ഇറ്റലി ഇന്ന് പോളിങ് ബൂത്തിലേക്ക്
text_fieldsറോം: സാമ്പത്തിക-രാഷ്ട്രീയ അസ്ഥിരത രൂക്ഷമായി തുടരുന്ന ഇറ്റലി ഞായറാഴ്ച പോളിങ് ബൂത്തിലേക്ക്. യൂറോപ്പ് ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണിത്. രാവിലെ ആറിനാണ് വോെട്ടടുപ്പ്. തിങ്കളാഴ്ച വൈകീേട്ടാടെ ഫലമറിയാം. കുടിയേറ്റവും യുവാക്കളുടെ തൊഴിലില്ലായ്മയുമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന പ്രധാന പ്രശ്നങ്ങൾ.
പെൻഷൻ വർധിപ്പിക്കുന്നതും കുടിയേറ്റക്കാരെ ഒന്നടങ്കം നാടുകടത്തുന്നതുമടക്കം എണ്ണമറ്റ വാഗ്ദാനങ്ങളാണ് പാർട്ടികൾ മുന്നോട്ടുവെക്കുന്നത്. മുൻ പ്രധാനമന്ത്രി ബെർലുസ് കോണി നേതൃത്വംനൽകുന്ന മധ്യവലതുപക്ഷസഖ്യത്തിന് നേരിയ മുൻതൂക്കം ലഭിക്കുമെന്നാണ് പ്രവചനം. മാറ്റിയോ സാൽവിനി നയിക്കുന്ന തീവ്രവലതുപക്ഷ പാർട്ടിയായ നോർതേൺ ലീഗ്(ലാ ലിഗ)യും സഖ്യത്തിനൊപ്പമുണ്ട്. യൂറോകേന്ദ്രിതവും സ്വതന്ത്രവ്യാപാരവിരുദ്ധവും റഷ്യൻ അനുകൂല മനോഭാവവും വെച്ചുപുലർത്തുന്ന പാർട്ടിയാണിത്.
േപാപുലിസ്റ്റ് പാർട്ടിയായ ഫൈവ് സ്റ്റാർ മൂവ്മെൻറ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് വിലയിരുത്തൽ. അഴിമതി തുടച്ചുനീക്കുമെന്നാണ് ഫൈവ്സ്റ്റാർ പാർട്ടിയുടെ വാഗ്ദാനം. യൂറോസോൺ പ്രശ്നം പരിഹരിക്കാൻ യൂറോക്ക് പകരം ബദൽമാർഗങ്ങളാണ് ലാലിഗയും ഫൈവ്സ്റ്റാർ മൂവ്മെൻറും മുന്നോട്ടുവെക്കുന്നത്. മീസിൽസ് രോഗം പെരുകുന്നതിനിടയിലും നിർബന്ധിത കുത്തിവെപ്പ് ഒഴിവാക്കുമെന്നാണ് പാർട്ടികളുടെ മറ്റൊരു വാഗ്ദാനം.
നികുതിവെട്ടിപ്പിൽ അന്വേഷണം നേരിടുന്ന 81 കാരനായ ബെർലുസ്കോണിക്ക് മത്സരിക്കാൻ വിലക്കുള്ളതിനാൽ യൂറോപ്യൻ പാർലമെൻറ് പ്രസിഡൻറ് അേൻറാണിയോ താജാനിയെ മുന്നിൽനിർത്തിയാണ് കരുനീക്കം. വിജയിക്കുകയാണെങ്കിൽ താജാനി പ്രധാനമന്ത്രിയായേക്കും. ഭരണഘടന ഭേദഗതിക്കായി നടത്തിയ ഹിതപരിശോധനയിൽ പരാജയപ്പെട്ട മാറ്റിയോ റെൻസി പ്രധാനമന്ത്രിപദം രാജിവെച്ച 2016 ഡിസംബർ മുതൽ ഇറ്റലിയിൽ കാവൽമന്ത്രിസഭയാണ്. പൗലോ ജെൻറിലോണിയാണ് കാവൽ പ്രധാനമന്ത്രി. 2013ൽ നടന്ന തെരഞ്ഞെടുപ്പ് മാറ്റിയോ റെൻസി 4.2 ശതമാനം വോട്ടിെൻറ നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
സാമ്പത്തികപ്രതിസന്ധി രൂക്ഷമായി തുടരുന്ന രാജ്യത്ത് തൊഴിലില്ലായ്മനിരക്കും കുതിച്ചുയരുകയാണ്. 11ശതമാനമാണ് നിലവിലെ തൊഴിലില്ലായ്മ നിരക്ക്. ഏറെ സങ്കീർണമാണ് ഇറ്റലിയിലെ തെരഞ്ഞെടുപ്പ് നിയമം. കൂട്ടുകക്ഷിക്കോ ഒറ്റക്കക്ഷിക്കോ കേവലഭൂരിപക്ഷം നേടാൻ കഴിയില്ല. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന സഖ്യമോ പാർട്ടിയോ മറ്റ് കക്ഷികളുമായി ചേർന്നാണ് ഭരിക്കുന്നത്. റെൻസിയുടെ ഡെമോക്രാറ്റിക് പാർട്ടി 24ശതമാനം വോട്ടുകൾ നേടുമെന്നും റിപ്പോർട്ടുണ്ട്.
630 അംഗ ജനപ്രതിനിധി സഭയിലേക്കും 315 അംഗ സെനറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ്. 61 ശതമാനം സീറ്റിൽ ആനുപാതിക പ്രാതിനിധ്യപ്രകാരം പാർട്ടികളുടെ പട്ടികയിൽനിന്ന് വിജയികളെ പ്രഖ്യാപിക്കും. 37 ശതമാനത്തിൽ മുന്നിലെത്തുന്നയാൾ വിജയിക്കും. രണ്ടു ശതമാനം ഇറ്റലിക്ക് പുറത്തുള്ളവർക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
