ബ്രെക്സിറ്റ്, സ്വന്തം വീട്ടിലേക്ക് മടങ്ങുക’ ഇന്ത്യൻ വിദ്യാർഥിക്കുനേരെ വെള്ളക്കാരെൻറ ആക്രോശം
text_fieldsലണ്ടൻ: ശിരോവസ്ത്രം ധരിച്ച മുസ്ലിം സ്ത്രീക്കുനേരെ അശ്ലീല പരാമർശം നടത്തിയതിനെ ചെറുത്ത ഇന്ത്യൻ വംശജനായ വിദ്യാർഥിക്കുനേരെ ബ്രിട്ടീഷ് പൗരെൻറ വംശീയാധിക്ഷേപം. േകംബ്രിജ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായ രാകേഷ് അധ്വാനിക്കാണ് ദുരനുഭവം. േകംബ്രിജ് ആശുപത്രിയിലെത്തിയ ശിരോവസ്ത്രധാരിയായ സ്ത്രീയെ നോക്കി ലൈംഗിക ചുവയുള്ള പരാമർശം നടത്തിയ ബ്രിട്ടീഷ് പൗരനോട് അത് ശരിയല്ലെന്ന് രാകേഷ് ചൂണ്ടിക്കാട്ടിയതാണ് വംശീയാധിക്ഷേപത്തിൽ കലാശിച്ചത്. ബ്രെക്സിറ്റിെൻറ പേരും പറഞ്ഞ് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവാൻ ബ്രിട്ടീഷ് പൗരൻ ആക്രോശിക്കുകയായിരുന്നു.
എന്നാൽ, അവിടെയുണ്ടായിരുന്ന ആരുംതന്നെ പ്രതികരിച്ചില്ലെന്നും അയാൾ ചെയ്തത് തെറ്റാണെന്ന് പറയാൻ താൻ മാത്രമേ ഉണ്ടായിരുന്നൂവെന്നും പറഞ്ഞ രാകേഷ് ഇതു തന്നെ ഞെട്ടിച്ചുവെന്നും പ്രതികരിച്ചു.
പൊലീസിനെ വിളിക്കാൻ പറഞ്ഞിട്ടും ആരും അനങ്ങിയില്ലത്രെ. അന്വേഷണം നടക്കുന്നതായും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും പൊലീസ് വക്താവ് അറിയിച്ചു. ആശുപത്രി അധികൃതരിൽ ഒരാൾ സംഭവത്തിൽ ഖേദംപ്രകടിപ്പിച്ചു.
