ഉത്തര കൊറിയ വീണ്ടും ഹ്രസ്വദൂര മിസൈൽ പരീക്ഷിച്ചു
text_fieldsസോൾ: ഉത്തര കൊറിയ വീണ്ടും ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയാണ് മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് വിവരം പുറത്തുവിട്ടത്. ശനിയാഴ്ച രാവിലെ ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തെ ഹൊഡോ ഉപദ്വീപിൽനിന്ന് മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയൻ അധികൃതർ പറഞ്ഞു. എന്നാൽ, ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണമാണോ നടന്നതെന്ന് വ്യക്തമല്ല. വാർത്ത ശരിയാണെങ്കിൽ 2017 നവംബറിനുശേഷം ഉത്തര െകാറിയ പരീക്ഷിക്കുന്ന ആദ്യ മിസൈലാണിത്. കഴിഞ്ഞ മാസം പുതിയ ആയുധം പരീക്ഷിച്ചതായി ഉത്തര െകാറിയ വെളിപ്പെടുത്തിയിരുന്നു.
മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് യു.എസുമായി ചർച്ച തുടങ്ങിയതായും ദക്ഷിണ കൊറിയ അറിയിച്ചു. ഉത്തര കൊറിയ തുടര്‍ന്നും മിസൈല്‍ പരീക്ഷണത്തിനൊരുങ്ങുന്നുണ്ടോയെന്നും അത്തരം നീക്കമുണ്ടായാല്‍ അതിനെ നേരിടാന്‍ യു.എസ് പക്ഷത്ത് നില്‍ക്കുമെന്നും കൂട്ടിച്ചേർത്തു.
അനുനയചര്ച്ചകള്ക്കും ധാരണകള്‍ക്കുമൊടുവില്‍ ആണവായുധങ്ങളോ ബാലിസ്റ്റിക് മിസൈലുകളോ പരീക്ഷിക്കില്ലെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നല്കിയ ഉറപ്പ് ലംഘിച്ചുവെന്നാണ് വിലയിരുത്തല്‍. ജപ്പാന് അധീനതയിലുള്ള സമുദ്ര മേഖലയിലാണോ ഉത്തര കൊറിയ പരീക്ഷണം നടത്തിയതെന്ന കാര്യം അന്വേഷിച്ചുവരുകയാണെന്ന് ജപ്പാൻ വക്താവ് അറിയിച്ചു. മിസൈല്‍ പരീക്ഷണം ജപ്പാനെ ഏതെങ്കിലും തരത്തില്‍ ബാധിക്കാനിടയുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് യു.എസും വ്യക്തമാക്കി.
ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി ഹാനോയിൽ നടന്ന ഉച്ചകോടി പരാജയമായിരുന്നു. ഉപരോധത്തില്‍ അയവുവരുത്തണമെന്ന ഉത്തര കൊറിയയുടെ ആവശ്യം യു.എസ് തള്ളുകയും ചെയ്തു.