ആഭ്യന്തര ഭിന്നതകൾക്കിടെ 70ാം വാർഷികവുമായി നാറ്റോ സഖ്യം; ഉച്ചകോടിക്കായി നേതാക്കൾ ലണ്ടനിലെത്തി
text_fieldsലണ്ടൻ: അംഗ രാജ്യങ്ങൾക്കിടയിലെ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കെ നാറ്റോ പ്രതിരോധ സ ഖ്യത്തിെൻറ 70ാം വാർഷിക ഉച്ചകോടിക്കായി നേതാക്കൾ ലണ്ടനിൽ. ചൊവ്വ, ബുധൻ ദിനങ്ങളിൽ വടക്കുപടിഞ്ഞാറൻ ലണ്ടനിലെ വാറ്റ്ഫോഡിലാണ് ഉച്ചകോടി.
നാറ്റോ സഖ്യത്തിലേക്ക് യൂറോപ്പിൽ നിന്നുള്ള അംഗരാജ്യങ്ങൾ വേണ്ടത്ര സാമ്പത്തിക പിന്തുണ നൽകുന്നില്ലെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രസ്താവനകളുടേയും വടക്കൻ സിറിയയിലെ കുർദ് മേഖലകളിൽ നടത്തിയ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള അസ്വാരസ്യങ്ങളുടേയും നടുവിലാണ് ഉച്ചകോടി ചേരുന്നത്.
തനിക്കെതിരായ ഇംപീച്മെൻറ് നടപടിക്രമങ്ങൾക്ക് നടുവിൽ ട്രംപ് ലണ്ടനിലെത്തുേമ്പാൾ, 10 ദിനം കഴിഞ്ഞ് നടക്കുന്ന നിർണായക പൊതുതെരഞ്ഞെടുപ്പിെൻറ പ്രചാരണത്തിനിടയിൽനിന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആതിഥേയെൻറ വേഷമണിയുന്നത്.
തെരഞ്ഞെടുപ്പിെൻറ പടിവാതിലിൽ നിൽക്കെ, ട്രംപ് സാന്നിധ്യം തെൻറ പ്രചാരണത്തെ ബാധിക്കുമോയെന്ന ആശങ്ക ജോൺസണുണ്ട്. യു.എസുമായുള്ള വ്യാപാര കരാറിന് പകരമായി ബ്രിട്ടെൻറ ദേശീയ ആരോഗ്യ മേഖലയിൽ അമേരിക്കൻ മരുന്നു കമ്പനികൾക്ക് ലാഭകരമായ രീതിയിൽ പ്രവേശനം നൽകാൻ ജോൺസൺ സന്നദ്ധമാണെന്ന് ലേബർ പാർട്ടിയുടെ പ്രചാരണം ശക്തമായ സാഹചര്യത്തിൽ വിശേഷിച്ചും. ആരോപണം ജോൺസൺ നിഷേധിച്ചിട്ടുണ്ട്.
കുർദിഷ് സായുധ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള വാക്പോര് ഇതിന് പുറമെയാണ്. കുർദ് മേഖലയിൽ തുർക്കി നടത്തിയ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ, നാറ്റോക്ക് ‘മസ്തിഷ്ക മരണം’ സംഭവിച്ചുവെന്നാണ് കഴിഞ്ഞമാസം മാക്രോൺ പറഞ്ഞത്. ഭീകരവാദത്തിനെതിരെ ഇടുങ്ങിയ ബോധ്യങ്ങൾ മാത്രമുള്ള മാക്രോണിനാണ് മസ്തിഷ്ക മരണം സംഭവിച്ചതെന്ന് ഉർദുഗാനും തിരിച്ചടിച്ചിരുന്നു. കുർദ് സായുധ വിഭാഗമായ വൈ.പി.ജിയൊ ഭീകരരായി നാറ്റോ പ്രഖ്യാപിക്കണമെന്ന തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ റഷ്യൻ ആക്രമണത്തിൽനിന്ന് പോളണ്ട്, ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നീ രാജ്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകില്ലെന്ന് ഉച്ചകോടിക്കായി അങ്കാറയിൽനിന്ന് പുറപ്പെടും മുമ്പ് ഉർദുഗാൻ പ്രസ്താവിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ലണ്ടനിലെത്തിയ ട്രംപിന് ബക്കിങ്ഹാം കൊട്ടാരത്തിൽ ചൊവ്വാഴ്ച രാത്രി എലിസബത്ത് രാജ്ഞി വിരുന്നൊരുക്കി. പ്രധാനമന്ത്രിയുടെ വസതിയിൽ ഉർദുഗാൻ, മാക്രോൺ എന്നിവർക്ക് പുറമെ ജർമൻ ചാൻസലർ അംഗലാ മെർകലിനും ജോൺസൺ വിരുന്നൊരുക്കി. 1949ൽ 12 അംഗങ്ങളുമായി രൂപവത്കരിച്ച സൈനിക സഖ്യത്തിൽ നിലവിൽ 29 രാജ്യങ്ങളുണ്ട്.