യുദ്ധക്കുറ്റ വിചാരണ; കൊസോവോ പ്രധാനമന്ത്രി രാജിവെച്ചു
text_fieldsപ്രിഷ്തിന: യുദ്ധക്കുറ്റത്തിന് ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ വിചാരണ നേരിടുന്ന കൊസോവോ പ്രധാനമന്ത്രി രാമുഷ് ഹര ദിനാജ് രാജിവെച്ചു. താൻ സ്ഥാനമൊഴിയുകയാണെന്നും ഒരു സാധാരണ പൗരനായി കോടതിയിൽ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്ക ി. തനിക്കെതിരായ യുദ്ധക്കുറ്റങ്ങൾ അദ്ദേഹം നിഷേധിച്ചു. പൊതു തിരഞ്ഞെടുപ്പിൻെറ തീയതി നിശ്ചയിക്കുന്നതിനുള്ള ഉത്ത രവാദിത്തം പ്രസിഡൻറിനാണെന്നും തന്നെ കോടതി അടുത്തയാഴ്ച ചോദ്യം ചെയ്യുമെന്നും ഹരദിനാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.
1998-1999 ലെ കൊസോവോ പോരാട്ടത്തിൽ വിമത കമാൻഡറായിരുന്ന അദ്ദേഹത്തെ ഹേഗിലെ കോടതിയാണ് വിചാരണ ചെയ്യുന്നത്. ന്യൂനപക്ഷങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ കൊസോവോ ലിബറേഷൻ ആർമി (കെ.എൽ.എ) നടത്തിയ യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിനായി പ്രത്യേക കോടതി 2015ലാണ് രൂപീകരിച്ചത്. യൂറോപ്യൻ യൂണിയൻ പിന്തുണയോടെയാണ് കോടതി രൂപീകരിക്കപ്പെട്ടത്.
സെർബിയക്കെതിരായ യുദ്ധത്തിൽ ഹരദിനാജ് കെ.എൽ.എ കമാൻഡറായിരുന്നു എന്നാണ് ആരോപണം. സെർബിയൻ ജനതയെ കൊന്നെടുക്കുന്നതിനും പീഡിപ്പിക്കുന്നതിനും ഇയാൾ മേൽനോട്ടം വഹിച്ചതായി സെർബിയ ആരോപിക്കുന്നു.
ഹേഗിൽ നടന്ന യുദ്ധക്കുറ്റക്കേസിൽ രണ്ടുതവണ ഇയാൾ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. 2008, 2012 വർഷങ്ങളിലായിരുന്നു ഇത്. എന്നാൽ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളുണ്ടെന്ന സെർബിയൻ വാദത്തെ തുടർന്നാണ് പുതിയ വിചാരണ. തനിക്കെതിരായ ആരോപണം നിഷേധിക്കുന്ന അദ്ദേഹം 2005ലും സമാന സാഹചര്യത്തിൽ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
മുമ്പ് സെർബിയയുടെ പ്രവിശ്യയായിരുന്നു കൊസോവോ. സെർബിയൻ സർക്കാറിൻെറ വർഷങ്ങൾ നീണ്ട അടിച്ചമർത്തലിനെതിരെ 1998ൽ പരസ്യമായി കോസാവോകൾ രംഗത്തെത്തി. രണ്ടുമാസം നീണ്ട സംഘർഷത്തിൽ 10,000 പേർ മരിക്കുകയും 1,700 പേരെ കാണാതാവുകയും ചെയ്തിരുന്നു. 1999ൽ നാറ്റോ നടത്തിയ വ്യോമാക്രമണത്തിനുശേഷമാണ് കൊസോവോയിൽ നിന്ന് സൈന്യം പിന്മാറിയത്.
2008ൽ കൊസോവോ സെർബിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്നാൽ സെർബിയ ഇത് ഒരിക്കലും അംഗീകരിച്ചിട്ടില്ല. സെർബിയയുടെ അറസ്റ്റ് വാറണ്ടിൽ 2017ൽ ഫ്രാൻസിൽ ഒരാഴ്ചയിലേറെ ഹരദിനാജിനെ തടവിലാക്കിയിരുന്നു.