ഇറ്റലി വോട്ട് ചെയ്തു; ഫലം ഇന്ന്
text_fieldsറോം: കുടിയേറ്റവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പ്രചാരണ വിഷയമായ പൊതുതെരഞ്ഞെടുപ്പിൽ ഇറ്റലി വോട്ടുചെയ്തു. മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോനി നയിക്കുന്ന വലതുപക്ഷത്തിെൻറ തിരിച്ചുവരവിന് സാധ്യത കൽപിക്കപ്പെടുന്ന തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം സമീപകാലത്തെ കുറഞ്ഞ നിരക്കിലാണെന്നാണ് പ്രാഥമിക സൂചനകൾ. ബെർലുസ്കോനിയുടെ മധ്യ വലതുപക്ഷ കക്ഷിയും തീവ്രവലതു പക്ഷങ്ങളും ചേർന്ന് പാർലമെൻറിലെ വലിയ മുന്നണിയാകുമെന്നും പുതുതായി നിലവിൽ വന്ന ഫൈവ് സ്റ്റാർ മൂവ്മെൻറ് ഏറ്റവും വലിയ കക്ഷിയാകുമെന്നും കരുതുന്ന പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്നറിയാം.
അഴിമതിയും വർധിച്ചുവരുന്ന ദാരിദ്ര്യവും യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയെ അപകട മുനമ്പിൽ നിർത്തിയ ഘട്ടത്തിലുള്ള തെരഞ്ഞെടുപ്പ് ഏറെ ആകാംക്ഷയോടെയാണ് അയൽരാജ്യങ്ങൾ കാണുന്നത്. യൂറോപ്പിൽ തീവ്രവലതുപക്ഷം അധികാരമേറുന്ന ആദ്യ രാജ്യമായി ഇറ്റലി മാറുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളുയർത്തി രംഗത്തുവന്ന നവ നാസികൾ ഇറ്റലിയിൽ ക്രമേണ കരുത്താർജിച്ചുവരുകയാണ്. അടുത്തിടെ രാജ്യത്ത് നടന്ന നവനാസി ആക്രമണത്തിൽ ആറ് ആഫ്രിക്കൻ വംശജർക്ക് പരിക്കേറ്റിരുന്നു.
ലൈംഗികാരോപണങ്ങളും നികുതിവെട്ടിപ്പും കാരണം 2011ൽ അധികാരം വിടാൻ നിർബന്ധിതനായ 81കാരനായ ബെർലുസ്കോനി വീണ്ടും തിരിച്ചുവരുന്നുവെന്നതാണ് ഇത്തവണ തെരഞ്ഞെടുപ്പിെൻറ പ്രധാന സവിശേഷത. നികുതി വെട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ടതിനാൽ ഇനി ഒൗദ്യോഗിക പദവികൾ വഹിക്കാനാവില്ലെന്നത് അലട്ടുന്നുണ്ടെങ്കിലും ഡമ്മി സ്ഥാനാർഥിയെ നിർത്തി പിന്നാമ്പുറത്തിരുന്ന് ഭരിക്കാനാണ് അദ്ദേഹത്തിെൻറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
