അവൻഗാർഡ് ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ച് റഷ്യ
text_fields
മോസ്കോ: അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ച് റഷ്യ. മണിക്കൂറിൽ 33,000 കിലോമീറ്റർ വരെ വേഗത്തിൽ ആണവായുധവുമായി തെന്നിപ്പറക്കാൻ ശേഷിയുള്ള ഗ്ലൈഡർ ‘അവൻഗാർഡ്’ എന്ന പേരിലുള്ള മിസൈൽ പരീക്ഷിച്ച വിവരം പ്രതിരോധമന്ത്രാലയമാണ് അറിയിച്ചത്. എവിടെയാണ് പരീക്ഷണം നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൽ ഘടിപ്പിച്ചാണ് പുതിയ ആയുധം ലക്ഷ്യത്തിലേക്കു കുതിക്കുന്നത്. ഇതിന് 2000 ഡിഗ്രി വരെ ചൂടു താങ്ങാനും 20 ലക്ഷം ടൺ ടി.എൻ.ടിക്കു സമാനമായ സ്ഫോടകശേഷിയുള്ള ആയുധം വഹിക്കാനും കഴിയുമെന്ന് റഷ്യ അവകാശപ്പെട്ടു.
കഴിഞ്ഞ മാർച്ചിൽ ആദ്യമായി അവതരിപ്പിച്ച, ശബ്ദത്തെക്കാൾ 20 മടങ്ങിലധികം വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഗ്ലൈഡറിന് ലംബമായും തിരശ്ചീനമായും അതിവേഗം തെന്നിമാറാനുള്ള കഴിവുള്ളതിനാൽ ഇതിെൻറ സഞ്ചാരപഥം പ്രവചിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ലോകത്തു നിലവിലുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കൊന്നും അവൻഗാർഡ് കണ്ടെത്താനോ പ്രതിരോധിക്കാനോ കഴിയില്ലെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു.
പുതിയ പരീക്ഷണം റഷ്യയെ മറ്റു രാജ്യങ്ങളേക്കാൾ മുന്നിലെത്തിക്കുമെന്ന് റഷ്യൻ പ്രസിഡൻറ് പുടിൻ പറഞ്ഞു.അമേരിക്കയുൾെപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ പുതിയ മിസൈൽ പരീക്ഷണംകൊണ്ട് സാധിക്കുമെന്നാണ് റഷ്യയുടെ വിലയിരുത്തൽ. 2022ൽ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്താനാണ് അമേരിക്കയുടെ പദ്ധതി. ചൈനയും സമാനമായ മിസൈൽ നിർമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
ലോകത്തിലെ ഏറ്റവും വേഗമുള്ള ആണവ മിസൈലുകൾ
1. അവൻഗാർഡ് (റഷ്യ)
വേഗം: മണിക്കൂറിൽ 33,000 കി.മീ.
2. എം51 (ഫ്രാൻസ്)
വേഗം: മണിക്കൂറിൽ 30,870 കി.മീ.
ദൂരപരിധി: 11,000 കി.മീ. കൃത്യത: 200 മീറ്റർ
3. ഡി41 (ചൈന)
വേഗം: മണിക്കൂറിൽ 30,626 കി.മീ.
ദൂരപരിധി: 15,000 കി.മീ. കൃത്യത: 500 മീറ്റർ
4. അഗ്നി-5 (ഇന്ത്യ)
വേഗം: 29,600 കി.മീ. വരെ
ദൂരപരിധി: 8000 കി.മീ. കൃത്യത: 10-80 മീറ്റർ
5. ട്രൈഡൻറ്-ഡി5 (യു.എസ്)
വേഗം: 29,020 കി.മീ.
ദൂരപരിധി: 12,000 കി.മീ. കൃത്യത: 90 മീറ്റർ