യുക്രെയ്ൻ കപ്പലുകൾ റഷ്യ പിടിച്ചെടുത്തു; സംഘർഷം
text_fieldsകിയവ്: മൂന്നു യുക്രെയ്ൻ കപ്പലുകൾ റഷ്യ പിടിച്ചെടുത്തതിനെ തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ. 2014ൽ യുക്രെയ്നിൽനിന്ന് വേർപെട്ട് റഷ്യയോട് കൂട്ടിച്ചേർത്ത ക്രീമിയ ഉപദ്വീപിെൻറ സമീപത്തെ കെർച്ച് കടലിടുക്കിലാണ് സംഭവം. തങ്ങളുടെ സമുദ്രാതിർത്തിയിൽ പ്രവേശിച്ചതാണ് കപ്പലുകൾ പിടിച്ചെടുക്കാൻ കാരണമെന്ന് റഷ്യ വ്യക്തമാക്കി.
കപ്പലുകൾക്കുനേരെ റഷ്യൻ അതിർത്തിരക്ഷാ ബോട്ടുകളിൽനിന്ന് വെടിയുതിർക്കുകയും യുക്രെയ്ൻ നാവികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആറു നാവികർക്ക് പരിക്കേറ്റതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. കപ്പലുകൾ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്നാണ് വെടിയുതിർത്തതെന്നാണ് റഷ്യ വിശദീകരണം നൽകിയത്. റഷ്യൻ നടപടി സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ യുക്രെയ്നിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. തലസ്ഥാനമായ കിയവിൽ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ റഷ്യൻ എംബസി വാഹനത്തിന് തീയിട്ടു. അടിയന്തര സാഹചര്യം പരിഗണിച്ച് യുക്രെയ്ൻ പ്രസിഡൻറ് പെട്രോ പൊറഷൻകോ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിക്കാൻ പാർലമെൻറിനോട് ആവശ്യപ്പെടാനും പ്രസിഡൻറ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സംഘർഷങ്ങൾക്കു പിന്നിൽ അമേരിക്കയാണെന്ന് റഷ്യയെ പിന്തുണക്കുന്ന ക്രീമിയൻ വൃത്തങ്ങൾ ആരോപിച്ചു.
സംഘർഷാവസ്ഥയുടെ സാഹചര്യത്തിൽ യു.എൻ രക്ഷാസമിതി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. റഷ്യയുടെ ആവശ്യപ്രകാരമാണ് രക്ഷാസമിതി ചേരുന്നത്. മേഖലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്ന് നാറ്റോ വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ച 19 കിലോമീറ്റർ നീളമുള്ള ക്രീമിയൻ പാലത്തിനു താഴെ വലിയ കാർഗോ കപ്പൽ നിർത്തി റഷ്യ മാർഗതടസ്സം സൃഷ്ടിച്ചിരുന്നു. കരിങ്കടലിൽ നിന്ന് അവോസ് കടലിലേക്ക് പ്രവേശിക്കാനുള്ള ഇൗ വഴി തടസ്സപ്പെടുത്തിയതാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കംകുറിച്ചത്. ഇരു രാജ്യങ്ങൾക്കും ഉപയോഗിക്കാൻ അവകാശമുള്ള സമുദ്രഭാഗമാണിത്. എന്നാൽ, ക്രീമിയ റഷ്യയോടു ചേർത്തശേഷം യുക്രെയ്നിന് നിയന്ത്രണം നഷ്ടമായിരുന്നു. കെർച്ച് കടലിടുക്ക് യുക്രെയ്നിലേക്ക് ചരക്കുകൾ എത്തിക്കാനുള്ള സുപ്രധാന വഴിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
