അർബുദത്തെ ജീവകാരുണ്യത്താൽ തോൽപിച്ച അലി ബനാത് ഇനി ജ്വലിക്കുന്ന ഒാർമ
text_fieldsസിഡ്നി: യൗവനാരംഭത്തിൽ കൂടെ കിട്ടിയ അർബുദത്തെ ജീവകാരുണ്യംകൊണ്ട് തോൽപിച്ച് ലോകം മുഴുക്കെ പതിനായിരങ്ങൾക്ക് പ്രതീക്ഷ പകർന്ന അലി ബനാത് വിടവാങ്ങി. ആസ്ട്രേലിയയിൽ വ്യവസായിയായി തുടങ്ങി ആഫ്രിക്കയിലെ കൊടുംദാരിദ്ര്യം അടയാളപ്പെടുത്തിയ ഗ്രാമങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചാണ് സ്നേഹത്തിെൻറ മാലാഖയായി വാഴ്ത്തപ്പെട്ട യുവാവ് വിടവാങ്ങുന്നത്.
2015ൽ 29ാം വയസ്സിൽ അർബുദം സ്ഥിരീകരിച്ച ഡോക്ടർമാർ ഏഴുമാസം മാത്രമാണ് അലി ബനാതിന് ആയുസ്സ് പ്രവചിച്ചത്. ഡിസൈനർ വസ്ത്രങ്ങളും അത്യാഡംബര സ്പോർട്സ് കാറുകളുമായി അതുവരെയും ‘അടിച്ചുപൊളിച്ച’ യുവാവ് അവയെല്ലാം ഇനി പാവപ്പെട്ടവർക്കാണെന്ന് തീരുമാനിച്ചു. ലക്ഷങ്ങൾ വിലമതിക്കുന്ന കൈവളയും നാലു കോടിയുടെ ഫെറാരിയും ലൂയിസ് വ്യൂട്ടെൻറ ഡിസൈനർ വസ്ത്രങ്ങളും വിറ്റഴിച്ച് കിട്ടിയ പണവുമായി ആഫ്രിക്കയിലേക്ക് വിമാനം കയറി.
പാവപ്പെട്ടവർക്ക് സഹായമെത്തിക്കാൻ പൊതുവേദിയെന്ന നിലക്ക് ‘മുസ്ലിംസ് എറൗണ്ട് വേൾഡ്’ എന്ന സംഘടനക്ക് രൂപംനൽകി. തെൻറ പക്കലുള്ളതിനു പുറമെ മറ്റുള്ളവരും സഹായമെത്തിച്ചതോടെ നൂറുകണക്കിന് കുടുംബാംഗങ്ങൾക്ക് വീടും അടിസ്ഥാന സൗകര്യങ്ങളുമൊരുങ്ങി. വിധവകളായ 200 പേർക്ക് വീടും 600 അനാഥ മക്കൾക്ക് പഠിക്കാൻ സ്കൂളും മസ്ജിദും ഹോസ്പിറ്റലും പിന്നെ ഇൗ കുടുംബങ്ങൾക്ക് സ്ഥിര വരുമാനം നൽകുന്ന വ്യവസായവും തുടങ്ങാനുള്ള പ്രവർത്തനങ്ങൾക്കായിരുന്നു മുൻഗണന.
യൂട്യൂബ് ചാനലായ ‘വൺ പാത് നെറ്റ്വർകി’ൽ അപ്ലോഡ് ചെയ്ത വിഡിയോയാണ് അലിയെ ലോകത്തിന് സുപരിചിതനാക്കിയത്. ‘അർബുദം തനിക്ക് ദൈവിക ദാന’മാണെന്നായിരുന്നു അലിയുടെ വാക്കുകൾ. രോഗം തിരിച്ചറിഞ്ഞ് സേവനത്തിനൊരുങ്ങിയതോടെ ആദ്യമായി യുവാവ് എത്തിയത് ആഫ്രിക്കയിലെ ടോഗോയിലായിരുന്നു. 2008ൽ 80 ശതമാനവും ദരിദ്രരായിരുന്ന നാട്. അതിനെ ഭാഗികമായെങ്കിലും മാന്യമായ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചാണ് അലി ബനാത് മടങ്ങുന്നത്. ടോഗോക്കു പുറമെ ഘാന, ബുർകിനഫാസോ എന്നീ രാജ്യങ്ങളിലും യുവാവിെൻറ സംഘടന പ്രവർത്തനങ്ങളുമായി സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
