ട്രംപ് ഇല്ലാതെ ബ്രിട്ടനിലെ പുതിയ എംബസി തുറന്നു
text_fieldsലണ്ടൻ: പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അസാന്നിധ്യത്തിൽ ബ്രിട്ടനിലെ പുതിയ അമേരിക്കൻ എംബസി തുറന്നു. നിലവിലെ എംബസി ‘ചുളുവിലക്ക്’ വിറ്റ് ഒബാമ ഭരണകൂടം പുതിയ എംബസി വാങ്ങിയത് ‘മോശം ഇടപാടാ’യിരുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ട്രംപ് അത് ഉദ്ഘാടനം ചെയ്യാനായി ലണ്ടനിലേക്കില്ലെന്ന് ട്വിറ്റർ വഴി പ്രഖ്യാപിച്ചിരുന്നത്. തുടർന്ന് ചൊവ്വാഴ്ച ട്രംപ് ഇല്ലാതെതന്നെ എംബസി തുറന്ന് പ്രവർത്തനമാരംഭിക്കുകയായിരുന്നു.
സെൻട്രൽ ലണ്ടനിലെ പ്രധാന കേന്ദ്രമായ മെയ്ഫെയറിലെ ഗ്രോസ്വെനർ സ്ക്വയറിൽനിന്ന് തെംസ് നദിക്ക് തെക്കുള്ള തിരക്കുകുറഞ്ഞ നയൻ എലംസിലേക്ക് എംബസി മാറ്റുന്നതിനുള്ള 120 കോടി ഡോളറിെൻറ ഇടപാടിന് പച്ചക്കൊടി കാണിച്ചത് ഒബാമ ഭരണകൂടമാണ്. നേരത്തേ ജോർജ് ബുഷിെൻറ കാലത്ത് ഇൗ നീക്കം നടന്നിരുന്നുവെങ്കിലും ഒബാമയുടെ കാലത്താണ് യാഥാർഥ്യമായത്. സുരക്ഷ, പരിസ്ഥിതി കാരണങ്ങളെ തുടർന്നാണ് എംബസി മാറ്റാൻ തീരുമാനിച്ചത്. ഖത്തറിലെ ദിയാർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് കമ്പനിക്കാണ് പഴയ എംബസി കെട്ടിടം വിറ്റത്. ആഡംബര ഹോട്ടലാക്കി മാറ്റാനാണ് കമ്പനിയുടെ പദ്ധതി.
