ബ്രെക്സിറ്റ്: ജൂൺ 30 വരെ സമയം ആവശ്യപ്പെട്ട് മേയ്
text_fieldsലണ്ടൻ: ബ്രെക്സിറ്റിന് ജൂൺ 30 വരെ സമയമഭ്യർഥിച്ച് യൂറോപ്യൻ യൂനിയന് (ഇ.യു) ബ്രിട്ടീഷ ് പ്രധാനമന്ത്രി തെരേസ മേയുടെ കത്ത്. ബ്രെക്സിറ്റ് കരാർ പരാജയപ്പെട്ട സാഹചര്യത്തിൽ ഏപ്രിൽ 12നകം സഖ്യം വിടണമെന്നാണ് ബ്രിട്ടന് ഇ.യു അന്ത്യശാസനം നൽകിയത്. അതേസമയം, കരാർ എം.പിമാർ പിന്തുണക്കുന്ന പക്ഷം മേയ് 23ന് ബ്രിട്ടൻ ഇ.യു വിടുമെന്നും മേയ് കത്തിൽ പ്രതിപാദിക്കുന്നുണ്ട്.
മേയുടെ ബ്രെക്സിറ്റ് കരാർ നാലുതവണയാണ് എം.പിമാർ തള്ളിയത്. കഴിഞ്ഞ മാസവും ബ്രെക്സിറ്റിന് ദീർഘകാലയളവിനായി മേയ് ഇ.യു നേതാക്കളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, കരാർ എം.പിമാർ പിന്തുണച്ചാൽ മേയ് 22 വരെ സമയം നൽകാമെന്നാണ് മറുപടി ലഭിച്ചത്. ബ്രെക്സിറ്റ് നീളുന്നതോടെ ഇ.യു പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബ്രിട്ടന് പങ്കെടുക്കേണ്ടിവരും. അതൊഴിവാക്കാനുള്ള മാർഗങ്ങളും മേയ് നോക്കുന്നുണ്ട്.