ഒരു പൊലീസുകാരൻ ചിത്രത്തിലുള്ളത് ഒറിജിനൽ കടുവ തന്നെയെന്ന് ഉറപ്പിക്കുക കൂടി ചെയ്തതോടെ പൊലീസ് നായകളടക്കമുള്ള സർവസന്നാഹവും സംഭരിച്ച് കൃഷിക്കാരെൻറ ഫാം ലക്ഷ്യമാക്കി നീങ്ങി.
പോകുന്നതിന് മുമ്പായി അടുത്തുള്ള മൃഗശാലയിൽ വിളിച്ച് അവിടെ നിന്നും ഏതെങ്കിലും കടുവ ചാടിപ്പോയിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിർദേശിച്ചിരുന്നു. കടുവയുടെ ഇരുത്തവും ഭാവവുമൊക്കെ ശക്തമായി പരിശോധിച്ച് അത്താഴം നന്നായി കഴിച്ചതിെൻറ ലക്ഷണമുണ്ടെന്നും ‘വിദഗ്ധർ’ അഭിപ്രായപ്പെട്ടിരുന്നു.
45 മിനിറ്റ് നീണ്ട സാഹസികമായ നിൽപിന് ശേഷം പൊലീസിലെ മറ്റൊരു ‘അതിവിദഗ്ധൻ’ ഫാമിൽ കയറിക്കൂടിയ കടുവ കാട്ടിലെ കടുവയല്ലെന്നും അത് ഏതോ ഒരു വിരുതൻ കൊണ്ട് വെച്ച കടുവയുടെ വലിയ പ്രതിമയാണെന്നും കണ്ടെത്തിയതോടെ പൊലീസിനും കൃഷിക്കാരനും ശ്വാസം വീഴുകയായിരുന്നു.

യു.കെ കോപ് ഹ്യൂമർ എന്ന ഫേസ്ബുക്ക് പേജിലാണ് കടുവയുടെ കളിപ്പാട്ടം വരുത്തിയ വിന പോസ്റ്റ് ചെയ്തത്. കമൻറ് സെക്ഷനിൽ ചിരിപടർത്തിയ പൊലീസിെൻറ അമളി 1000 ലധികം പേരാണ് ഷെയർ ചെയ്തത്.
കൃഷിക്കാരൻ പറ്റിക്കാൻ വിളിച്ചതാവും എന്ന് കരുതിയവർക്ക് മറുപടിയായി അത് സത്യസന്ധമായ ഫോൺ കോൾ ആയിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ഫാമിൽ കൊണ്ടു വെച്ച കടുവ ഒറിജിനൽ തോറ്റുപോകുന്നതായത് കൊണ്ട് പൊലീസും കൃഷിക്കാരനും മറ്റാരുടെയോ ഇരയായി മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
